Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കോണി കയറുന്ന മറിമായങ്ങള്‍.........

Published: Wednesday, September 24, 2008, 16:03 [IST]

 
Muslim League President E Ahmedഅല്ല, സത്യത്തില്‍ എന്താണീ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്...? അറിയാമോ ആര്‍ക്കെങ്കിലും. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് അഥവാ ഐയുഎംഎല്‍ എന്നൊരു പ്രസ്ഥാനം ഇന്ത്യയില്‍ നിലവിലുണ്ടോ? ഉണ്ടെങ്കില്‍ അതൊരു രാഷ്ട്രീയപ്പാര്‍ട്ടിയാണോ? ആണെങ്കില്‍ ആരൊക്കെയാണ് അതിന്റെ നേതാക്കള്‍...? അറിയുന്ന ആരെങ്കിലും ഉത്തരം പറയുമോ..?

ജനാബ് ജി എം ബനാത്ത്‍വാല അന്തരിച്ച ഒഴിവില്‍ കേന്ദ്രമന്ത്രി ജനാബ് അഹമ്മദ് സാഹിബ് ഈ രാഷ്ട്രീയ പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെന്ന് ഇക്കഴിഞ്ഞ സെപ്തംബര്‍ 15ന് വാര്‍ത്തയുണ്ടായിരുന്നു. എന്നിട്ടും തീരുന്നില്ല, സംശയം.. അഹമ്മദോ.. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പ്രസിഡന്റോ........ അതെങ്ങനെ...

സംശയത്തിന് കാരണമെന്തെന്നല്ലേ.. ദാ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇ അഹമ്മദ് എന്ന കേന്ദ്ര മന്ത്രിയുടെ ബയോഡാറ്റ ലോക്‍സഭാ വെബ് സൈറ്റ് പ്രസിദ്ധപ്പെടുത്തിയത് കാണാം. സാഹിബിന്റെ പാര്‍ട്ടിയുടെ പേര് അവിടെയെഴുതി വെച്ചിരിക്കുന്നത് കണ്ണു തുറന്നു വായിച്ചു നോക്കൂ..മുസ്ലിം ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി (എംഎല്‍കെഎസ്‍സി) [Muslim League Kerala State Committee(MLKSC)]

മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്നൊരു രാഷ്ട്രീയപ്പാര്‍ട്ടിയോ..? അങ്ങനെയുമുണ്ടോ ഒരു പാര്‍ട്ടി..? അധികമാരും കേട്ടിട്ടില്ലെന്നത് ശരി. അല്ലെങ്കില്‍ നമുക്ക് കേള്‍ക്കാനുളള ഉച്ചത്തില്‍ ആ പേര് ഇന്നുവരെ ആരും പറഞ്ഞിട്ടില്ല. പക്ഷേ, ഇലക്ഷന്‍ കമ്മിഷനില്‍ അങ്ങനെയൊരു പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

നിയമസഭയിലേയ്ക്കും പാര്‍ലമെന്റിലേയ്ക്കും നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍, കോണി ചിഹ്നത്തില്‍ മത്സരിക്കുന്നവര്‍ മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന പാര്‍ട്ടിക്കാരാണെന്ന്, അറിയാത്തവര്‍ ഇനിയെങ്കിലും അറിയുക.

കൂട്ടത്തില്‍ വേറെയുമുണ്ട് തമാശ.. അഹമ്മദ് സാഹിബ് പ്രസിഡന്റായ വകയില്‍ ആ പാര്‍ട്ടിയുടെ (ഐയുഎംഎല്ലെന്ന് പറയുന്ന പാര്‍ട്ടിയുടെ) സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതും ഒരു എംപിയാണ്.. പേര് ജനാബ് കെ എം ഖാദര്‍ മൊഹിദീന്‍ സാഹിബ്.

ആള്‍ തമിഴ്‍നാട്ടുകാരനാണ്. വെല്ലൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ് എംപിയായത്. അദ്ദേഹത്തിന്റെ ബയോഡേറ്റ നോക്കൂ.. ഏതാ രാഷ്ട്രീയപ്പാര്‍ട്ടി .?.. ദ്രാവിഡ മുന്നേറ്റ കഴകം...?! നമ്മുടെ കരുണാനിധിയുടെ ഡിഎംകെ. ചിഹ്നം ഉദയസൂര്യന്‍.

രാഷ്ട്രീയ വൈചിത്ര്യങ്ങളെ ഗര്‍ഭത്തില്‍ പേറുന്ന ഏര്‍പ്പാടാണ് ജനാധിപത്യമെന്ന് ഇനിയും മനസിലായില്ലേ...

മുസ്ലിംലീഗ് കേരള സംസ്ഥാനകമ്മിറ്റി എന്ന പാര്‍ട്ടിയുടെ പേരില്‍ കോണി ചിഹ്നത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച ഇ അഹമ്മദ് പ്രസിഡന്റും, ഡിഎംകെ സ്ഥാനാര്‍ത്ഥിയായി ഉദയസൂര്യന്‍ എന്ന ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച കെ എം ഖാദര്‍ മൊഹിദീന്‍ ജനറല്‍ സെക്രട്ടറിയുമായ മറ്റൊരു പാര്‍ട്ടിയാണ്, ഈ ഐയുഎംഎല്‍, ഐയുഎംഎല്‍ എന്നു പറയുന്ന സാധനം.

