കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍ എമര്‍ജിംഗ് കേരളയ്ക്ക് പാരയായി

Google Oneindia Malayalam News

Harthal
കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്ന് ഉയര്‍ത്തിക്കാട്ടാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി ശനിയാഴ്ച നടക്കുന്ന ഹര്‍ത്താല്‍. ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ എല്‍ ഡി എഫും ബി ജെ പിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കുടുങ്ങുമെന്ന് ഭയന്ന് എമര്‍ജിംഗ് കേരളയില്‍ പങ്കെടുക്കാനെത്തിയ വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാനം തന്നെ വിടുകയാണ്. ചില വിദേശികള്‍ ലോകപ്രശസ്തമായ കേരള മോഡല്‍ ഹര്‍ത്താല്‍ കണ്ടറിയാന്‍ കൊച്ചിയില്‍ തന്നെ തങ്ങുന്നുമുണ്ട്.

അമ്പത് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് എമര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തിന് കൊച്ചിയിലെത്തിയത്. വ്യവസായികളും-സര്‍ക്കാര്‍ പ്രതിനിധികളും നയതന്ത്രവിദഗ്ധരും ഉന്നതോദ്യോഗസ്ഥരുമുള്‍പ്പെടെയുള്ള വന്‍ സംഘത്തെ കേരളത്തിന്റെ അനുകൂല ഘടകങ്ങള്‍ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുമ്പോഴാണ് കേന്ദ്രത്തില്‍ നിന്ന് ഡീസല്‍ വിലവര്‍ദ്ധനവിന്റെ പ്രഖ്യാപനമുണ്ടായത്. പ്രധാനമന്ത്രിയും പ്രമുഖ കേന്ദ്രമന്ത്രിമാരും സംസ്ഥാന സര്‍ക്കാര്‍ അപ്പാടെയും മൊണ്ടേക് സിംഗ് അലുവാലിയ, സാം പിത്രോദ, ടി കെ എ നായര്‍ തുടങ്ങി കേന്ദ്രസര്‍ക്കാരിന്റെ നയരൂപീകരണത്തിന് ചുക്കാന്‍ പിടിക്കുന്നവരും കൊച്ചിലുള്ളപ്പോളാണ് ഡീസല്‍ വിലക്കയറ്റത്തോടനുബന്ധിച്ചുള്ള പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയത്.

ഡീസല്‍ വിലവര്‍ദ്ധനവ് പ്രഖ്യാപിച്ച വ്യാഴാഴ്ച വൈകുന്നേരം കേരളം പ്രതിഷേധക്കടലായിരുന്നു. ഇടതുസംഘടനകളും യുവജനസംഘടനകളും കൊച്ചിയില്‍ ഉള്‍പ്പെടെ വന്‍ പ്രധിഷേധമാണ് നടത്തിയത്. കൊച്ചി നഗരത്തില്‍ വൈകുന്നേരം കറങ്ങാനിറങ്ങിയ വിദേശ പ്രതിനിധികള്‍ക്ക് കോലം കത്തിക്കലും റോഡ് തടയലുമുള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ കണ്ടറിയാനായി. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപനവുമുണ്ടായി.

എമര്‍ജിംഗ് കേരളയ്ക്ക് ശേഷം വിദേശ പ്രതിനിധികളെ കേരളത്തിന്റെ പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ആനയിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെയും വ്യവസായവകുപ്പിന്റെയും പദ്ധതി. കോവളം, തേക്കടി, കുമരകം, വര്‍ക്കല, വയനാട് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വിദേശ പ്രതിനിധികള്‍ക്ക് വേണ്ട സൗകര്യവും ഒരുക്കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി നടന്ന ഡീസല്‍വില വര്‍ദ്ധനവും ഇതിനെത്തുടര്‍ന്നുണ്ടായ ഹര്‍ത്താല്‍ പ്രഖ്യാപനവും എമര്‍ജിംഗ് കേരളയുടെ സംഘാടകരായ സംസ്ഥാന സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കി.

നിക്ഷേപകസംഗമത്തില്‍ പങ്കെടുത്ത വിദേശ പ്രതിനിധികളില്‍ കുറെപ്പേര്‍ ഹര്‍ത്താല്‍ പ്രഖ്യാപനമുണ്ടായതോടെ ശനിയാഴ്ച കേരളത്തില്‍ തങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച് വെള്ളിയാഴ്ച വൈകുന്നേരം തന്നെ ഇവിടെ വിടാനുള്ള തയ്യാറെടുപ്പ് നടത്തി. ചിലര്‍ ബാംഗ്ലുര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകാനാണ് തയ്യാറെടുക്കുന്നത്. ശനിയാഴ്ച ഹര്‍ത്താലായതിനാല്‍ വെള്ളിയാഴ്ച വൈകുന്നേരം തന്നെ നിക്ഷേപകസംഗമത്തിന്റെ നടപടിക്രമങ്ങള്‍ തീര്‍ക്കാനുള്ള തന്ത്രപ്പാടിലുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍. വെള്ളിയാഴ്ച രാത്രിയില്‍ നിക്ഷേപകസംഗമത്തിനെത്തിയ പ്രതിനിധികള്‍ക്ക് വിവിധയിടങ്ങളില്‍ ഒരുക്കിയ വിരുന്നുകളെ പോലും ഹര്‍ത്താല്‍ കുളമാക്കിയതായാണ് വിവരം. മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രതിനിധികളും വെള്ളിയാഴ്ച രാത്രിയോടെ കൊച്ചിവിടാനുള്ള അടിയന്തിരമായ തയ്യാറെടുപ്പാണ് നടത്തിയത്.

