തിരുവനന്തപുരം: ദുരന്തങ്ങള്‍ നേരിടാന്‍ വിവിധ സുരക്ഷാ ഏജന്‍സികളുടേയും സര്‍ക്കാര്‍ വകുപ്പുകളുടേയും യോജിച്ചുള്ള പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നേവി, കോസ്‌റ്ഗാര്‍ഡ്, പൊലീസ്, ഡയക്ടറര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ്, ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ ഉന്നതതല തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. റവന്യൂ വകുപ്പും, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സുരക്ഷായാനം 2012 അന്താരാഷ്ട്ര ശില്പശാലയും പ്രദര്‍ശനവും കനകക്കുന്ന് നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് വിധത്തിലുള്ള ദുരന്തത്തേയും നേരിടാനുള്ള തയ്യാറെടുപ്പ് അനിവാര്യമാണ്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് കാര്യക്ഷമായ ക്രൈസിസ് മാനേജ്‌മെന്റ് സംവിധാനം ഉണ്ടാകണം. എന്നാല്‍ ഈ രംഗത്ത് നമ്മുടെ തയ്യാറെടുപ്പുകള്‍ ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. സമീപകാലത്ത് കടലില്‍ ദുരന്തമുണ്ടായപ്പോള്‍ നേവിയും കോസ്‌റ്ഗാര്‍ഡും സമയോചിതമായ ഇടപെടലിലൂടെ സംസ്ഥാനത്തിന് വളരെ സഹായകരമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭൂമിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന തരത്തിലുള്ള ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കേരളം നേരിടുന്ന ഏറ്റവും വലിയ സമകാലിക പ്രതിസന്ധി എന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു. ദുരന്തനിവാരണത്തില്‍ പുത്തന്‍ സമീപനത്തിന് 'സുരക്ഷായാന'ത്തിലൂടെ സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുകയാണെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച റവന്യൂ ദുരന്തനിവാരണമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
പ്രകൃതി ദുരന്തങ്ങള്‍ പോലെ റോഡപകടങ്ങള്‍ കേരളത്തില്‍ ഭയാനകമായി വര്‍ദ്ധിക്കുകയാണെന്ന് ചടങ്ങില്‍ ആശംസകളര്‍പ്പിച്ച ഗതാഗതമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ചടങ്ങില്‍ അഡ്വ.എ.സമ്പത്ത് എം.പി., തിരുവനന്തപുരം മേയര്‍ അഡ്വ.കെ.ചന്ദ്രിക, മറ്റ് ജനപ്രതിനിധികള്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.നിവേദിത പി.ഹരന്‍, ഡിസാസ്‌റര്‍ മാനേജ്‌മെന്റ് അതോറിറ്റി സെക്രട്ടറി ഡോ.കെ.ബി.വത്സല കുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.





