തീപിടിക്കുന്ന ഹൈഡ്രജനും തീ കത്താന്‍ സഹായിക്കുന്ന ഓക്സിജനും ചേര്‍ന്നാല്‍ തീയണയ്ക്കാന്‍ ഉപയോഗിക്കുന്ന വെളളം ഉണ്ടാകുന്നത് രാസസംയോഗം. ഇത് രാഷ്ട്രീയ സംയോഗം. ഉദയസൂര്യന്‍ കോണി കയറുമ്പോള്‍ നടക്കുന്ന അത്ഭുതകരമായ രാഷ്ട്രീയ രാസപരിണാമം.

കേരളത്തിലേയ്ക്ക് മടങ്ങിയാലോ..?. പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഏത് പാര്‍ട്ടിക്കാരനാണ്...? ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ കേരള സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റാണ് അദ്ദേഹമെന്ന് നാമൊക്കെ ധരിക്കുന്നു. എന്നാല്‍ ഇലക്ഷന്‍ കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതനുസരിച്ച് അദ്ദേഹം, മുസ്ലിം ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന പ്രാദേശികപ്പാര്‍ട്ടിയുടെ പ്രസിഡന്റാണ്.

സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും സയ്യദ് ഉമര്‍ ബാഫക്കി തങ്ങള്‍, അബ്ദുളളാ ഹാജി അഹമ്മദ് സേഠ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരും പി കെ കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറിയും ഇ ടി മുഹമ്മദ് ബഷീര്‍, കുട്ടി അഹമ്മദ് കുട്ടി എന്നിവര്‍ സെക്രട്ടറിമാരും ഇ അഹമ്മദ് ട്രഷററുമായ ഒരു പാര്‍ട്ടി ഇലക്ഷന്‍ കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിന്റെ പേരാകുന്നു മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി.

നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കോണി ചിഹ്നത്തില്‍ മത്സരിക്കുന്നവരെല്ലാം മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന കക്ഷിക്കാരാണ്. തെളിച്ചു പറഞ്ഞാല്‍ നമ്മുടെ മാണി കേരള കോണ്‍ഗ്രസ് പോലൊരു പ്രദേശിക പാര്‍ട്ടിയാണ് ഈ മുസ്ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റി.

അപ്പോള്‍ പിന്നെ ഏതാണ് ഈ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്.. ?

ഇലക്ഷന്‍ കമ്മിഷന്‍ നല്‍കുന്ന വിവരമനുസരിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗെന്നൊരു രാഷ്ട്രീയ പാര്‍ട്ടിയുണ്ട്. അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ പട്ടികയില്‍ ഐയുഎംഎല്‍ എന്ന പാര്‍ട്ടിയെയും കാണാം.

കൂടുതല്‍ തിരഞ്ഞു ചെന്നാല്‍, ആ പാര്‍ട്ടി 1999ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെന്ന് പിടികിട്ടും. മഹാരാഷ്ട്രയിലെ മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ ഷെയിഖ് മുഹമ്മദ് ഫാറൂഖും ഉത്തര്‍ പ്രദേശിനെ അസംഗഡ് മണ്ഡലത്തില്‍ അല്‍ അംജീറും മത്സരിച്ചത് ഐയുഎംഎല്‍ എന്ന പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ്. ഫാറൂഖിന് ലഭിച്ചത് 17454 വോട്ട്. അല്‍ അംജീറിന് കിട്ടിയത് 3069 വോട്ട്.

ഇതേ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന പാര്‍ട്ടിയുടെ ലേബലില്‍ 12 സിംഹങ്ങള്‍ രാജ്യമാകെ മത്സരിക്കവെയാണ് ഈ വ്യതിക്രമം. ആ പന്ത്രണ്ട് വീരപുരുഷന്മാരില്‍ അന്നത്തെ ഐയുഎംഎല്ലിന്റെ (?) അഖിലേന്ത്യാ പ്രസിഡന്റ് ജി എം ബനാത്ത്‍വാല, ഇന്നത്തെ പ്രസിഡന്റ് ഇ അഹമ്മദ് എന്നിവരും ഉള്‍പ്പെടുന്നു.

കണ്ണു തളളി താഴെ വീഴുന്നോ..? വിശ്വാസികളെ പരീക്ഷിക്കാനും അവരെ കിടുകിടെ വിറപ്പിക്കാനുമാണോ ദൈവമേ, നീ ഇലക്ഷന്‍ കമ്മിഷനെ സൃഷ്ടിച്ചത്..?

