ദില്ലി: അയോധ്യയിലെ കേസില്‍ വെള്ളിയാഴ്ച അലഹാബാദ് ഹൈക്കോടതിവിധി പ്രസ്താവിക്കാനിരിക്കേ രാജ്യത്ത് സമാധാനം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം ആവശ്യപ്പെട്ടു.
പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സമാധാനം ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ആവശ്യമായ എല്ലാ സഹായവും നല്‍കും. വിധിയുടെ പശ്ചാത്തലത്തില്‍ ആരും തിടുക്കത്തില്‍ പ്രതികരണങ്ങള്‍ നടത്തരുത്. തര്‍ക്കത്തില്‍ ഏതെങ്കിലും കക്ഷി ജയിച്ചതായോ തോറ്റതായോ കരുതരുത്-ആഭ്യന്തരമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
കേസ് പരിഗണിക്കുന്ന മൂന്നംഗ ഹൈക്കോടതി ബെഞ്ച് ഒന്നോ അതില്‍ക്കൂടുതലോ വിധികള്‍ പുറപ്പെടുവിച്ചേക്കാം. വിധിപ്രസ്താവം ശരിയായി മനസ്സിലാക്കേണ്ടതുണ്ട്. കോടതിക്കു മുമ്പാകെയുള്ള നാലു ഹര്‍ജികള്‍ പരിശോധിച്ച് കോടതി എത്തിയ നിഗമനങ്ങള്‍ ശരിയായി വിലയിരുത്തണം.
അതിനുശേഷമേ വിധിപ്രസ്താവത്തെക്കുറിച്ച് നിഗമനങ്ങളില്‍ എത്താവൂ. വിധിയുടെ പശ്ചാത്തലത്തില്‍ ഏതെങ്കിലും ഒരു കക്ഷിയോ അല്ലെങ്കില്‍ രണ്ട് കക്ഷികളുമോ സുപ്രീംകോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.
ഈ സാഹചര്യത്തില്‍ ജനങ്ങളും മാധ്യമങ്ങളും വിധിയെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങളും നിഗമനങ്ങളും പെട്ടെന്ന് പ്രകടിപ്പിക്കാതിരിക്കുകയും പ്രഖ്യാപനങ്ങള്‍ ഒഴിവാക്കുകയും വേണം -ചിദംബരം അഭ്യര്‍ഥിച്ചു.



























