കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമാകുന്നതുവരെ ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സി കൊച്ചി തീരം വിട്ടുപോകരുതെന്ന് ഹൈക്കോടതി.
നഷ്ടപരിഹാര തുക സംബന്ധിച്ച് അനുരഞ്ജനത്തിന് തയാറുണ്‌ടോയെന്ന് കോടതി കപ്പലുടമകളോട് ചോദിച്ചു. ഇക്കാര്യം ഉച്ചയ്ക്ക് ശേഷം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. ഇതിനുശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.
ഇതിനിടെ പിറവം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കടലിലെ വെടിവയ്പ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ എല്ലാം അവസാനിക്കുമെന്ന് ഇറ്റാലിയന്‍ കപ്പല്‍ അധികൃതരുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ അഭിപ്രായപ്രകടനം നടത്തി. പിറവം ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്ക് കടലിലെ വെടിവയ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളും തങ്ങള്‍ക്കെതിരെയുളള പ്രശ്‌നങ്ങളും അവസാനിക്കുമെന്നാണ് കോടതിയില്‍ പറഞ്ഞത്.
കപ്പലില്‍ നിന്ന് വെടിയുതിര്‍ത്തത് ക്യാപ്റ്റന്റെ നിര്‍ദേശപ്രകാരമാണോ ഇറ്റാലിയന്‍ നാവികസേനാ മേധാവിയുടെ നിര്‍ദേശപ്രകാരമാണോയെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ കപ്പലുടമകളുടെ അസോസിയേഷനും ഇറ്റാലിയന്‍ നാവികസേനയും തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമായിട്ടാണ് കപ്പലില്‍ സുരക്ഷയ്ക്കായി നാവികസേനയുടെ സേവനം ഉപയോഗിക്കുന്നതെന്നും ഇതില്‍ ക്യാപ്റ്റന് യാതൊരു പങ്കുമില്ലെന്നും കപ്പലുടമകള്‍ വ്യക്തമാക്കി.
കപ്പലില്‍ ഇത്രയും ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള സാഹചര്യം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചരക്കുകപ്പലില്‍ സാധാരണ സൂക്ഷിക്കാറുളളതിലും അധികം ആയുധങ്ങള്‍ കപ്പലില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്‌ടെടുത്തിരുന്നു.





























