ബെയ്ജിങ്: മരിച്ച യുവതിയ്ക്ക് രണ്ടു തവണ വിവാഹം നടത്തി. ചൈനയിലെ ഹെബേയി പ്രവിശ്യയിലായിരുന്നു സംഭവം. എല്ലാ വര്‍ഷവും നടക്കാറുള്ള വസന്തോത്സവത്തിന്റെ ഭാഗമായിട്ടാണ് യിന്‍ എന്നറിയപ്പെടുന്ന മരണാനന്തര വിവാഹം നടത്തിയത്.
ലിയു എന്നയാള്‍ തന്റെ മരിച്ചു പോയ ഇളയസഹോദരന്റെ വിവാഹം നടത്തുന്നതിനായി യുവതിയുടെ മൃതദേഹം 273,619 രൂപയ്ക്ക് വാങ്ങുകയായിരുന്നു. തുടര്‍ന്ന് ഇരുവരുടേയും വിവാഹം നടത്തുകയും ഒരേ ശവകുടീരത്തില്‍ അടക്കം ചെയ്യുകയും ചെയ്തു.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം ചിലര്‍ ഈ ശവകുടീരം കുത്തിപ്പൊളിച്ച് യുവതിയുടെ മൃതശരീരം കടത്തിക്കൊണ്ടു പോയി. മറ്റൊരു പ്രേതവിവാഹത്തിന് വേണ്ടി ഇവര്‍ മൃതദേഹം 234,517 രൂപയ്ക്ക് വിറ്റു.
തന്റെ സഹോദരഭാര്യയുടെ മൃതദേഹം മോഷ്ടിച്ചുവെന്ന് ലിയു പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
മരിച്ചു പോയവരുടെ ആത്മാക്കള്‍ ഒറ്റയ്ക്ക് അലഞ്ഞു നടക്കാതിരിയ്ക്കാനാണ് ചൈനക്കാര്‍ ഇത്തരത്തില്‍ പ്രേത വിവാഹം നടത്തുന്നത്.





























