കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്യോതി ബസു - രാഷ്ട്രീയ നഭസ്സിലെ ചുവന്ന നക്ഷത്രം

Google Oneindia Malayalam News

Jyoti Basu
ഏഴ് പതിറ്റാണ്ടിന്റെ സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തിനൊടുവില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കുലപതി വിടവാങ്ങുമ്പോള്‍ രാഷ്ട്രത്തിന് വിശിഷ്യ പശ്ചിമ ബംഗാളിന് നഷ്ടമാവുന്നത് പകരം വെയ്ക്കാനില്ലാത്ത ജനകീയ നേതാവിനെയാണ്.

കമ്മ്യൂണിസ്റ്റ് പാട്രിയാര്‍ക്ക് വിടവാങ്ങി, യുഗത്തിന്റെ അന്ത്യം, ചുവന്ന നക്ഷത്രം മങ്ങുമ്പോള്‍ എന്നിങ്ങനെയുള്ള വാക്കുകളാണ് ബസുവിന്റെ വേര്‍പാടിനെ രാജ്യമെങ്ങുമുള്ള നേതാക്കളും മാധ്യമങ്ങളും വേദനയോടെ വിശേഷിപ്പിയ്ക്കുന്നത്. എന്നാല്‍ ബസുവിന്റെ ജീവിതത്തിലൂടെ കണ്ണോടിയ്ക്കുമ്പോള്‍ കാര്‍ക്കശ്യക്കാരനായ കമ്മ്യൂണിസ്റ്റ് നേതാവിനെയും ജനകീയനായ മുഖ്യമന്ത്രിയേയും തൊഴിലാളി നേതാവിനെയുമൊക്കെയായിരിക്കും നമുക്ക് കാണാന്‍ സാധിയ്ക്കുക.

ഇപ്പോള്‍ ബംഗ്ലാദേശിലുള്ള ഇഷാഖാന്‍ ബാര്‍ഡിയയില്‍ നിഷികാന്ത- ഹേംലത ദമ്പതികളുടെ മകനായി 1914ന് ജൂലൈ എട്ടിനാണ് ബസു ജനിച്ചത്. കൊല്‍ക്കത്തയിലെ ലോററ്റോ കിന്റര്‍ഗാര്‍ട്ടനിലും സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ബസു ഹിന്ദു കോളെജില്‍(ഇപ്പോള്‍ പ്രസിഡന്‍സി കോളെജ്) ഇംഗ്ലീഷ് ഓണേഴ്‌സിന് ചേര്‍ന്നു. 1935ല്‍ ബിരുദം നേടിയ ശേഷം ലണ്ടനിലെ പ്രശസ്തമായ മിഡില്‍ ടെമ്പിളില്‍ നിയമ ബിരുദപഠനത്തിന് അദ്ദേഹം ചേര്‍ന്നു.

ബസുവിനുള്ളിലെ കമ്മ്യൂണിസ്റ്റുകാരനെ ഉരുവപ്പെടുത്തുന്നതില്‍ ബ്രിട്ടനിലെ ജീവിതം വലിയ പങ്കാണ് വഹിച്ചത്. ലണ്ടനിലെ പഠനകാലയളവില്‍ മാര്‍ക്‌സിയന്‍ ആശയങ്ങളില്‍ ആകൃഷ്ടനായ ബസു വികെ കൃഷ്ണമേനോന്റെ നേതൃത്വത്തിലുള്ള ഇന്ത്യാലീഗില്‍ ചേര്‍ന്നു. ചെറുപ്പകാലം മുതല്‍തന്നെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ബസു 1937ല്‍ ഇന്ത്യന്‍ മജ്‌ലിസ് എന്ന യുവജന സംഘടന രൂപീകരിക്കപ്പെട്ടപ്പോള്‍ സെക്രട്ടറിയായി.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചിരുന്നത് ലണ്ടന്‍ മജ്‌ലിസ് ആയിരുന്നു. 1938ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ലണ്ടനിലെത്തിയപ്പോള്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കുന്നതിന്റെ ചുമതല ബസുവിനായിരുന്നു. സുഭാഷ് ചന്ദ്രബോസ് ലണ്ടനിലെത്തിയപ്പോള്‍ ലണ്ടന്‍ മജ്‌ലിസിന്റെ ആഭിമുഖ്യത്തില്‍ ബസു ഒരു യോഗം വിളിച്ചു ചേര്‍ത്തു. ഇതിനെല്ലാം പുറമെ ഇന്ത്യന്‍ നേതാക്കള്‍ക്ക് ലേബര്‍ പാര്‍ട്ടി അംഗങ്ങളും സോഷ്യലിസ്റ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരവും ബസുവിന്റെ നേതൃത്തില്‍ ഉണ്ടായി.

പിന്നീട് അദ്ദേഹം ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബസു ബന്ധപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനുള്ള തന്റെ ആഗ്രഹം ബസു പ്രകടിപ്പിച്ചെങ്കിലും ബ്രിട്ടന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ അതിനെ അനുകൂലിച്ചില്ല. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്വരാജ്യത്ത് തിരിച്ചെത്തുമ്പോള്‍ ബസുവിന് ഇത് തിരിച്ചടിയാകുമെന്ന്് അവര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊള്ളുന്ന 1940ലാണ് ബസു ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുകയെന്ന തീരുമാനവുമായി ലണ്ടനില്‍ നിന്നെത്തിയ ബസു കുടുംബാംഗങ്ങളെ ഞെട്ടിച്ചുവെന്ന് തന്നെ പറയാം.
അടുത്ത പേജില്‍

ബസു ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക്ബസു ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X