കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രപ്പന്‍-അടിയറവ് പറയാത്ത പോരാളി

  • By Ajith Babu
Google Oneindia Malayalam News

CK Chandrappan
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വളര്‍ന്നുവന്നത് മാര്‍ക്‌സിസം പഠിച്ചിട്ടല്ല. സാധാരണക്കാരുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും മനസ്സിലാക്കി പ്രക്ഷോഭങ്ങള്‍ നടത്തിയും പ്രതിസന്ധികള്‍ പരിഹരിച്ചുമാണ് പാര്‍ട്ടി വളര്‍ന്നത്. മറ്റുപലതും കാണുകയും അനുകരിക്കുകയും ചെയ്യേണ്ടവരല്ല കമ്മ്യൂണിസ്റ്റുകള്‍. അത് കമ്മ്യൂണിസ്റ്റുകളുടെ വഴിയല്ല. ഐക്യംതന്നെയാണ് നമുക്ക് ലക്ഷ്യം. എന്നാലത് അത് അടിയറവുപറയലോ വിധേയമാകലോ അല്ല-സിപിഐ സംസ്ഥാന സെക്രട്ടറിയായി രണ്ടാംവട്ടവും ചുമതലയേറ്റതിന് ശേഷം സഖാവ് ചന്ദ്രപ്പന്‍ പറഞ്ഞ വാക്കുകളാണിത്.

സൗമ്യനും മിതഭാഷിയുമാണെങ്കിലും പറയേണ്ട കാര്യങ്ങള്‍ ആരുടെ മുഖത്തു നോക്കി പറയാനുള്ള ആര്‍ജ്ജവമുള്ള ചുരുക്കം ചില കമ്മ്യൂണിസ്റ്റു നേതാക്കന്മാരിലൊരാളായിരുന്നു ചീരപ്പന്‍ ചിറയില്‍ കുമാരപ്പണിക്കര്‍ ചന്ദ്രപ്പന്‍ എന്ന സി.കെ. ചന്ദ്രപ്പന്‍.

ഇടതുവിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ .ചന്ദ്രപ്പന്‍ ജീവിതാന്ത്യം വരെ വിപ്ലവത്തിന്റെ ജ്വാല കെടാതെ സൂക്ഷിച്ച ജനനേതാവായിരുന്നു.

വയലാര്‍ സ്റ്റാലിന്‍' എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് സി. കെ കുമാരപ്പണിക്കരുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി 1936 നവംബര്‍ 11ന് ജനനം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവനായ അദ്ദേഹം 1956ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ന്ന് എ.ഐ.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ്, എ.ഐ.വൈ.എഫ് ജനറല്‍സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.ഗോവ വിമോചന സമരത്തില്‍ പങ്കെടുത്ത ചന്ദ്രപ്പന്‍ നിരവധി വിദ്യാര്‍ത്ഥിയുവജന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ഡല്‍ഹി തീഹാര്‍ ജയിലിലും, കൊല്‍ക്കത്ത റസിഡന്‍സി ജയിലിലും കാരാഗൃഹവാസം അനുഭവിച്ചിരുന്നു.

മൂന്നുതവണ പാര്‍ലമെന്റിലേക്കും ഒരുതവണ നിയമസഭയിലേക്കും സി.കെ. ചന്ദ്രപ്പന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1971ല്‍ തലശ്ശേരി മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി അദ്ദേഹം പാര്‍ലമെന്റിലെത്തുന്നത്. തലശ്ശേരി മണ്ഡലം കണ്ണൂര്‍ ആയപ്പോള്‍ 1977ലും തെരഞ്ഞെടുക്കപ്പെട്ടു.

2001ല്‍ തൃശ്ശൂര്‍ ലോകസഭാമണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. ഇതിനിടെ 1987ല്‍ ചേര്‍ത്തല നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും വയലാര്‍ രവിയോട് പരാജയപ്പെട്ടു. 1991ല്‍ ഇതേ മണ്ഡലത്തില്‍ വയലാര്‍ രവിയെ തോല്‍പ്പിച്ച് അദ്ദേഹം കേരള നിയമസഭയിലെത്തി. എന്നാല്‍ 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്റണിയോട് പരാജയപ്പെട്ടു.

സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവും കിസാന്‍ സഭാ ദേശീയ പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചു വരികെയാണ് പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി സ്ഥാനം ഇദ്ദേഹത്തെ തേടിയെത്തിയത്. അനാരോഗ്യം മൂലം വെളിയം ഭാര്‍ഗവന്‍ സ്ഥാനമൊഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 2010 നവംബര്‍ 14ന് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ യോഗമാണ് ചന്ദ്രപ്പനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

2012 ഫെബ്രുവരിയില്‍ കൊല്ലത്ത് വെച്ച് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധമായി നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗം അദ്ദേഹത്തെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയുണ്ടായി.

ഇതിന് പിന്നാലെ സിപിഎം നേതൃത്വവുമായി ഇടച്ചില്‍ വന്‍ വാര്‍ത്താപ്രധാന്യം നേടിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള വാക്‌പോര് പലപ്പോഴും അതിരുകടക്കുകയും ചെയ്തു. സിപിഎമ്മിന് നയവ്യതിയാനങ്ങളുണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാണിയ്ക്കാനും തുറന്നുപറയാനും ധൈര്യപ്പെട്ട സിപിഐ നേതാക്കളിലൊരാളായിരുന്നു അദ്ദേഹം.

അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കേയാണ് ചന്ദ്രപ്പന്‍ സിപിഐ കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ സജീവമായി പങ്കെടുത്തത്. സമ്മേളനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മടങ്ങിയെത്തിയ അദ്ദേഹം പിറവം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുത്തിരുന്നു.
പ്രചാരണത്തിനിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയും അവിടെനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റുകയുമായിരുന്നു.

കെടിഡിസി ചെയര്‍മാന്‍, കേരഫെഡ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച ചന്ദ്രപ്പന്‍ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും അഖിലേന്ത്യാ വര്‍ക്കിംഗ് വിമന്‍സിന്റെ നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ. ഇവര്‍ ബംഗാളിയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X