twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച 10 ചിത്രങ്ങള്‍

    By Lakshmi
    |

    സൂപ്പര്‍താരം, സൂക്ഷ്മഭാവാഭിനയത്തിന്റെ തമ്പുരാന്‍ എന്നിങ്ങനെ പലവിശേഷണങ്ങളുണ്ട് മോഹന്‍ലാലിന്, ശരിയ്ക്കും പറഞ്ഞാല്‍ ഈ വിശേഷണങ്ങളൊന്നും ആവശ്യമില്ല മോഹന്‍ലാല്‍ എന്ന നടന്, ലാല്‍ എന്ന പേരുകേള്‍ക്കുമ്പോള്‍ത്തന്നെ ഒട്ടേറെ മറക്കാനാവാത്ത അഭിനയമുഹൂര്‍ത്തങ്ങളാണ് ആരാധകരുടെ മനസ്സിലേയ്‌ക്കെത്തുക. 2008ല്‍ മലയാളസിനിമയില്‍ 30വര്‍ഷം പൂര്‍ത്തിയാക്കിയ ലാലിന്റെ അഭിനയജീവിതത്തില്‍ വമ്പന്‍ വിജയങ്ങളും പരാജയങ്ങളുമുണ്ട്, പക്ഷേ പരാജയങ്ങളെ മായ്ച്ചുകളയുന്നത്രയും തിളക്കമുള്ളവയാണ് ലാലിന്റെ പല ഹിറ്റ് ചിത്രങ്ങളും, പ്രത്യേകിച്ചും എണ്‍പതുകളിലും തൊണ്ണൂറുകളിലും പുറത്തിറങ്ങിയ ചിത്രങ്ങള്‍ ലാലിന്റെ മികച്ച ചിത്രങ്ങളുടെ പട്ടികയെടുത്താല്‍ ഈ പത്തു ചിത്രങ്ങളും അതില്‍ ഉണ്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്.

    ചിത്രം

    നര്‍മ്മവും വൈകാരികതയും ഊട്ടിയുടെ ദൃശ്യഭംഗിയുമെല്ലാം ഒത്തിണങ്ങിയ ഈ സിനിമ കണ്ടവരാരും മറക്കാനിടയില്ല. ഇതിലെ ലാല്‍ ചെയ്ത കഥാപാത്രം പ്രേക്ഷകരെ ഏറെ ചിരിപ്പിയ്ക്കുകയും ഒപ്പം കണ്ണുനനയിക്കുകയും ചെയ്തിട്ടുണ്ട്. ലാലിന്റെ ഫഌക്‌സിബിലിറ്റിയുടെ ആഴം പൂര്‍ണമായും മനസ്സിലാക്കാന്‍ കഴിയുന്നൊരു ചിത്രമാണിത്. പാട്ടുകളായിരുന്നു ഇതിലെ മറ്റൊരു ഹൈലൈറ്റ്. ചിത്രം ഇത്രയും വലിയ ഹിറ്റാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ബോക്‌സോഫീസില്‍ പൊട്ടിപ്പൊളിയുമെന്ന ഭയം ഉള്ളിലൊതുക്കിയാണ് റിലീസ് ചെയ്തതെന്നുമെല്ലാം സംവിധായകന്‍ പ്രിയദര്‍ശന്‍ പിന്നീട് പലവട്ടം പറഞ്ഞിട്ടുണ്ട്. ലാലിന്റെ അഭിനയജീവിതത്തിലെ മികച്ച ചിത്രം തന്നെയാണ് 1988ല്‍ പുറത്തിറങ്ങിയ ഈ സിനിമ.

    ഇരുപതാം നൂറ്റാണ്ട്

    മോഹന്‍ലാലിനെ സൂപ്പര്‍താരപദവിയിലേയ്‌ക്കെത്താന്‍ സഹായിച്ച ചിത്രങ്ങളിലൊന്നാണിത്. സാഗര്‍ ഏലിയാസ് ജാക്കിയെന്ന കഥാപാത്രം സിനിമയേക്കാള്‍ പോപ്പുലറാകുന്ന കാഴ്ചയാണ് ഈ ചിത്രത്തോടെ മലയാള സിനിമ കണ്ടത്. 1987ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ രണ്ടാംഭാഗം 2009ല്‍ പുറത്തിറങ്ങിയിരുന്നു. വമ്പന്‍ വിജയമായിരുന്നു ലാലിന്റെ ഈ ആക്ഷന്‍ ചിത്രം.

