തിരുവനന്തപുരം: തീവണ്ടി യാത്രയ്ക്കിടെ യാത്രക്കാരിയെ അപമാനിച്ച ടിടിഇ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയും പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരിയുമായ ഹേമലതയ്ക്കാണ് തീവണ്ടിയില്‍ വച്ച് അപമാനമേറ്റത്.
രാജധാനി എക്‌സ്പ്രസില്‍ മഡ്ഗാവില്‍ നിന്നു തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ഉഡുപ്പിയ്ക്കും മംഗലാപുരത്തിനുമിടയില്‍ വച്ചാണ് ദില്ലി സ്വദേശിയായ ടിടിഇ തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് ഹേമലത.
എ വണ്‍ കോച്ചില്‍വച്ച് ടിടിഇ തനിക്ക് ഭക്ഷണം വാഗ്ദാനം ചെയ്യുകയും തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. തീവണ്ടി രാവിലെ 5.45ന് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഹേമലത ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനസമിതി അംഗവും പ്ലാനിംഗ് ബോര്‍ഡ് റിസര്‍ച്ച് ഓഫീസറുമായ ജയഗീതയെ തീവണ്ടിയില്‍ വച്ച് ടിടിഇമാര്‍ മാനസികമായി പീഡിപ്പിച്ച സംഭവം പുറത്തു വന്ന് രണ്ടാഴ്ച തികയുന്നതിനെയാണ് വീണ്ടുമൊരു സ്ത്രീയ്‌ക്കെതിരെ അപമാനശ്രമം ഉണ്ടായിരിക്കുന്നത്.
തീവണ്ടി യാത്രയ്ക്കിടെ സൗമ്യ എന്ന പെണ്‍കുട്ടി അതിദാരുണമായി കൊല്ലപ്പെട്ടതിന് ശേഷം സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ മതിയായ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് വേണ്ട രീതിയില്‍ നടപ്പിലാക്കാനായിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ജയഗീതയുടേയും ഹേമലതയുടേയും അനുഭവം.




















