ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ കുറിച്ച് ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞത് വെറും വിടുവായത്തമാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. എന്തിനാണിവര്‍ ഇങ്ങനെ ഭയക്കുന്നത്. കുറ്റം ചെയ്തില്ലെങ്കില്‍ ഏത് അന്വേഷണവും ധീരമായി ഇവര്‍ക്ക് നേരിട്ടുകൂടെ?
ടിപിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയത് സിപിഎമ്മിന്റെ സംസ്ഥാന നേതാക്കള്‍ മാത്രമല്ല, പിബിയിലെ ചില നേതാക്കളും ഇതില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് സിബിഐ അന്വേഷണത്തിനെതിരേ തിരക്കുപിടിച്ച് പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കിയത്. ഗൂഡാലോചനയിലെ ഉന്നതരെ രക്ഷിക്കാന്‍ നടത്തുന്ന ഈ നീക്കം വിലപ്പോകില്ല-ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎസ് ഹരിഹരന്‍ 'വണ്‍ഇന്ത്യ'യോട് പറഞ്ഞു.
കേരളപോലിസ് ഇതുവരെ നടത്തിയ അന്വേഷണങ്ങള്‍ സ്തുത്യര്‍ഹമാണ്. കൊലപാതകം നടത്തിയതിനു പിന്നിലെ ഗൂഡാലോചനയും അതിനു പിന്നിലെ ഉന്നതബന്ധങ്ങളും പുറത്തുവരേണ്ടതുണ്ട്. ഇതിന് കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതാണ് നല്ലത്. കാരണം മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ആയതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വലിയ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. പോലിസ് ഉദ്യോഗസ്ഥരുടെ ലിസ്‌റ്റെടുത്ത് സിപിഎം നേതാക്കള്‍ പരസ്യമായി ഭീഷണിപ്പെടുത്തുന്നു.
അവരുടെ കുടുംബാംഗങ്ങളെയും വെറുതെ വിടില്ലെന്ന് പരസ്യമായി ആക്രോശിക്കുന്നു. അതുകേട്ട് അനുയായികള്‍ കൈയടിക്കുന്നു. പോലിസ് ഉദ്യോഗസ്ഥന്മാരുടെ വിശദവിവരങ്ങള്‍ കിട്ടാന്‍ സിപിഎം എംഎല്‍എമാര്‍ വിവരാവകാശനിയമപ്രകാരം ശ്രമിക്കുന്നു. ഇതെല്ലാം കേസന്വേഷണത്തെ ബാധിക്കും. പോലിസുകാരുടെ ആത്മവിശ്വാസം തകര്‍ക്കും. തികച്ചും ജനാധിപത്യവിരുദ്ധമായാണ് ഇപ്പോള്‍ സിപിഎംകാര്‍ പ്രവര്‍ത്തിക്കുന്നത്.
കോടതി പറയുന്നത് അംഗീകരിക്കിലല്, പോലിസ് പറയുന്നത് കേള്‍ക്കില്ല, മാധ്യമങ്ങള്‍ എല്ലാം കളവാണ് പറയുന്നത്. എന്നെല്ലാമുള്ള പ്രവര്‍ത്തനരീതി രാഷ്ട്രീയ പ്രസ്ഥാനത്തിന് ചേര്‍ന്നതല്ല. ടിപിയുടെ വധത്തില്‍ ഒരു ഒത്തുതീര്‍പ്പിനും ഞങ്ങളില്ല. പൊതുമനസ്സാക്ഷി അതാണ് ആഗ്രഹിക്കുന്നത്.
കേരളസര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്നാണ് ഞങ്ങളുടെ വിശ്വാസം. അതല്ലെങ്കില്‍ ഞങ്ങള്‍ ഈ ആവശ്യമുന്നയിച്ച് കോടതിയില്‍ പോകും. ടിപിയുടെ ഭാര്യ രമ നടത്തുന്ന നീതിക്കുവേണ്ടിയുള്ള ചെറുത്തുനില്‍പ്പില്‍ എല്ലാ പിന്തുണയും ജനാധിപത്യബോധമുള്ള പൊതുസമൂഹം നല്‍കുമെന്ന വിശ്വാസമാണ് ഞങ്ങള്‍ക്കുള്ളത്.





























