നവംബര്‍ മൂന്ന് വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഉപഗ്രഹം നിയന്ത്രണ പരിധിക്ക് പുറത്തായത്. ഉപഗ്രഹത്തിന്റെ നിയന്ത്രണം നഷ്ടമായത് ദീര്‍ഘദൂര ടെലഫോണ്‍ സര്‍വീസിനെയും ടെലിവിഷന്‍ സംപ്രേക്ഷണത്തേയും ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ നവംബര്‍ നാല് ശനിയാഴ്ച വൈകുന്നേരത്തോടെ ഉപഗ്രഹത്തിനു മേലുള്ള നിയന്ത്രണം പൂര്‍ണ്ണമായി പുനഃസ്ഥാപിച്ചതായി ഹസ്സനിലെ മുഖ്യനിയന്ത്രണ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ അറിയിച്ചു.
ഇന്‍സാറ്റിന്റെ രണ്ട് ട്രാന്‍സ്പോണ്ടറുകളില്‍ ഒരെണ്ണം സര്‍ക്കാര്‍ മാധ്യമമായ ദൂരദര്‍ശനാണ് ഉപയോഗിക്കുന്നത്. വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡിനു വാടകയ്ക്കു നല്കിയിരിക്കുന്ന രണ്ടാമത്തെ ട്രാന്‍സ്പോണ്ടറാണ് സ്വകാര്യ വി- സാറ്റ് സേവനദാതാക്കള്‍ പ്രയോജനപ്പെടുത്തുന്നത്. കാലാവസ്ഥാ നിരീക്ഷണ വകുപ്പ്, പിടിഐ പോലുള്ള വാര്‍ത്താ ഏജന്‍സികള്‍, അന്റാര്‍ട്ടിക്കയിലുള്ള ഇന്ത്യയുടെ പര്യവേക്ഷണകേന്ദ്രം എന്നിവയെല്ലാം ഇതിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
പ്രായം ചെന്ന ഈ ഉപഗ്രഹത്തിലെ സേവനങ്ങള്‍ മറ്റുപഗ്രഹങ്ങളിലേക്കു മാറ്റാനുള്ള ശ്രമങ്ങളില്‍ കുറച്ചുകാലമായി ശാസ്ത്രജ്ഞര്‍ വ്യാപൃതരായിരിക്കുകയായിരുന്നു. ഈ ഉപഗ്രഹത്തിന്റെ ഏഴു കൊല്ലത്തെ ജീവിതചക്രം ഈ വര്‍ഷം ജൂലായില്‍ അവസാനിച്ചുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണിത്.
ഇന്‍സാറ്റ് 2- ബിയുടെ മേലുള്ള ഭാരത്തില്‍ ഗണ്യമായ കുറവു വരുത്തിയതായി ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഇതിലുണ്ടായിരുന്ന പല സേവനങ്ങളും മറ്റുപഗ്രഹങ്ങളിലേക്ക് ഇതിനകം മാറ്റിക്കഴിഞ്ഞു. അതേസമയം ഇന്‍സാറ്റ് 2- ബിക്ക് വളരെ മുമ്പ് തന്നെ ജീവിതചക്രം പൂര്‍ത്തിയാക്കിയ ഇന്‍സാറ്റ് 2-ഡി ഇപ്പോഴും പ്രവര്‍ത്തിക്കുന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടി.
ഇന്‍സാറ്റ് 2- ബിയുടെ വിക്ഷേപണവും അതിന്റെ ട്രാന്‍സ്പോണ്ടറുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന സ്വകാര്യ സംരംഭകര്‍ക്കു നല്കിയതുമാണ് രാജ്യത്ത് വി- സാറ്റ് സംസ്കാരം വളരാനിടയാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


























