നവംബര്‍ 29ന് നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ വികസനപദ്ധികളുടെ പേരില്‍ പണം പറ്റുന്നതായി കരുണാകരന്‍ ആരോപിച്ചിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരായ പ്രസ്താവനകള്‍ക്കിടയിലാണ് ഐഎഎസ് ഉദ്യോഗസ്ഥരെ കരുണാകരന്‍ വിമര്‍ശിച്ചത്.
ഈ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്താനും അല്ലെങ്കില്‍ നിയമനടപടികള്‍ നേരിടാന്‍ തയ്യാറാകാനും ആവശ്യപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥരുടെ സംഘടന കരുണാകരന് കത്തയച്ചിട്ടുണ്ട്. ഈ പ്രശ്നം തങ്ങള്‍ ഗൗരവമായാണ് കാണുന്നതെന്നും ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ ഇവരെ പുറത്താക്കുമെന്നും ഐഎഎസ് ഉദ്യോഗസ്ഥരുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുവാനാണ് ആഗ്രഹമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. അല്ലാത്ത പക്ഷം പ്രസ്താവന പിന്‍വലിക്കണെന്നും കത്തില്‍ ആവശ്യമുണ്ട്.
അസോസിയേഷന്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ദിനേശ് ശര്‍മ, ട്രഷററ് എസ്. ശ്രീനിവാസന്‍, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ എസ്.എം വിജയാനന്ദ്, ഷീല തോമസ് എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
