ഐയുഎംഎല്ലിന്റെ അഖിലേന്ത്യാ പ്രസിഡന്റ് എന്ന് അവകാശപ്പെടുന്നയാള്‍, മുസ്ലിംലീഗ് കേരള സംസ്ഥാന കമ്മിറ്റി എന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പൊന്നാനിയില്‍ മത്സരിക്കുമ്പോള്‍, അങ്ങ് യുപിയിലും മഹാരാഷ്ട്രയിലും അഖിലേന്ത്യാ പ്രസിഡന്റിന്റെ പാര്‍ട്ടിയുടെ ലേബലില്‍ മത്സരിക്കുന്നത് ആരാലും അറിയപ്പെടാത്ത രണ്ടു ഡൂക്കിലികള്‍..

റബ്ബില്‍ ആലമീനായ തമ്പുരാനെ....കാരുണ്യം കൊണ്ട് ഇച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നവനേ..ഇതെന്ത് മറിമായം....? നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ അതിന് നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടുവരാന്‍ പറഞ്ഞത് നീയല്ലേ.. ഇന്ന് യഥാര്‍ത്ഥ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് എന്നറിയാതെ കുഴങ്ങുന്ന ഞങ്ങള്‍ സത്യവിശ്വാസികളുടെ വ്യഥ നീ കാണുന്നില്ലേ.. ആരോടാണ് ഞങ്ങള്‍ തെളിവു ചോദിക്കേണ്ടത്..? ശിഹാബ് തങ്ങളോടോ, അഹമ്മദ് സാഹിബിനോടോ.. അതോ വിനീതരില്‍ വിനീതനായ കുഞ്ഞാലിക്കുട്ടിയോടോ..?

അനന്തമജ്ഞാതമവര്‍ണനീയമീ
ഐയുഎമ്മെല്ലു തിരിയുന്ന മാര്‍ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന
നമ്മള്‍ കഥയെന്തു കണ്ടു...?

അദ്വാനിയും സംഘവും ബാബറി മസ്ജിദ് പൊളിച്ചടുക്കിയപ്പോള്‍ മുസ്ലിംലീഗില്‍ കടുത്ത ആശയപ്രതിസന്ധിയുണ്ടായെന്നും അങ്ങനെ പാര്‍ട്ടി വിഘടിച്ചെന്നും കുറേപ്പേര്‍ ഇലക്ഷന്‍ കമ്മിഷനില്‍ ചെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന പേര് അടിച്ചു മാറ്റിയെന്നുമാണ് കഥ.

അങ്ങനെയാണത്രേ, മുസ്ലിംലീഗ് എന്ന കേരള സ്റ്റേറ്റ് കമ്മിറ്റിയെന്ന രാഷ്ട്രീയപ്പാര്‍ട്ടി പിറന്നുവീണത്. തെരഞ്ഞടുപ്പ് കമ്മിഷന്റെ മുന്നില്‍ ജനാബുമാരും കുട്ടിമാരുമൊക്കെ ആ പാര്‍ട്ടിയാണ്. പുറംലോകത്തിന്റെ കണ്ണില്‍ പ്രതാപം നിലനിര്‍ത്താന്‍ പഴയ പേര് ഇപ്പോഴും ഉപയോഗിക്കുന്നു. പത്രക്കുറിപ്പിലും ചുവരെഴുത്തിലും ഐയുഎമ്മെല്ലെന്നെഴുതും. ലോക്സഭാ, ഇലക്ഷന്‍ കമ്മിഷന്‍ രേഖകളില്‍ മുസ്ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റിയെന്നും.

ഐയുഎമ്മെല്ലെന്നൊരു പാര്‍ട്ടി വേറെയുണ്ടെന്നും ശിഹാബ് തങ്ങളും അഹമ്മദുമൊന്നും ആ പാര്‍ട്ടിക്കാരല്ലെന്നും പാവം മലപ്പുറത്തുകാര്‍ക്കറിയില്ല. നമ്മളില്‍ പലര്‍ക്കുമറിയില്ല. അല്ലെങ്കില്‍ത്തന്നെ ആടെന്തിന് അങ്ങാടി വാണിഭത്തിന്റെ രസീതു ബുക്ക് സൂക്ഷിക്കണം...

നമുക്കും അവര്‍ക്കും അറിയുന്നതിത്ര മാത്രം! ഭൂമിയും അതിലുളളതും ദൈവത്തിന്റേത്.. ഏഴാകാശങ്ങളുടെയും മഹത്തായ സിഹാസനത്തിന്റെയും രക്ഷിതാവും അവന്‍. എല്ലാ വസ്തുക്കളുടെയും ആധിപത്യം അവന്റെ കൈയില്‍. എല്ലാവര്‍ക്കും അഭയം നല്‍കുന്നതും അവന്‍. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗും മുസ്ലിംലീഗ് കേരള സംസ്ഥാനക്കമ്മിറ്റിയും സൃഷ്ടിച്ചതും രക്ഷിച്ചു നിര്‍ത്തുന്നതും അവന്‍ തന്നെ...

എല്ലാം സ്പഷ്ടമായ ദൃഷ്ടാന്തങ്ങള്‍. അതിനെ നിഷേധിച്ച് ധിക്കാരികളാകാതിരിക്കുക.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST