ഇസ്ലാമബാദ്: ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ ഇന്ത്യയുടെ പങ്ക് തള്ളിക്കളയാനാവില്ലെന്ന് പാകിസ്‌താന്‍ ഔദ്യോഗികവൃത്തങ്ങള്‍. ലാഹോര്‍ കമ്മീഷണര്‍ ഖുഷിറോ പര്‍വേസ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്.
ഭീകരവാദികളില്‍ നിന്നും ലങ്കന്‍ കളിക്കാരെ സംരക്ഷിക്കുന്നതില്‍ നിന്നും പാകിസ്‌താനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിജയിച്ചതായും അദ്ദേഹം പറഞ്ഞു.
പാകിസ്‌താനെ തകര്‍ക്കാനാണ് ഇന്ത്യയുടെ ശ്രമമെന്ന് മുന്‍ ഐഎസ്‌ഐ തലവന്‍ ഹമീദ് ഗുല്‍ ആരോപിച്ച്. പാകിസ്‌താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. ലങ്കന്‍ ടീമിനെതിരെയുണ്ടാക ആക്രമം ഈ ഗൂഡാലോചനയുടെ ഭാഗമാണ്- ഗുള്‍ ആരോപിച്ചു.
ചൊവ്വാഴ്‌ചയുണ്ടായ ആക്രമണത്തില്‍ എട്ട് ലങ്കന്‍ കളിക്കാര്‍ക്ക് പരുക്കേല്‍ക്കുകയും എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ലാഹോറില്‍ പത്തുപേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ലാഹോറിലെ വാണിജ്യ കേന്ദ്രങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ഒട്ടേറെ ആയുധങ്ങള്‍ കണ്ടെടുത്തതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്‌തു.
ബോംബ് സ്‌ക്വാഡ് നടത്തിയ തിരച്ചിലില്‍ ഗ്രനേഡുകള്‍, മറ്റ് സ്‌ഫോടക വസ്‌തുക്കള്‍, സ്‌ഫോടക വസ്‌തുക്കള്‍ നിറച്ച ജാക്കറ്റുകള്‍, യന്ത്രത്തോക്കുകള്‍ തുടങ്ങിയവ കണ്ടെടുത്തു. പതിനാല് സ്ഥലങ്ങളില്‍ നിന്നായാണ് ആയുധങ്ങളും സ്‌ഫോടകവസ്‌തുശേഖരവും കണ്ടെത്തിയത്. ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന മൂന്ന് കാറുകളും ഒരു ഓട്ടോ റിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്.
അറസ്റ്റിലായവരില്‍ നാല് പേര്‍ അഫ്‌ഗാനിസ്ഥാന്‍കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ആരുമല്ല യഥാര്‍ത്ഥപ്രതികളെന്നാണ് പൊലീസ് കരുതുന്നത്. ഇതിനിടെ ആക്രമണം നടത്തിയ പ്രതികളെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനം നല്‍കുമെന്ന് പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.




















