Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

നായരേ, പച്ചക്കള്ളം പറഞ്ഞാല്‍ നാവ് പുഴുക്കില്ലേ!

Written by: ഷിബു ടി
Published: Wednesday, June 27, 2012, 11:17 [IST]

Nss Declined Link Bjp Rss
 

താനുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ്‌  നെയ്യാറ്റിന്‍കരയില്‍  ഒ രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതെന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ ചാനല്‍ ഭാഷണം പച്ചക്കള്ളമാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എസ് എന്‍ ഡി പിയും ഒ രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പച്ചക്കൊടി കാട്ടിയെന്നും വി മുരളീധരന്‍ അവകാശപ്പെട്ടിരുന്നു.

ബി ജെ പിയുമായി യാതൊരുതരത്തിലുള്ള ബന്ധവുമില്ലെന്നാണ് സുകുമാരന്‍ നായരുടെ വിശദീകരണം. ബി ജെ പിക്ക് രഹസ്യമായും പരസ്യമായും എന്‍ എസ് എസുമായി ബന്ധമുണ്ടെന്ന മുരളീധരന്റെ അവകാശവാദവും സത്യവിരുദ്ധമാണെന്നാണ് നായര്‍ പറയുന്നത്. എന്‍ എസ് എസ്, എസ് എന്‍ ഡി പി പോലുള്ള പ്രബല സമുദായ സംഘടനകളുടെ പിന്തുണ ബി ജെ പിക്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണിതിന് പിന്നിലെന്നും ഈ പ്രസ്താവനയ്ക്ക് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കണമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കുന്നു.

ബി ജെ പിയുമായും ആര്‍ എസ് എസുമായും എന്‍ എസ് എസിന് യാതൊരുവിധ ബന്ധങ്ങളുമില്ലെന്ന് എന്‍ എസ് എസ് നേതൃത്വം പറയുന്നത് ആത്മവഞ്ചന തന്നെയാണ്. സമദൂരമുള്ളപ്പോഴും ശരിദൂരമുള്ളപ്പോഴും എന്‍ എസ് എസിന്റെ ഔദ്യോഗിക മുഖം കോണ്‍ഗ്രസിനൊപ്പമാണെന്നത് ശരിയാണ്. കാരണം കോണ്‍ഗ്രസിന് ഒന്നിടവിട്ട് അധികാരമുണ്ടെന്നത് തന്നെ. എന്‍ എസ് എസിന്റെ സമദൂരവും ശരിദൂരവും ചില വിലപേശലുകളുടെ പേരുമാറ്റങ്ങള്‍ മാത്രമാണ്.

എന്നാല്‍ എന്‍ എസ് എസിന്റെ ശക്തിസ്രോതസായ സാധാരണക്കാരായ നായന്മാരില്‍ ബഹുഭൂരിപക്ഷവും ആര്‍ എസ് എസുകാരും ബി ജെ പിക്കാരുമാണെന്നതില്‍ തര്‍ക്കമില്ല. എന്‍ എസ് എസിന്റെ ശക്തികേന്ദ്രങ്ങളായ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ആര്‍ എസ് എസിന് ഏറ്റവും കൂടുതല്‍ ശാഖകളുള്ളത്. ഇവിടങ്ങളില്‍ ബി ജെ പിക്കും നല്ല ശക്തിയുണ്ട്. ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റികളില്‍ ബി ജെ പി കൗണ്‍സിലര്‍മാര്‍ നിര്‍ണായകശക്തിയാണ് താനും. എന്‍ എസ് എസിനൊപ്പം നില്‍ക്കുന്ന നായന്മാരുടെ കരയോഗങ്ങളിലും അവരുടെ അധീനതയിലുള്ള ക്ഷേത്രങ്ങളിലും പരിസരങ്ങളിലുമാണ് ആര്‍ എസ് എസിന്റെ ശാഖകള്‍ തഴച്ചുവളരുന്നത്.

