കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കാഞ്ചേരി: മുരളി വിഷമിയ്ക്കും

  • By Staff
Google Oneindia Malayalam News

വടക്കാഞ്ചേരി: കരുണാകരന്‍ പറഞ്ഞതുപോലെ ഈ പൊതുതിരഞ്ഞെടുപ്പും വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പും എന്തുകൊണ്ടും നിര്‍ണ്ണായകമാണ്. ഉപതിരഞ്ഞെടുപ്പില്‍ മകന്‍ മുരളീധരന്‍, ലോക്സഭയില്‍ മുകുന്ദപുരത്ത് നിന്നും മകള്‍ പത്മജ. ഇവര്‍ രണ്ടുപേരും തോറ്റാല്‍ ഐ ഗ്രൂപ്പ് എന്ന ഗ്രൂപ്പിന്റെ കൂമ്പ് വാടുമെന്നതില്‍ സംശയമില്ല.

മുകുന്ദപുരത്തെ ഫലത്തേക്കാള്‍ കൂടുതല്‍ പ്രധാനം വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിലെ ഫലമാണ്. കാരണം മുരളീധരന്‍ തോറ്റാല്‍ ഐ ഗ്രൂപ്പ് തന്നെ നാമവശേഷമാകുന്ന സ്ഥിതിയാണുണ്ടാവുക. ഒപ്പം ലീഡര്‍ എന്ന കരുണാകരനെ തൊഴുത്തില്‍ കെട്ടേണ്ടിയും വരും.

Muraleedharanമുരളിയ്ക്ക് വടക്കാഞ്ചേരി കരിമലകയറ്റം പോലെ കഠിനമായിരിക്കും. കാരണം അത്രമേല്‍ ആരോപണശരങ്ങളും മാധ്യമങ്ങളില്‍ നിന്നുള്ള ചീത്തപ്പേരും കുടുംബരാഷ്ട്രീയത്തിന്റെ വിഴുപ്പുഭാണ്ഡവും എല്ലാം മുരളിയുടെ മേല്‍ പതിച്ചിരിയ്ക്കുന്നു. പക്ഷെ ഈ പരീക്ഷണം മുരളി ജയിച്ചുവന്നാല്‍ അത് കേരളരാഷ്ട്രീയത്തില്‍ ഐ ഗ്രൂപ്പിന്റെ ശക്തി അരക്കിട്ടുറപ്പിയ്ക്കലാവും. മുരളീധരന്‍ എന്ന നേതാവിനെ പിന്നെ കേരളവും കോണ്‍ഗ്രസും ഐ ഗ്രൂപ്പും എക്കാലവും അംഗീകരിയ്ക്കേണ്ടിയും വരും.

ഒടുവിലത്തെ പോസ്റര്‍ വിവാദമാണ് മുരളിയുടെ പേര് കൂടുതല്‍ വഷളാക്കിയിരിക്കുന്നത്. മുരളിയെ കുടുക്കാന്‍ എവിഭാഗം മനപ്പൂര്‍വമാണ് പോസ്റര്‍ വിവാദം ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ഐ ഗ്രൂപ്പ് വാദിയ്ക്കുന്നത്. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് സമയത്ത് ആന്റണി തൊഗാഡിയയെ തൊഴുന്ന പോസ്റര്‍ ആന്റണി തന്നെ വാര്‍ത്താസമ്മേളനത്തില്‍ കൊണ്ടുവരേണ്ട കാര്യമെന്താണ്? ആന്റണി പോസ്ററിന്പിന്നില്‍ കുറ്റപ്പെടുത്തുന്നത് സിപിഎമ്മിനെയാണെങ്കിലും ആന്റണിയുടെ ഉന്നം മുരളിയെ കുടുക്കലാണെന്ന് ഐ ഗ്രൂപ്പ് പറയുന്നു. ഇപ്പോള്‍ ഈ പോസ്റര്‍ തയ്യാറാക്കിയത് ആരെന്ന് തങ്ങള്‍ക്കറിയാമെന്ന് മുരളിയുടെ പഴയ ചങ്ങാതിമാരായ ശരത്ചന്ദ്രപ്രസാദും ഉണ്ണിത്താനും പറഞ്ഞതോടെ കാര്യങ്ങള്‍ പൂര്‍ത്തിയായി. ഇവരുടെ പ്രസ്താവനയുടെ വ്യംഗ്യം പോസ്ററിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുരളിയുടെ കരങ്ങള്‍ ആണെന്നല്ലേ?

എതിരാളി ഇടതുസ്ഥാനാര്‍ത്ഥി എ.സി. മൊയ്തീന്‍ നിസ്സാരക്കാരനല്ല. വടക്കാഞ്ചേരി മണ്ഡലത്തില്‍ നല്ല വേരോട്ടമുള്ള നേതാവാണ് അദ്ദേഹം. ഈ ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമാണ് മൊയ്തീന്‍ മുന്നോട്ട് വയ്ക്കുന്നത്. കുടുംബരാഷ്ട്രീയം, ആന്റണിയുടെ ഭരണം, അതിനെതിരെ വായാടിയവര്‍ ഇപ്പോള്‍ ആന്റണിയുടെ കീഴില്‍ മന്ത്രിയായിരിക്കുന്നത്... തുടങ്ങി എടുത്താല്‍ പൊന്താത്തത്രയും ആരോപണങ്ങളാണ് മുരളിയ്ക്ക് മേല്‍ ഇടതുപക്ഷം ചാര്‍ത്തുന്നത്. ഇതില്‍ നിന്ന് പെട്ടെന്ന് എന്തെങ്കിലും പറഞ്ഞ് തടിയൂരാന്‍ മുരളിയ്ക്കാവില്ല.

ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും മണ്ഡലത്തില്‍ രാഷ്ട്രീയം പറഞ്ഞാണ് വോട്ട് ചോദിയ്ക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിനുള്ളിലെ പൊരുത്തക്കേടുകള്‍ നിരത്തിയും വാജ്പേയി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞുമാണ് ശോഭ ജനങ്ങളെ സമീപിയ്ക്കുന്നത്.

വടക്കാഞ്ചേരിയിലെ ഉപതിരഞ്ഞെടുപ്പ് തങ്ങളുടെ മേല്‍ അടിച്ചേല്പിക്കപ്പെട്ട ഒന്നായാണ് ഇവിടുത്തെ ജനങ്ങള്‍ കരുതുന്നത്. മുരളിയുടെ മന്ത്രിമോഹത്തെ തൃപ്തിപ്പെടുത്താന്‍ മാത്രം തങ്ങള്‍ പോളിംഗ് ബൂത്തിലേയ്ക്ക് പോകേണ്ടിവരുന്നു എന്ന വികാരം ഇവിടുത്തെ ജനങ്ങളിലുണ്ട്. ഇത് ശക്തമാക്കാന്‍ ഇടതുമുന്നണിയുടെ പ്രചാരണത്തിന് കഴിഞ്ഞിട്ടുണ്ട്. 19 മാസം നീണ്ട കോണ്‍ഗ്രസിനുള്ളില്‍ വിഴുപ്പലക്കല്‍ അവസാനിപ്പിച്ച രീതിയില്‍ ജനങ്ങള്‍ക്കിടയിലും കോണ്‍ഗ്രസുകാര്‍ക്കിടയിലും അതൃപ്തിയുണ്ട്. പക്ഷെ യുഡിഎഫിലേയും എല്‍ഡിഎഫിലേയും പല നേതാക്കളും മന്ത്രിയാകുന്നതിന് വേണ്ടി ഇതിന് മുന്‍പും ഉപതിരഞ്ഞെടുപ്പുകള്‍ നടന്നതിന്റെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുരളി ഇതിനെ പ്രതിരോധിയ്ക്കുന്നത്.

മുരളീധരന്‍ മന്ത്രിയെന്ന നിലയില്‍ തന്റെ അധികാരം വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണവും രംഗത്തുണ്ട്. മുരളി വോട്ടര്‍മാരെ സ്വാധീനിയ്ക്കാന്‍ ഇവിടെ സൗജന്യമായി വൈദ്യുതി കണക്ഷന്‍ നല്കുന്നതായി ആരോപണം ഉയരുന്നുണ്ട്.

ഭരണം തികഞ്ഞ പരാജയമാണെന്ന മുരളീധരന്റെ മുന്‍ പ്രസംഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് എല്‍ഡിഎഫ് പ്രചാരണം കൊഴുപ്പിയ്ക്കുന്നത്. ഇടതുപക്ഷം തന്നെ സ്വഭാവഹത്യചെയ്യുകയാണിവിടെ എന്നാണ് മുരളി ആരോപിയ്ക്കുന്നത്. തങ്ങള്‍ വാസ്തവങ്ങള്‍ മാത്രമാണ് നിരത്തുന്നതെന്ന് ഇടതുപക്ഷം പറയുന്നു.

വടക്കാഞ്ചേരിയുടെ വികസനത്തിന് ഈ മന്ത്രിയ്ക്ക് വോട്ട് ചെയ്യൂ എന്നതാണ് യുഡിഎഫ് ഇവിടെ ഉയര്‍ത്തുന്ന മുദ്രാവാക്യം. ബിജെപി അവരുടെ വോട്ടുകള്‍ മുരളിയ്ക്ക് മറിയ്ക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒരു വശത്ത് മുരളിയെ ആക്രമിയ്ക്കുന്നുണ്ടെങ്കിലും മറുവശത്ത് അവര്‍ മുരളിയ്ക്ക് വോട്ടുകള്‍ വില്ക്കുന്നുവെന്നാണ് എല്‍ഡിഎഫ് ആരോപണം. മാറാട് പ്രശ്നത്തില്‍ ഹിന്ദുവിരുദ്ധ നിലപാടെടുത്ത മുരളിയെ തോല്പിയ്ക്കുകയാണ് തങ്ങളുടെ പ്രഥമ ലക്ഷ്യമെന്ന് ബിജെപി പറയുന്നു. മുരളീധരനെതിരെ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ളതങ്ങളുടെ ശ്രമത്തെ ഇടതുപക്ഷം അട്ടിമറിച്ചെന്ന് ബിജെപി ആരോപിയ്ക്കുന്നു.

കേരള പീപ്പിള്‍സ് പാര്‍ട്ടിയ്ക്ക് വേണ്ടി നടന്‍ ദേവന്‍ ഇവിടെ വോട്ടുചോദിയ്ക്കുന്നുണ്ട്. പക്ഷെ ഇപ്പോള്‍ വണ്ടിച്ചെക്ക് കേസില്‍ കുടുങ്ങിയ ദേവന് ഈ സംഭവം ക്ഷീണമാകും. മദ്യനിരോധനസമിതിക്കാര്‍ തോമസ്കുര്യനെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട് ഇവിടെ. യുഡിഎഫ്സര്‍ക്കാരിന്റെ മദ്യനയങ്ങളെ കുറ്റപ്പെടുത്തിയാണ് തോമസ്കുര്യന്‍ ഇവിടെ മത്സരിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X