    കിലുക്കം

    ഊട്ടിയുടെ പശ്ചാത്തലത്തില്‍ വിരിഞ്ഞ അതിമനോഹരമായ ചിത്രമായിരുന്നു കിലുക്കം ലാല്‍, ജഗതി, രേവതി, തിലകന്‍ കൂട്ടുകെട്ടിയില്‍ പിറവിയെടുത്ത ഈ ചിത്രം എത്ര കണ്ടാലും മുഷിയാത്ത ചിത്രം കൂടിയാണ്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ഹിറ്റ് നിരയിലെ മികച്ച ചിത്രമാണ് കിലുക്കം. ലാലും ജഗതിയും തിലകനും രേവതിയും മത്സരിച്ചെന്ന മട്ടില്‍ അഭിനയിച്ച ഈ ചിത്രത്തില്‍ ലാലിന്റെ അഭിനയമികവ് തെളിയിക്കുന്ന എത്രയെത്ര മുഹൂര്‍ത്തങ്ങളാണുള്ളത്.

    യോദ്ധ

    നേപ്പാള്‍ പശ്ചാത്തലത്തില്‍ ലാമമാരുമായി ബന്ധപ്പെട്ട കഥ പറഞ്ഞ യോദ്ധ മലയാളികള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിച്ച ചിത്രമായിരുന്നു. 1992ല്‍ പുറത്തിറങ്ങിയ ചിത്രത്തിലും ലാലിന്റെയും ജഗതിയുടെയും ഒന്നിനൊന്ന് മികച്ച പ്രകടനം കാണാന്‍ കഴിയും. ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ എആര്‍ റഹ്മാന്റെ സംഗീതമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്ന്. സംഗീത് ശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലും ലാലിന്റെ ഫഌക്‌സിബിലിറ്റി കണ്ട് പ്രേക്ഷകര്‍ അതിശയിച്ചിട്ടുണ്ട്. ചിത്രത്തിന് രണ്ടാംഭാഗം വരുന്നുവെന്ന് വാര്‍ത്തകളുണ്ട്.

    ദേവാസുരം

    മംഗലശേരി നീലകണ്ഠനെ അറിയാത്തവരും ഇഷ്ടപ്പെടാത്തവരുമുണ്ടാകില്ല, വില്ലന്റെയും നായകന്റെയും പ്രത്യേകതള്‍ ഒന്നിച്ച ഈ കഥാപാത്രത്തെയും മലയാളികള്‍ നെഞ്ചേറ്റിയിട്ടുണ്ട്. മീശപിരിച്ചുവെച്ച തെമ്മാടിയായി ലാല്‍ അഭിനയിച്ചുതകര്‍ത്ത പടമാണിത്. ഇതിലും ലാലിനൊപ്പം മത്സരിച്ചഭിനയിക്കാന്‍ രേവതിയുണ്ടായിരുന്നു. മനോഹരമായ ഗാനങ്ങളായിരുന്നു 1993ല്‍ പുറത്തിറങ്ങിയ ദേവാസുരത്തിലെ മറ്റൊരു പ്രത്യേകത. പിന്നീട് 2001ല്‍ ചിത്രത്തിന്റെ രണ്ടാംഭാഗമായ രാവണപ്രഭുവും റിലീസ് ചെയ്തു, ഇതില്‍ ലാല്‍ ഇരട്ടവേഷത്തിലായിരുന്നു അഭിനയിച്ചത്.

