കൊച്ചി: കൊല്ലം നീണ്ടകരയില്‍ മത്സ്യതൊഴിലാളികളെ വെടിവച്ചു കൊന്നതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ അതിഥി മന്ദിരത്തില്‍ പാര്‍പ്പിച്ച വകയില്‍ കേരള പൊലീസിന് ബില്ല്.
സിഐഎസ്എഫിന്റെ വില്ലിങ്ഡണ്‍ ഐലന്‍ഡിലെ അതിഥി മന്ദിരത്തിലാണ് നാവികരെ പാര്‍പ്പിച്ചിരുന്നത്. രണ്ട് എസി മുറികളാണ് ഇതിനായി ഉപയോഗിച്ചത്. ഇരുമുറികള്‍ക്കും 2000 രൂപ വീതം ഈടാക്കി കൊണ്ടാണ് സിഐഎസ്എഫ് കേരള പൊലീസിന് ബില്ലയച്ചിരിക്കുന്നത്. ഹാര്‍ബര്‍ പൊലീസ് ഈ ബില്ല് സിറ്റി പൊലീസ് കമ്മീഷണര്‍ എംആര്‍ അജിത് കുമാറിന് കൈമാറിയിട്ടുണ്ട്.
കൊല്ലത്തെ ഒന്നാം ക്ലാസ് ജുഷീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ നാവികരെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ആദ്യത്തെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ കാലാവധി അവസാനിച്ചപ്പോള്‍ പൊലീസ് വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഏഴ് ദിവസത്തേയ്ക്ക് കൂടി കാലാവധി നീട്ടിക്കിട്ടുകയായിരുന്നു.




















