കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് യഥാര്‍ത്ഥത്തില്‍ സാംസ്‌കാരിക ഗുണ്ടായിസം

  • By ഷിബു ടി ജോസഫ്‌
Google Oneindia Malayalam News

Swetha Menon
ബ്ലെസിയുടെ കളിമണ്ണ് എന്ന് പേരിട്ടിരിക്കുന്ന സിനിമ (ചിലപ്പോള്‍ സിനിമയുടെ പേരുതന്നെ മാറാം) എഡിറ്റിംഗ് പൂര്‍ത്തിയാക്കിയോ എന്ന് തന്നെ നിശ്ചയമില്ല. അത് തീയേറ്ററുകളിലെത്താന്‍ ആഴ്ചകളും മാസങ്ങളും തന്നെ വേണ്ടിവന്നേക്കാം. അതിന് മുമ്പ് സിനിമയുടേതായ ഒട്ടനേകം സാങ്കേതിക പ്രക്രിയകളും പൂര്‍ത്തീകരിച്ച് സെന്‍സര്‍ ബോര്‍ഡിന്റെ മുന്നിലെത്തിയ ശേഷം മാത്രമേ ഇത് തീയേറ്ററുകളില്‍ അഥവാ കാണികളുടെ കണ്‍മുന്നിലേക്ക് എത്തുകയുള്ളൂ.

തീയേറ്ററിലെത്തുന്ന നിമിഷം വരെ സിനിമയില്‍ എന്ത് മാറ്റം വരുത്താനും സംവിധായകന് അവകാശവും അധികാരവുമുണ്ട്. കാണികളുടെ മുന്നിലേക്കെത്തിയാല്‍ പിന്നെ സിനിമ കാണികളുടേതാണ്. അവനത് സ്വീകരിക്കാം, തള്ളിക്കളയാം, അഭിനന്ദിക്കാം, വിമര്‍ശിക്കാം, പിച്ചിച്ചീന്താം, സൈദ്ധാന്തികവിശകലനത്തിന് വിധേയമാക്കാം. എന്നാല്‍ സുഹൃത്തുക്കളേ ഇപ്പോള്‍ നടക്കുന്നതെന്താണ്? തനി തെമ്മാടിത്തം എന്നല്ലാതെ മറ്റൊന്നും ഇതിനെക്കുറിച്ച് പറയാനാകില്ല. ചോദിക്കാനും പറയാനും ആരുമല്ലെന്ന ധാരണയില്‍ ആരുടെയും പുറത്തുകയറിനിരങ്ങാമെന്ന് കരുതുന്നത് വെറും വായാടിത്തമാണ്. ഈ വാദകോലാഹലങ്ങളുണ്ടാക്കിയ അപമാനത്തിനും മാനസിക സംഘര്‍ഷത്തിനും കാരണക്കാരായവര്‍ക്കെതിരെ ബ്ലസിയും ശ്വേതയും മാന നഷ്ടത്തിന് നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്.

ബ്ലെസിയുടെ സിനിമയ്ക്ക് വേണ്ടി നടി ശ്വേതാ മേനോന്റെ പ്രസവരംഗം അപ്പാടെ ചിത്രീകരിച്ചതിനെതിരെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ തുടക്കമിട്ട (മുന്‍ സാംസ്‌കാരികമന്ത്രി കൂടിയാണ് അദ്ദേഹം) സാംസ്‌കാരിക യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയക്കാരും സാംസ്‌കാരികപ്രവര്‍ത്തകരും വനിതാസംഘടനകളും തീയേറ്റര്‍ ഉടമകളും ബ്ലസിയുടെയും ശ്വേതയുടെയും 'രക്ത'ത്തിന് വേണ്ടി മുറവിളി കാട്ടുകയാണ്. വിമര്‍ശകരുടെ ആരോപണങ്ങളുടെ മുനകീറി പരിശോധിച്ചാല്‍ ബ്ലസി ഉഗ്രനൊരു പിമ്പും ശ്വേത ഒരു കൊടുംവേശ്യയുമാണെന്ന് തോന്നും. സ്ത്രീകളുടെ സ്വകാര്യാവകാശമായ പ്രസവത്തെ ഒരു സംവിധായകന് മുന്നില്‍ തുറന്നുകാട്ടിയ, ജനിച്ചുവീണ കുട്ടിയുടെ (അതും പെണ്‍കുട്ടിയുടെ) മാനത്തിന് പുല്ലുവില കല്‍പ്പിച്ച ശ്വേത, വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത കുലടയും ഭാരതസ്ത്രീത്വത്തിന്റെ ഭാവശുദ്ധിയെ വിറ്റുകാശാക്കിയവളുമാണെന്നാണ് സാംസ്‌കാരിക പ്രഭുക്കളുടെ മുറവിളി. പാപിനിയായ ഇവളെ കല്ലെറിഞ്ഞുകൊല്ലണമെന്ന് വാദിക്കുന്നവരോട് ഒന്നേപറയാനുള്ളൂ. യേശുദേവന്റെ വാക്കുകള്‍ കടമെടുക്കുകയാണ്, നിങ്ങളില്‍ പാപമില്ലാത്തവര്‍ ഇവളെ കല്ലെറിയട്ടെ.

