twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്പിരിറ്റ് നന്ദുവിന് ബ്രെയ്ക്കാവും

    By നിര്‍മല്‍
    |

    പ്ലംബര്‍ മണിയിലൂടെ ശരിക്കുമൊരു മേക്ക് ഓവറായിരുന്നു നന്ദു എന്ന നടന്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത രൂപമാറ്റം. 26 വര്‍ഷമായി മലയാള സിനിയില്‍ വന്നും പോയും ഇരിക്കുന്ന വേഷം ചെയ്തിരുന്ന നന്ദു ആദ്യമായിട്ടാണ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത സ്പിരിറ്റ് റിലീസായതോടെ നന്ദുവിന്റെ ഫോണിനു വിശ്രമമമില്ല. പുതിയ വേഷത്തെക്കുറിച്ചും അതുണ്ടാക്കിയ മാറ്റത്തെക്കുറിച്ചും നന്ദു സംസാരിക്കുന്നു.

    Nandu Spirit

    പ്ലംബര്‍ മണിയിലേക്ക് എങ്ങനെ രൂപം മാറി?

    നന്ദു: രഞ്ജിത്തേട്ടനുമായി ആദ്യമേ നല്ല ബന്ധമുണ്ടായിരുന്നു. തിരക്കഥ എന്ന സിനിമയില്‍ ആണ് ഞാന്‍ ആദ്യമായി അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നത്. കുറച്ചു പ്രായം തോന്നിക്കുന്ന വേഷം തന്ന് ഇതു തനിക്ക് നന്നായി ചേരുമെന്ന് കളിയാക്കി പറഞ്ഞു. പിന്നീട് സ്പിരിറ്റ് ഒരുക്കുമ്പോള്‍ തനിക്കു ചേരുന്ന നല്ലൊരു വേഷമുണ്ട്. വേഗം വാ എന്നു പറഞ്ഞാണ് വിളിക്കുന്നത്. എന്റെ കഥാപാത്രത്തെക്കുറിച്ചു പറഞ്ഞു തന്നപ്പോള്‍ ഞാന്‍ തന്നെ ഞെട്ടിപ്പോയി. മുഴുനീള വേഷം. ആദ്യമായിട്ടായിരുന്നു ഇങ്ങനെ. ഇപ്പോള്‍ ചിത്രം റിലീസ് ചെയ്തു. എന്നിലെ നടനെ ജനം തിരിച്ചറിഞ്ഞു. എന്നും അഭിനന്ദന പ്രവാഹമാണ്. കാരണം ഞാന്‍ ചെയ്ത പ്ലംബര്‍ മണിയനെപോലെ ധാരാളം പേര്‍ സമൂഹത്തില്‍ ഉണ്ട്. അതുകൊണ്ടാണ് എനിക്കു കയ്യടി കിട്ടുന്നത്.

    മണിയെ അവതരിപ്പിക്കാന്‍ എന്തെങ്കിലും മുന്നൊരുക്കം?

    നന്ദു: അതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. മണിയെപോലെ മദ്യപിച്ചു ലക്കുകെട്ടെത്തി, ഭാര്യയും മക്കളെയും തല്ലുന്ന ആളെ കണ്ടുകിട്ടാനാണോ പ്രയാസം. ഒന്നു റോഡില്‍ നിന്നാല്‍ മതി. അത്തരക്കാരെ എത്രയോ കാണാം. അവരെ സ്ഥിരം കാണുന്നതുകൊണ്ട് പ്രത്യേകിച്ച് മുന്നൊരുക്കമൊന്നും വേണ്ടിവന്നില്ല. സ്പിരിറ്റ് എന്ന ചിത്രത്തിന്റെ തന്നെ വിജയം അതായിരുന്നു. അതിലെ മിക്ക കഥാപാത്രങ്ങളും നമ്മുടെ സമൂഹത്തില്‍ ഉള്ളവരായിരുന്നു.

    ചിത്രം കണ്ട് ആദ്യം വിളിച്ചതാര്?

