ദില്ലി: പാപ്പിനിശേരി കണ്ടല്‍ പാര്‍ക്ക് അടച്ചു പൂട്ടാന്‍ ഉത്തരവിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത കേരള ഹൈക്കോടതി വിധിക്കെതിരേ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സുപ്രീം കോടതിയെ സമീപിക്കുന്നു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പാര്‍ക്ക് തുറക്കാന്‍ പാപ്പിനിശേരി ഇക്കോ ടൂറിസം സൊസൈറ്റി തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണു മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഈ തീരുമാനമെടുത്തത്. പാര്‍ക്ക് തുറക്കാന്‍ അനുവദിക്കില്ലെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്.
പാര്‍ക്ക് അടച്ചുപൂട്ടാനുള്ള കേന്ദ്രത്തിന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ പാര്‍ക്കില്‍ പാടില്ലെന്ന് നിര്‍ദേശിച്ചിരുന്നു. ഇക്കോ ടൂറിസം സൊസൈറ്റിയുടെ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു ഉത്തരവ്.
നടപടിക്രമങ്ങള്‍ പാലിക്കാതെയാണു പാര്‍ക്ക് അടപ്പിച്ചതെന്നു നിരീക്ഷിച്ച കോടതി സൊസൈറ്റിയുടെ വാദം കേട്ടില്ലെന്നും കണ്ടെത്തി. കണ്ണൂര്‍ എംപി കെ സുധാകരന്‍ നല്‍കിയ പരാതിപ്രകാരം പരിസ്ഥിതി മന്ത്രി ജയറാം രമേശ് മുന്‍കൈയ്യെടുത്താണ് പാര്‍ക്ക് അടപ്പിച്ചത്.





