രണ്ടുതവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കോഴിക്കോട്ടുകാരിയായ നടി ശ്വേതയെക്കുറിച്ച് മാത്രമേ സാംസ്‌കാരികയുദ്ധത്തിന്റെ മുന്നണിയില്‍ നില്‍ക്കുന്നവര്‍ക്ക് അറിയുകയുള്ളൂ. മിസ് ഇന്ത്യാ മത്സരത്തില്‍ റണ്ണര്‍ അപ്പ് ആവുകയും മുംബൈയിലെ ഫാഷന്‍ ലോകത്ത് വെന്നിക്കൊടിപാറിച്ച് ജീവിക്കുകയും ചെയ്ത ഒരു ശ്വേതയുണ്ട്. ഇന്ന് നൂല്‍ബന്ധമില്ലാതെ അഭിനയിക്കാന്‍ തയ്യാറുള്ള പതിനായിരക്കണക്കിന് ചെറുപ്പക്കാരികളുടെ മുംബൈ ആയിരുന്നില്ല ശ്വേത കാമസൂത്രയ്ക്ക് വേണ്ടി പോസ് ചെയ്ത കാലം. ഇന്ത്യയിലെ തരുണീമണികളെല്ലാം അറച്ചുനിന്ന ഈ പരസ്യചിത്രത്തില്‍ അഭിനയിച്ച് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ശ്വേതയ്ക്ക് ഈ പ്രസവരംഗ ചിത്രീകരണം വെറും പുല്ലാണെന്ന് വിമര്‍ശകര്‍ അറിഞ്ഞിരിക്കുന്നത് നന്ന്. ഇന്ത്യയിലെ പുരുഷകേസരികള്‍ ഒന്നാകെ വായും പൊളിച്ചുനിന്ന് കാമസൂത്ര പരസ്യംകണ്ട് വെള്ളമിറക്കിയ കാലമുണ്ടായിരുന്നു. ഇത് പറയാന്‍ കാരണം. പബ്ലിസിറ്റിയുണ്ടാക്കി പണമുണ്ടാക്കാനായിരുന്നു ശ്വേതയുടെ ലക്ഷ്യമെങ്കില്‍ എന്ത് ചെയ്യാനും മടിക്കാത്ത ആത്മബലമുള്ള സ്ത്രീയാണ് ശ്വേത എന്ന് ഓര്‍മ്മിപ്പിക്കുകയാണ്. പ്രസവരംഗം ഒരു സിനിമയ്ക്ക് അനിവാര്യമെങ്കില്‍ അതിന് തയ്യാറായ ശ്വേതയെ എന്തുകൊണ്ട് അഭിനന്ദിക്കാന്‍ നമുക്ക് കഴിയുന്നില്ല.
ഇനി പ്രസവമെന്ന പരമപരിശുദ്ധമായ പ്രക്രിയയെ വെള്ളിവെളിച്ചത്തിലേക്ക് തുറന്നുകാട്ടിയ നാണംകെട്ടവളാണ് ശ്വേതയെന്ന വാദമുന്നയിക്കാന്‍ എങ്ങനെ നമ്മുടെ സാംസ്‌കാരിക കാവലാളുകള്‍ക്ക് ധൈര്യം വന്നു! ഇന്നാട്ടില്‍ തെരുവില്‍ വരെ കുഞ്ഞുങ്ങളെ പെറ്റിടുന്ന സ്ത്രീകളുള്ള രാജ്യത്ത്, കടത്തിണ്ണയില്‍ അഭയംതേടുന്ന ഭ്രാന്തിയുടെ മേല്‍ കാമമിറക്കുന്ന, മകളുടെ പ്രായംപോലുമില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളെ കടിച്ചുകീറുന്ന പിശാചുക്കളുള്ള നാട്ടില്‍ ഈ ഇപരകളുടെ നേര്‍ക്ക് കനിവിന്റെ ഒരു നോട്ടം പോലും പായിക്കാത്തവരാണ് പ്രസവത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് സുവിശേഷം വിളമ്പുന്നത്.