കേരളത്തിന്റെ സാധ്യതകളും ഗുണഗണങ്ങളും അനുകൂലമായ അന്തരീക്ഷവും വിദേശീയരുള്‍പ്പെടെയുള്ള പ്രതിനിധികളെ ബോധ്യപ്പെടുത്താന്‍ ചെയ്യാവുന്നതൊക്കെ സര്‍ക്കാര്‍ ചെയ്തിരുന്നു. എന്നാല്‍ കേരളത്തിലെ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ചും അടിക്കടിയുണ്ടാകുന്ന പണിമുടക്ക്, ഹര്‍ത്താല്‍ എന്നിവയെക്കുറിച്ചും നിക്ഷേപകസംഗമത്തിനെത്തിയ പ്രതിനിധികള്‍ക്കിടയില്‍ നിന്ന് തന്നെ സംശയങ്ങള്‍ ഉയരുകയും ചെയ്യുന്നതിനിടെയാണ് സാക്ഷാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെടുന്നത്. ശനിയാഴ്ച കൊച്ചിയില്‍ തങ്ങുന്നവര്‍ക്ക് കേരളത്തിന്റെ സ്വന്തം ഹര്‍ത്താല്‍ നേരിട്ട് കണ്ടറിയാനാകും. ഹര്‍ത്താല്‍ എന്ന് കേട്ടാല്‍ നിശ്ചലമാകുന്ന സംസ്ഥാനത്ത് മുതല്‍ മുടക്കാനെത്തുന്നവര്‍ ഹര്‍ത്താല്‍ നേരിട്ടുകണ്ട് തിരിച്ചുപോകുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്.

എമര്‍ജിംഗ് കേരള നടക്കുന്ന വേദിയില്‍ ഡീസല്‍വില വര്‍ദ്ധനവിനെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തയ്യാറായിരുന്നില്ല. അപ്രതീക്ഷിതമായുണ്ടായ ഡസല്‍വില വര്‍ദ്ധനവും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും ഹര്‍ത്താല്‍ പ്രഖ്യാപനവും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കടുത്ത സമ്മര്‍ദ്ദത്തിലാണെത്തിച്ചത്. കൊച്ചിയില്‍ എമര്‍ജിംഗ് കേരള നടക്കുന്നത് കൊണ്ട് മാത്രമാണ് വെള്ളിയാഴ്ച ഹര്‍ത്താല്‍ നടക്കാതിരുന്നത്.

ഹര്‍ത്താലും പണിമുടക്കും ട്രേഡ് യൂണിയനുകളുടെ അമിതസ്വാധീനവും അതിരൂക്ഷമായ കേരളത്തില്‍ വ്യവസായങ്ങള്‍ക്കും വന്‍കിട നിക്ഷേപങ്ങള്‍ക്കും അനുയോജ്യമായ ഇടമല്ലെന്ന ആക്ഷേപം വളരെക്കാലമായി നിലനില്‍ക്കുന്നുണ്ട്. ഈ ദുഷ്‌പേര് മാറ്റിയെടുക്കാനാണ് എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജിം ആഗോള നിക്ഷേപ സംഗമം നടത്തിയത്. നിക്ഷേപ സംഗമം കോടികള്‍ മുടക്കി പൊടിപൊടിച്ചെങ്കിലും ഇതിന്റെ പേരില്‍ ഒരു നിക്ഷേപവും കേരളത്തിലേക്കുണ്ടായില്ല. എമര്‍ജിംഗ് കേരളയും വന്‍വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ആരോപണപ്രത്യാരോപണങ്ങള്‍ക്കും വഴിവച്ചുകൊണ്ടാണ് നടന്നത്. എന്നാല്‍ പടിക്കല്‍ കലമുടയ്ക്കുന്ന തരത്തില്‍ ഹര്‍ത്താലുണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും ആരും കരുതിയില്ല.

English summary
Several investors and entrepreneurs attending the Emerging Kerala meet have cut short their plans and returning on account of the hartal called by Left parties and the BJP Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X