Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ന്യൂട്രിനോകള്‍ പശ്ചിമഘട്ടത്തെ വിഴുങ്ങുമോ?

Posted by:
Updated: Tuesday, September 18, 2012, 12:42 [IST]

Vs Against Theni Idukki Neutrino Observatory
 

വി എസ് അച്യുതാനന്ദന്‍ വീണ്ടുമൊരു വിവാദഭൂതത്തെ തുറന്നുവിട്ടിരിക്കുന്നു. ഇടുക്കിയിലും തേനിയിലുമായി പശ്ചിമഘട്ട മലനിരകള്‍ക്കുള്ളില്‍ നടത്താന്‍ പോകുന്ന കണികാ പരീക്ഷണം അമേരിക്കന്‍ നീക്കമാണെന്നും പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തിന് കൊടും ഭീഷണിയാണെന്നും കേരള സര്‍ക്കാരിനെയും കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരെയും കണക്കിലെടുക്കാതെ പരീക്ഷണശാല പശ്ചിമഘട്ടത്തില്‍ നിര്‍മ്മിക്കാനാവില്ലെന്നുമാണ് വി എസിന്റെ മുന്നറിയിപ്പ്.

വി എസ് ഉന്നയിച്ച വിഷയം കേരളത്തില്‍ വരും നാളുകളില്‍ കത്തിപ്പടരുമെന്നതില്‍ തര്‍ക്കമില്ല. കൂടംകുളം സമരം അതിന്റെ മൂര്‍ദ്ധന്യതയില്‍ നില്‍ക്കുന്ന സമയത്ത് കണികാപരീക്ഷണശാലയും ആശങ്കകള്‍ പരത്തുമെന്നാണ് വി എസിന്റെ വാക്കുകളില്‍ നിന്ന് വെളിവാക്കുന്നത്. പരിസ്ഥിതി സ്‌നേഹികള്‍ പല്ലും നഖവുമുപയോഗിച്ച് പൊരുതാനായി രംഗത്തെത്തിക്കഴിഞ്ഞു. ശാസ്ത്രജ്ഞരില്‍ ചിലര്‍ കണികാപരീക്ഷണത്തിനെതിരെ രംഗത്തെത്തിയതോടെ വരുംദിനങ്ങളില്‍ എമര്‍ജിംഗ് കേരള പോലെ ന്യൂട്രിനോയും വാദകോലാഹലങ്ങള്‍ സൃഷ്ടിക്കും.

ആണവ വിരുദ്ധ സമരങ്ങളിലെ മുന്നണി പോരാളിയായ വി ടി പത്മനാഭന്റെ നേതൃത്വത്തിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ കണികാ പരീക്ഷണശാലയ്‌ക്കെതിരെ അണിനിരന്നിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ കണികാപരീക്ഷണവിരുദ്ധര്‍ക്കൊപ്പം നിര്‍ത്താന്‍ ഇവര്‍ക്കാവുകയും ചെയ്തു. വി എസ് ഇടപെട്ടതോടെ ന്യൂട്രിനോയും കണികാപരീക്ഷണവും ശാസ്ത്രമേഖല കടന്ന് രാഷ്ട്രീയത്തിലുമെത്തി.

മൂന്നുവര്‍ഷം മുമ്പാണ് തേനിക്ക് അടുത്ത് പൊട്ടിപ്പുറത്ത് കണികാഗവേഷണത്തിനായി പരീക്ഷണശാലയൊരുക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. തുടക്കത്തില്‍ പൊട്ടിപ്പുറത്ത് വന്‍ പ്രതിഷേധങ്ങളുണ്ടായി. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം അടക്കം രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും വ്യക്തമായ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് പരീക്ഷണശാല സ്ഥാപിക്കുന്നതില്‍ പ്രദേശികമായുണ്ടായിരുന്ന എതിര്‍പ്പ് ഇല്ലാതായി. ലോകത്തെ പ്രമുഖ കണികാപരീക്ഷണശാലകളോട് കിടപിടിക്കുന്ന പരീക്ഷണകേന്ദ്രം സാധ്യമാക്കാന്‍ വിവിധ ശാസ്ത്രസാങ്കേതിക ഗവേഷണ കേന്ദ്രങ്ങളുടെ സഹായത്തോടെയുള്ള പദ്ധതി കേരളത്തിന്റെ അതിര്‍ത്തിയും കടന്നെത്തുന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

പരീക്ഷണ കേന്ദ്രത്തിലേക്കുള്ള തുരങ്കത്തിന്റെ തുടക്കം പൊട്ടിപ്പുറത്തും തുരങ്കത്തിന്റെ അവസാനം ഇടുക്കിയില്‍ മുല്ലപ്പെരിയാറിന് സമീപത്താണെന്നും ഇത് കേരളത്തിന് വലിയ ദോഷമുണ്ടാക്കുമെന്നുമാണ് വി എസിന്റെ വാദം. വി ടി പത്മനാഭനെപ്പോലുള്ളവരുടെ പിന്തുണയിലാണ് വി എസ് തന്റെ ആരോപണങ്ങള്‍ നിരത്തുന്നത്. ഇന്ത്യാ ബേസ്ഡ് ന്യുട്രിനോ ഒബ്‌സര്‍വറ്ററി എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണശാലയ്ക്ക് ഏതാണ് പതിനായിരം കോടി രൂപയാണ് നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

പൊട്ടിപ്പുറത്തെ അമ്പരശന്‍ മലയ്ക്കുള്ളില്‍ 1.3 കിലോമീറ്റര്‍ ആഴത്തില്‍ ഭൂമിക്കടിയിലാണ് പരീക്ഷണശാല സ്ഥാപിക്കുന്നതെന്നാണ് ലഭ്യമായ വിവരം. ആണവോര്‍ജ്ജ വകുപ്പിന്റെ കീഴില്‍ വിവിധ ഗവേഷണ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കണികാപരീക്ഷണത്തിന് പുറമെ ഫിസിക്‌സ്, ജീവശാസ്ത്രം, ഭൗമശാസ്ത്രം എന്നീ മേഖലകളിലും ഇവിടെ പരീക്ഷണം നടത്തും. പരീക്ഷണശാലയില്‍ നിന്ന് ഒരിക്കലും അണുവികിരണങ്ങളോ രാസമാലിന്യങ്ങളോ ഉണ്ടാകില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയുടെ സാന്നിദ്ധ്യമാണ് വി എസ് അടക്കമുള്ളവര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഹാര്‍വാഡ് സര്‍വ്വകലാശാല പദ്ധതിയുടെ സാങ്കേതിക സഹായത്തിന് പിന്നിലുണ്ടെന്നാണ് അറിയുന്നത്. എന്തായാലും കണ്ടെത്താനേറെ ബുദ്ധിമുട്ടുള്ള ന്യൂട്രിനോകള്‍ ശാസ്ത്ര പരീക്ഷണങ്ങളെയും മറികടന്ന് കേരള രാഷ്ട്രീയമണ്ഡലത്തില്‍ സ്‌ഫോടനങ്ങളുണ്ടാക്കാന്‍ തുടങ്ങിക്കഴിഞ്ഞു.

Story first published:  Tuesday, September 18, 2012, 7:30 [IST]
English summary
Kerala’s octogenarian Opposition leader and CPI(M) central committee member VS Achuthanandan has expressed anxiety over the Central Government’s move to establish a neutrino observatory on the Theni-Idukki border between Tamil Nadu and Kerala.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter