Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പിറവം കഴിഞ്ഞു; ഇനി കണ്ണ് നെയ്യാറ്റിന്‍കരയില്‍

Posted by:
Published: Wednesday, March 21, 2012, 17:00 [IST]

03 21 Cong Led Udf Wins Kerala By Poll Aid0167
 

നെയ്യാറ്റിന്‍കര: തീപാറിയ പിറവം പോരാട്ടത്തിന് ശേഷം ഇടതുവലതുമുന്നണികളുടെ തേരുകള്‍ നീങ്ങുന്നത് നെയ്യാറ്റിന്‍കരയിലേക്ക്. പിറവം പ്രചാരണം കൊഴുപ്പിച്ച മുന്‍ സിപിഎം എംഎല്‍എ ശെല്‍വരാജിന്റെ രാജിയാണ് നെയ്യാറ്റിന്‍കരയില്‍ പോരിന് തിരികൊളുത്തിയിരിക്കുന്നത്.

പിറവം ഉപതിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കെ നെയ്യാറ്റികര എംഎല്‍എ ആര്‍ ശെല്‍വരാജ് രാജിവച്ചത് ഏറെ രാഷ്ട്രീയകോലാഹലങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിറവത്ത് തോല്‍ക്കുമെന്ന് ഭയന്ന് യുഡിഎഫ് ശെല്‍വരാജിനെ വിലയ്‌ക്കെടുക്കുകയായിരുന്നുവെന്ന പ്രതിപക്ഷ ആരോപണം കേരളമൊട്ടാകെ
ചര്‍ച്ചയായി.

ശെല്‍വരാജിന്റെ രാജിയുടെ പിന്നിലെ കളി പിറവത്തുകാര്‍ തിരിച്ചറിയുമെന്ന എല്‍ഡിഎഫിന്റെ വാദം വെറുതേയായെന്നു മാത്രമല്ല രാജി ഇടതുമുന്നണിയ്ക്ക് ദോഷം വരുത്തുകയും ചെയ്തുവെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 157 വോട്ടിന്റെ ബലത്തില്‍ പിറവം പാലം കടന്ന ഉമ്മന്‍ചാണ്ടിയ്ക്കും കൂട്ടര്‍ക്കും അനൂപിന് ലഭിച്ച 12071 എന്ന
വലിയ ഭൂരിപക്ഷം ആഹ്ലാദിക്കാനുള്ള വക നല്‍കുന്നു.

എന്നാല്‍ പിറവത്തേതിന് സമാനമായ അന്തരീക്ഷമല്ല നെയ്യാറ്റിന്‍കരയിലേത് എന്ന കാര്യം യുഡിഎഫിന് നന്നായറിയാം. ഇടതു മുന്നണിയ്ക്കും പിറവത്തേതിനേക്കാള്‍ പ്രധാനപ്പെട്ട മണ്ഡലമാണ് നെയ്യാറ്റിന്‍കര. വിജെ തങ്കപ്പനും ശെല്‍വരാജും വിജയിച്ചു കയറിയ മണ്ഡലത്തില്‍ ജയം ആവര്‍ത്തിക്കേണ്ടത് ഇടതുമുന്നണിയുടെ അഭിമാനപ്രശ്‌നം കൂടിയാണ്.

ശെല്‍വരാജ് രാജി വച്ചത് പാര്‍ട്ടിയിലെ പടലപിണക്കം മൂലമല്ലെന്നും മറിച്ച് യുഡിഎഫ് അദ്ദേഹത്തെ വിലക്കെടുക്കുകയായിരുന്നുവെന്നുമുള്ള വാദം തന്നെയാണ് പ്രതിപക്ഷത്തിന്റെ തുറുപ്പ് ചീട്ട്. എന്നാല്‍ ശെല്‍വരാജ് യുഡിഎഫിലേയ്ക്ക് ചേക്കേറിയില്ലെങ്കില്‍ ഈ ആരോപണം വിലപ്പോവുകയില്ലെന്നും
പാര്‍ട്ടിയ്ക്കറിയാം.

രാജിവച്ച എംഎല്‍എ ശെല്‍വരാജ് വീണ്ടും മണ്ഡലത്തില്‍ ജനവിധി തേടുമോ എന്നത് ഒരു പ്രധാന ചോദ്യമാണ്. യുഡിഎഫില്‍ ചേക്കേറുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യ ചെയ്യുന്നതാണെന്ന തന്റെ മുന്‍ നിലപാടില്‍ നിന്ന് ശെല്‍വരാജ് പിന്നോട്ടു പോയിരുന്നു.

രാജി വച്ച ശേഷം തന്റെ കൂടെ നില്‍ക്കുന്നവരുടെ പിന്തുണയോടെ ജനകീയ വികസന സമിതി എന്ന പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയിരുന്നു ശെല്‍വരാജ്. എന്നാല്‍ ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ ശെല്‍വരാജ് മണ്ഡലത്തില്‍ മത്സരിക്കുമോ എന്ന കാര്യം വ്യക്തമല്ല. അതിനിടയില്‍ തന്നെ അദ്ദേഹം യുഡിഎഫില്‍ ചേരാനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ല.

എന്നാല്‍ ശെല്‍വരാജായിരിക്കില്ല നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉറപ്പിച്ചു പറയുന്നു. തമ്പാനൂര്‍ രവി, സോളമന്‍ അലക്‌സ് എന്നിവരുടെ പേരുകളാണ് യുഡിഎഫ് സ്ഥാനാര്‍ഥി പദവിയിലേയ്ക്കുയര്‍ന്നു കേള്‍ക്കുന്നത്. പുനര്‍നിര്‍ണ്ണയത്തിന് ശേഷം സാമുദായിക വോട്ടുകള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന മണ്ഡലത്തില്‍ ഇക്കാരണത്താല്‍ തന്നെ സോളമന്‍ അലക്‌സിനാവും മുന്‍തൂക്കമെന്നും വിലയിരുത്തപ്പെടുന്നു.

ശെല്‍വരാജിന്റെ പാത പിന്തുടരാനാഗ്രഹിക്കുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കുന്നതിന് നെയ്യാറ്റിന്‍കരയില്‍ ഇടതുമുന്നണിയ്ക്ക് ജയിച്ചേ തീരൂ. വി രാജേന്ദ്രന്‍, ലോറന്‍സ്, കെ ആന്‍സലന്‍ തുടങ്ങിയവരുടെ പേരുകളാണ് നെയ്യാറ്റിന്‍കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കുന്നത്. അതേസമയം ബിജെപി ഒരു യുവനേതാവിനെയാവും രംഗത്തിറക്കുകയെന്നും സൂചനയുണ്ട്.

പിറവം നല്‍കിയ ഊര്‍ജവുമായി നെയ്യാറ്റിന്‍കരയിലെത്തുന്ന യുഡിഎഫും അഭിമാന പോരാട്ടത്തിനിറങ്ങുന്ന ഇടതുമുന്നണിയും ജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. നെയ്യാറ്റിന്‍കരയിലെ ഉപതിരഞ്ഞെടുപ്പ് തീയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പിറവത്തേതിനേക്കാള്‍ തീപാറുന്ന പോരാട്ടത്തിനാവും മണ്ഡലം സാക്ഷ്യം വഹിക്കുക എന്നുറപ്പാണ്.

English summary
With the winning of Piravam by-poll, all eyes are now on Neyyattinkara where by-poll is due after the resignation of CPI(M) member Selvaraj.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Mumbai Indians: 139 / 7, 17.3 Overs