    നന്ദു: പ്രിവ്യുവിനു മുന്‍പുതന്നെ സംവിധായകന്‍ പത്മകുമാര്‍ വിളിച്ചിരുന്നു. ഈ വേഷത്തോടെ എന്റെ നല്ലകാലം വരുമെന്ന് പത്മകുമാര്‍ പറഞ്ഞു. ചെന്നൈയില്‍ പ്രിവ്യു കഴിഞ്ഞ് പ്രിയദര്‍ശനും അദ്ദേഹത്തിന്റെ അസോഷ്യേറ്റ് സുരേഷ്‌കൃഷ്ണയും വിളിച്ചു. ചിത്രം റിലീസായതോടെ പലഭാഗത്തുനിന്നും അഭിനന്ദനപ്രവാഹമായിരുന്നു.

    എന്തേ നല്ലൊരു വേഷം കിട്ടാന്‍ ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നത്?

    നന്ദു: അത് എനിക്കറിയില്ല. 26 വര്‍ഷമായി ഞാന്‍ മലയാള സിനിമയില്‍ എത്തിയിട്ട്. പ്രിയദര്‍ശന്‍ ചിത്രത്തിലായിരുന്നു കൂടുതലും അഭിനയിച്ചത്. തേന്‍മാവിന്‍ കൊമ്പത്തെ കൈനോട്ടക്കാരന്റെ വേഷമായിരുന്നു ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം. പിന്നീട് രാജീവ് അഞ്ചലിന്റെ ബട്ടര്‍ഫ്‌ളൈസ്. കൂടുതല്‍ ചിത്രങ്ങളും ലാലേട്ടന്റെ കൂടെ തന്നെയായിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ അഭിനയിച്ചതോടെ കുറച്ചുകൂടി ശ്രദ്ധേയമായ വേഷങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. വി.കെ.പ്രകാശിന്റെ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ ജയസൂര്യയുടെ സഹായിയായി നല്ലൊരു വേഷം കിട്ടി. അതില്‍ എന്റെ ചില ഡയലോഗുകള്‍ക്ക് നല്ല കയ്യടിയായിരുന്നു.

    സ്പിരിറ്റ് ജീവിതത്തില്‍ നല്ല നാളുകള്‍ സമ്മാനിക്കുമെന്നു തോന്നുന്നുണ്ടോ?

    നന്ദു: ഒരു സംശയവുമില്ല. മലയാളത്തിലെ പല സംവിധായകരും ചിത്രം കണ്ട് എന്നെ വിളിച്ചിരുന്നു. അതില്‍ ചിലരെങ്കിലും എനിക്കു നല്ല വേഷം തന്നേക്കാം. മധുപാലിന്റെ ഒഴിമുറിയിലാണ് ഞാനിപ്പോള്‍ അഭിനയിക്കുന്നത്. സിദ്ദീഖ്‌ലാലിലെ ലാല്‍ ആണ് ചിത്രത്തിലെ നായകന്‍. അദ്ദേഹത്തിന്റെ കാര്യസ്ഥന്റെ വേഷമാണ്. അനൂപ് മേനോന്‍ നായകനാകുന്ന നമുക്കു പാര്‍ക്കാന്‍ ആണ് അടുത്ത് റിലീസ് ചെയ്യാനുള്ള ചിത്രം. അതില്‍ അനൂപിന്റെ അളിയനാണ്. ജോലിക്കൊന്നും പോകാതെ ഭാര്യവീട്ടുകാരുടെ ചെലവില്‍ കഴിയുന്ന അളിയനായിട്ട്. രണ്ടും നല്ല വേഷമാണ്.

    ഇത്രയും കാലം അംഗീകരിക്കപ്പെടാത്തതില്‍ വിഷമമുണ്ടോ?

    നന്ദു: വിഷമമൊന്നുമില്ല. ഇത്രയും കാലം നമ്മള്‍ ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നിന്നില്ലേ. എത്രയോ നടന്‍മാര്‍ വരുന്നു, പോകുന്നു. അവരിലൊരാളാകാതെ ഇവിടെ തന്നെ നില്‍ക്കാന്‍ സാധിച്ചില്ലേ. അതുതന്നെ വലിയൊരു കാര്യമല്ലേ. അങ്ങനെ പോസിറ്റീവ് ആയിട്ടേ ഞാനിതിനെ കാണുന്നുള്ളൂ.

    English summary
    Interview with Malayalam Film Actor Nandu, Who done one leading role in Ranjith's new film Spirit. He acted as plumber maniyan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X