ജനിച്ചുവീഴുന്ന കുഞ്ഞിന്റെ അവകാശത്തെക്കുറിച്ച് ഡോ. സെബാസ്റ്റ്യന്‍ പോള്‍ അടക്കമുള്ള നിയമജ്ഞര്‍ ആവേശം കൊണ്ടിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്വന്തം പിതാക്കന്മാരാലും അടുത്ത ബന്ധുക്കളാലും ബലാത്സംഗം ചെയ്യപ്പെട്ട അരഡസന്‍ കുട്ടികളുടെ വാര്‍ത്തകളാണ് കേരളത്തില്‍ നിന്നും പുറത്തുവന്നത്. എന്തേ ഈ കുഞ്ഞുങ്ങള്‍ കുഞ്ഞുങ്ങളല്ലേ, ഇവര്‍ക്ക് ജീവിതവും മാനവും അവകാശവുമൊന്നുമില്ലേ? ഇവര്‍ക്ക് വേണ്ടി നിങ്ങള്‍ ഒരക്ഷരമെങ്കിലും ശബ്ദിച്ചോ?

മഹിളാമോര്‍ച്ച നേതാവ് ശോഭ സുരേന്ദ്രന്‍ സ്ത്രീത്വത്തിന്റെ പരിശുദ്ധി ശ്വേത നഷ്ടപ്പെടുത്തിയെന്നാണ് ആവലാതിപ്പെടുന്നത്. ശോഭയുടെ പാര്‍ട്ടിക്കാര്‍ ഗുജറാത്ത് കലാപനാളുകളില്‍ എത്ര ഗര്‍ഭിണികളുടെ വയര്‍ കൊടുവാളുകൊണ്ട് വെട്ടിക്കീറിയെന്നതിന് വ്യക്തമായ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടുണ്ടോ? അതോ ശ്വേതയെന്ന മേനോത്തി ഈ കടുംകൈ ചെയ്തതുകൊണ്ടാണോ ശോഭയുടെ രക്തം തിളച്ചത്? രാഷ്ട്രീയക്കാര്‍ രാഷ്ട്രീയക്കാരുടെയും നിയമജ്ഞര്‍ നിയമജ്ഞരുടെയും സ്ത്രീവിമോചനക്കാര്‍ അവരുടെയും പണി വൃത്തിയായി ചെയ്യട്ടെ, ശ്വേതയും ബ്ലസിയും അവരുടെ പണി നന്നായി ചെയ്യുന്നുണ്ട്. അവരുടെ പണിക്ക് ഇനിയെന്തെങ്കിലും തകരാറുണ്ടെങ്കില്‍ ഈ സിനിമയൊന്ന് പുറത്തുവരുന്നതുവരെ ക്ഷമിക്കുക. എന്നിട്ടാകാം അട്ടഹാസവും വെല്ലുവിളിയും ഭീഷണിയുമൊക്കെ!

അടുത്ത പേജില്‍

എങ്ങനെയീ നാട്ടില്‍ ജീവിക്കും എന്റെ ദൈവങ്ങളേ!എങ്ങനെയീ നാട്ടില്‍ ജീവിക്കും എന്റെ ദൈവങ്ങളേ!

English summary
Shweta Menon seems to be caught up in the midst of a controversy. Shwetha, who allowed her delivery to be captured live for Blessy's upcoming film Kalimannu is being condemned for commercialising the 'most private affair of a woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X