മധ്യതിരുവിതാംകൂറില്‍ ആര്‍ എസ് എസും ബി ജെ പിയും ഒന്നുതന്നെയാണ്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ആര്‍ എസ് എസിനും ബി ജെ പിക്കും വ്യാപകമായ തോതില്‍ ക്ലച്ച് പിടിക്കാന്‍ കഴിയാത്തതുപോലെ ഇവിടങ്ങളില്‍ എന്‍ എസ് എസിനും കാര്യമായ വേരോട്ടമില്ല. എന്‍ എസ് എസിന്റെ അധീനതയിലുള്ള കലാലയങ്ങളിലാണ് ബി ജെ പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ ബി വി പി പേരിനെങ്കിലുമുള്ളത്. എ ബി വി പിക്കും അതിന്റെ നേതാക്കള്‍ക്കും കോളെജ് മാനേജ്‌മെന്റുകളുടെയും സമുദായ നേതൃത്വത്തിന്റെയും എല്ലാവിധ ഒത്താശകളും സഹായങ്ങളും ഉണ്ടെന്നത് നിഷേധിക്കാനാകാത്ത കാര്യമാണ്.

പ്രകടമായ രീതിയില്‍ ബി ജെ പി നേതാക്കളെ എന്‍ എസ് എസ് ആസ്ഥാനമായ പെരുന്നയില്‍ അടുപ്പിക്കാറില്ലെന്നത് ശരി തന്നെ. ബി ജെ പി-ആര്‍ എസ് എസ് ലേബല്‍ പതിഞ്ഞാല്‍ ഭരണമുന്നണികളില്‍ വിലപേശല്‍ നടത്താനാകില്ലെന്ന തിരിച്ചറിവാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. എന്‍ എസ് എസിനെയും ബി ജെ പിയെയും കൂട്ടിയിണക്കുന്ന കോട്ടയം ജില്ലയിലെ പ്രമുഖ ബി ജെ പി നേതാവ് തന്നെയാണ് വി മുരളീധരനെയും പിന്നീട് ഒ രാജഗോപാലിനെയും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പെരുന്നയില്‍ കൊണ്ടുപോയത്. ഒ രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വം എന്‍ എസ് എസിന് സ്വീകാര്യമായിരുന്നുവെന്നതും എന്‍ എസ് എസിന്റെ നല്ല ശതമാനം വോട്ടുകള്‍ കൂടിയാണ് രാജഗോപാലിന് കിട്ടിയ മുപ്പതിനായിരമെന്നതും തര്‍ക്കമില്ലാത്ത കാര്യമാണ്.

2011ലെ പൊതുതെരഞ്ഞെടുപ്പില്‍ ആറായിരത്തില്‍പ്പരം വോട്ടുനേടിയ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി മാസങ്ങള്‍ക്കുള്ളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തില്‍ എത്തിയതിന് പിന്നില്‍ എന്‍ എസ് എസ് ആണെന്നതിന് ആരെങ്കിലും തര്‍ക്കം പറഞ്ഞതായി പോലും അറിവില്ല. എന്നിട്ടും ബി ജെ പിയുമായി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് പറയുന്നതിനെയാണ് തൊലിക്കട്ടിയെന്ന് പറയുന്നത്.
ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നുവെന്ന തന്ത്രം പയറ്റിത്തെളിഞ്ഞ ആളായതിനാല്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിക്ക് ചില പെരുങ്കള്ളങ്ങള്‍ പറയാന്‍ അവകാശമുണ്ട്. ചില രഹസ്യങ്ങള്‍ രഹസ്യങ്ങളായി തന്നെ നിലനില്‍ക്കണം. എല്ലാം തുറന്നുപറഞ്ഞാല്‍ പിന്നെന്ത് രാഷ്ട്രീയം, എന്ത് സംഘടന! വിശ്വാസവഞ്ചന കാട്ടുന്നത് രാഷ്ട്രീയനീതിയല്ല. ഈ തത്വം അനുസരിച്ച് വി മുരളീധരന്‍ ചെയ്തത് വിശ്വാസവഞ്ചന തന്നെയാണ്. വഞ്ചിച്ചവനെ തിരിച്ചു വഞ്ചിക്കാതിരിക്കാന്‍ സുകുമാരന്‍ നായര്‍ ഇനി വേറെ ജനിക്കണം.

English summary
BJP State president, V. Muraleedharan, has claimed that the decision to field the senior leader, Mr O. Rajagopal, in Neyyattinkara was taken in consultation with Nair Service Society, But NSS General Secretary G Sukumaran Nair declined this.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 1st ODI at Lord's Cricket Ground Fri 31st May ODI
NET Vs SA - Only ODI at VRA Ground Fri 31st May ODI
ENG Vs NZ - 2nd ODI at The Ageas Bowl Sun 2nd Jun ODI