പിറവം: പ്രചാരണ കൊടുങ്കാറ്റിന് ശമനം, പോര്‍വിളികളുടെ മുഴക്കവും നിലച്ചു... സംസ്ഥാന രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നുന്ന പിറവം പോരാട്ടത്തിന് ശനിയാഴ്ച ക്ലൈമാക്‌സ്. കേരള ജനത ഇതുവരെ കാണാത്ത വീറും വാശിയും നിറഞ്ഞു നിന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം ചൊല്ലി നേതാക്കള്‍ പിരിഞ്ഞത്തോടെ പിറവത്തെങ്ങും പേമാരി പെയ്‌തൊഴിഞ്ഞ നിശബദത.
ഇടതുവലതുമുന്നണിസ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് പിറവത്ത് ജനവിധി തേടുന്നത്. ഐക്യമുന്നണി സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.ജെ. ജേക്കബും ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ.ആര്‍. രാജഗോപാലും തങ്ങളുടെ ഓരോ വോട്ടും ഉറപ്പിയ്ക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഹിതപരിശോധനയെന്ന് ഇരുപക്ഷവും സമ്മതിച്ചതോടെ പിറവം ഇരുമുന്നണികള്‍ക്കും നിര്‍ണായകമായി മാറിയിരിക്കുകയാണ്. വിവാദങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിറഞ്ഞുനിന്ന ഒരുമാസമായിരുന്നു പിറവത്തിനും കേരളത്തിനും. എല്ലാ പാര്‍ട്ടികളിലേയും തലമുതിര്‍ന്ന നേതാക്കന്മാര്‍ ഈ കാര്‍ഷിക ഗ്രാമത്തിലെത്തി പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നു.
ഇനി പിറവത്തെ വോട്ടര്‍മാരുടെ ഊഴമാണ്. ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ തുടങ്ങുന്ന വോട്ടെടുപ്പില്‍ പിറവം വിധിയെഴുതും. 134 ബൂത്തുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വന്‍ സുരക്ഷാസന്നാഹമാണ് മണ്ഡലത്തില്‍ ഒരുക്കിയിട്ടുള്ളത്.
ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് മണ്ഡലത്തിലാകെ ഒരുക്കിയിരിക്കുന്നത്.
രണ്ടായിരത്തോളം പോലീസുകാരെയാണ് ഇവിടേക്ക് നിയോഗിച്ചിരിക്കുന്നത്. റൂറല്‍ എസ്പി കെ.പി. ഫിലിപ്പിന്റെ നേതൃത്വത്തില്‍, മൂന്ന് ഡിവൈ.എസ്.പിമാര്‍ക്കാണ് മണ്ഡലത്തിന്റെ സുരക്ഷാ ചുമതല.
മണ്ഡലത്തില്‍ 24 പ്രശ്‌നസാധ്യതാ ബൂത്തുകളുണ്ടെന്നാണ് കണക്ക്. ഇവിടെ തലേന്നു മുതല്‍ വീഡിയോ നിരീക്ഷണമുണ്ടാകും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള വെബ് കാസ്റ്റിങ് സംവിധാനവും ഈ ബൂത്തുകളില്‍ ഏര്‍പ്പെടുത്തുന്നുണ്ട്.





























