പടലപിണക്കങ്ങള്‍ക്കും കുതികാല്‍വെട്ടലുകള്‍ക്കും താല്‍ക്കാലിക വിരാമമേകി പിണറായിയും വിഎസ്സും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ ധാരണയാകുന്നു. പി ജയരാജന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരേ, ശക്തമായ പ്രക്ഷോഭമുയര്‍ത്താനും മുന്‍നിരയില്‍ ഇരുവരും ഒരുമിച്ചു നില്‍ക്കാനുമാണ് തീരുമാനം. പാര്‍ട്ടി നയവും പാര്‍ട്ടിക്കെതിരായുള്ള ഗൂഡാലോചനകളെയും തുറന്നു കാണിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി നാടിളക്കി യാത്രയ്ക്കും തീരുമാനമായിട്ടുണ്ട്. ജാഥയുടെ ഉദ്ഘാടനച്ചടങ്ങില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ നേതാവും പങ്കു ചേരുകയും ചെയ്യും.
പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം ഇതിനു മുമ്പ് ആസൂത്രണം ചെയ്ത പല പരിപാടികള്‍ക്കും വിഎസ് അച്യുതാനന്ദന്‍ ഉടക്ക് വെച്ചതായാണ് ചരിത്രം. പാര്‍ട്ടി നിലപാടുകളേക്കാള്‍, തന്നിഷ്ടത്തിനാണ് വിഎസ് പലപ്പോഴും മുന്‍തൂക്കം നല്‍കിയിരുന്നത്. പാര്‍ട്ടിയുടെ വലതുപക്ഷവത്കരണത്തിനെതിരേയും എതിര്‍ചേരിയിലെ പ്രമുഖന്മാരുമായുണ്ടാക്കിയ പരോക്ഷബന്ധത്തിനെതിരേയും പ്രതിഷേധിച്ചാണ് വിഎസ് സ്വന്തം വഴിയെ സഞ്ചരിച്ചത്. അതിന് ഏറെ ജനപിന്തുണയും ലഭിച്ചുവെന്നതും യാഥാര്‍ത്ഥ്യം.
ചന്ദ്രശേഖരന്റെയും ഫസലിന്റെയുമൊക്കെ വധത്തില്‍ പാര്‍ട്ടിയെ സംരക്ഷിക്കുന്ന സമീപനമായിരുന്നില്ല വിഎസ് സ്വീകരിച്ചിരുന്നത്. എന്നാലിപ്പോള്‍ പാര്‍ട്ടിക്കുവേണ്ടി വിഎസ് രംഗത്തിറങ്ങുകയും ചെയ്തിരിക്കുന്നു. ഒരു ഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തുപോകുമെന്നുവരെ പ്രചരണമുയര്‍ന്ന ഒരു നേതാവിന്റെ മനംമാറ്റത്തിന് എന്താണ് കാരണം? സംസ്ഥാന നേതാക്കള്‍ ബഹുഭൂരിപക്ഷവും കര്‍ക്കശമായ അച്ചടക്ക നടപടി വേണമെന്ന് വാദിച്ചിട്ടും കേന്ദ്രകമ്മിറ്റി ഉറച്ചതീരുമാനമെടുത്തതുകൊണ്ടാണ് വിഎസ് ഇപ്പോഴും പാര്‍ട്ടിയില്‍ തുടരുന്നത്. അതേ സമയം ഇനിയുമൊരു അച്ചടക്ക ലംഘനമുണ്ടായാല്‍ ഈ വിധത്തിലൊരു പിന്തുണ ലഭിക്കില്ലെന്ന കാര്യവും വിഎസിനറിയാം. കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുസ്ലീം ലീഗ് നേതാക്കളോട് സിപിഎമ്മിലെ ചില നേതാക്കളുടെ മാനസിക ഐക്യത്തിനെതിരേയാണ് വിഎസ് കേന്ദ്രകമ്മിറ്റിയില്‍ പലപ്പോഴും പരാതി നല്‍കിയിട്ടുള്ളത്. കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള നിയമയുദ്ധത്തിന് പാര്‍ട്ടിയുടെ സഹകരണം ലഭിക്കുന്നില്ലെന്ന പരാതിയും വിഎസ്സിനുണ്ട്.
എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു. ലീഗുനേതാക്കളുമായി പഴയചങ്ങാത്തം സിപിഎം ഔദ്യോഗിക നേതാക്കള്‍ക്ക് ഇപ്പോഴില്ല. സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തെ പ്രമുഖനേതാവാണ് പി ജയരാജന്‍. പിണറായി വിജയന്റെ ഏറ്റവും അടുത്ത വിശ്വസ്തരിലൊരാള്‍. ഷുക്കൂര്‍ വധത്തിലെ അന്വേഷണമുനകള്‍ ജയരാജന് നേരെ നീളാതിരിക്കാന്‍ മുസ്ലീം ലീഗിലെ ചില പ്രമാണിമാര്‍ ശ്രമിച്ചിരുന്നുവെന്നത് പരസ്യമായ രഹസ്യമാണല്ലോ? എന്നാല്‍ ജയരാജനും ടിവി രാജേഷിനുമെതിരേ പരസ്യപ്രതികരണവുമായി യൂത്ത് ലീഗ് നേതാക്കള്‍ രംഗത്തുവന്നതോടെ ലീഗിലെ വലിയ നേതാക്കള്‍ നിസ്സഹായരായി. ഒടുവില്‍ ജയരാജനെ അറസ്റ്റ് ചെയ്യാന്‍ അവര്‍ക്ക് പച്ചക്കൊടി വീശേണ്ടിയും വന്നു.
അങ്ങനെയാണ് യുഡിഎഫ് സര്‍ക്കാര്‍ പി ജയരാജനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്. ഇതോടെ ലീഗു നേതാക്കളുമായി ഔദ്യോഗിക സിപിഎം നേതൃത്വം അകലുകയും ചെയ്തു. ഇതു തന്നെയാണ് വിഎസ് അച്യുതാനന്ദന്‍ ഏറെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നതും. ലീഗുമായുള്ള ആ അകല്‍ച്ച ഒരു പക്ഷേ, താത്കാലികമായിരിക്കാം. പക്ഷേ, ഈ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്തി രാഷ്ട്രീയപോരാട്ടം ശക്തമാക്കാന്‍ തന്നെയാണ് വിഎസിന്റെ തീരുമാനം. അതുകൊണ്ടു തന്നെ പിണങ്ങി മാറിനിന്ന് മുനവെച്ച് ആരോപണമുന്നയിച്ചിരുന്നവര്‍, ഒന്നിച്ചുനിന്ന് ചുവപ്പന്‍ പതാക വീശുന്ന കാഴ്ച അധികം വൈകും മുമ്പെ നമുക്കു കാണാം.





