    കിരീടം

    വൈകാരിക മുഹൂര്‍ത്തങ്ങളുടെ ഒരു നിരതന്നെയായിരുന്നു കിരീടത്തിലുള്ളത്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ ലാലും തിലകനും ചെയ്ത കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് മറക്കാനാവാത്തതാണ്. ഇതിലെ സേതുമാധവന്‍ എന്ന കഥാപാത്രം ലാലിന് ഏറെ പ്രശംസ നേടിക്കൊടുത്തിട്ടുണ്ട്. ദുരന്തത്തില്‍ അവസാനിക്കുന്ന ചിത്രംകണ്ട് കണ്ണുനിറയാതെ തിയേറ്റര്‍ വിട്ടവരുണ്ടാകില്ല. 1989ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് 1993ല്‍ രണ്ടാംഭാഗമെടുത്തു, കിരീടം പോലെ വമ്പന്‍ ഹിറ്റായില്ലെങ്കിലും ചെങ്കോലും മികച്ച വിജയം നേടിയ ചിത്രമായിരുന്നു.

    മണിച്ചിത്രത്താഴ്

    ഗംഗയെന്ന യുവതിയുടെ മാനസികവിഭ്രാന്തിയുടെ കഥ പറഞ്ഞ ഫാസല്‍ ചിത്രമായ മണിച്ചിത്രത്താഴില്‍ ലാല്‍ അവതരിപ്പിച്ച ഡോക്ടര്‍ സണ്ണിയെന്ന കഥാപാത്രം രസകരമായ അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ചിത്രത്തിന്റെ അവസാനഭാഗത്തെ സംഘര്‍ഷഭരിതമായ രംഗങ്ങളില്‍ മോഹന്‍ലാല്‍ അവലംഭിച്ച അഭിനയശൈലി ഏറെ പ്രശംസ നേടിയിട്ടുണ്ട്. ചിത്രത്തില്‍ ലാലിനൊപ്പം സുരേഷ് ഗോപി, തിലകന്‍ ശോഭന എന്നിവരും മികച്ച പ്രകടനമായിരുന്നു നടത്തിയത്.

    സ്ഫടികം

    ലാലിന്റെ മറ്റൊരു സ്റ്റൈലന്‍ കഥപാത്രമായിരുന്നു സ്ഫടികത്തിലെ ആടുതോമ, കര്‍ക്കശക്കാരനായ പിതാവിനോട് സമരം പ്രഖ്യാപിച്ച് വീടുവിട്ട് കുത്തഴിഞ്ഞ ജീവിതം നയിച്ച മനസ്സില്‍ സ്‌നേഹത്തിന്റെ നീറുവ ഒളിച്ചുവെച്ച ആടുതോമയെയും പ്രേക്ഷകര്‍ നെഞ്ചേറ്റിയിട്ടുണ്ട്. ലാലിനൊപ്പം തിലകനും മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു സഫ്ടികം. ബോക്‌സ് ഓഫീസില്‍ റെക്കോഡ് വിജയം നേടിയ ചിത്രമായിരുന്നു ഇത്.

    വാനപ്രസ്ഥം

    കഥകളി കലാകാരനായ കുഞ്ഞിക്കുട്ടനെന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ആഗോളതലത്തില്‍ ചലച്ചിത്രമേളകളിലും മറ്റും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഇത്. ലാലിന്റെ സൂക്ഷാഭിനയശേഷിയെ പൂര്‍ണമായും ഉപയോഗപ്പെടുത്തിയൊരു ചിത്രം കൂടിയാണിത്.

    ഭ്രമരം

    അടുത്തകാലത്ത് ലാലിന്റേതായ ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ചചിത്രമായിരുന്നു ഭ്രമരം, പ്രേക്ഷകരെ അമ്പരപ്പിക്കുന്ന അഭിനയമുഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ബ്ലസ്സി സംവിധാനം ചെയ്ത ചിത്രത്തില്‍ ഒട്ടേറെ അതിവൈകാരിക മുഹൂര്‍ത്തങ്ങളുണ്ട്. ബ്ലസ്സി ചിത്രങ്ങളും ഏറ്റവും മികച്ച ചിത്രമാണ് ഭ്രമരം.

    English summary
    Mohanlal, the legend, who crossed the boundaries of south Indian film industry and became the popular and versatile actor of India,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X