ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭയിലെ ഭൂരിപക്ഷ എംഎല്‍എമാരും മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കു പിറകിലാണെന്ന് ഏറെക്കുറെ ഉറപ്പായി. ചൊവ്വാഴ്ച ആരംഭിച്ച നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 34 ബിജെപി അംഗങ്ങള്‍ മാത്രമാണ് എത്തിയത്.
സ്പീക്കറടക്കം ബിജെപിക്ക് 120 അംഗങ്ങളാണ് സഭയിലുള്ളത്. ഇതില്‍ 70 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് യെഡിയൂരപ്പയുടെ വാദം. സഭയുടെ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് യെഡിയൂരപ്പ വിഭാഗം ചില ഉപാധികള്‍ മുന്നോട്ടുവെച്ചതായി റിപ്പോര്‍ട്ടുണ്ട്.
പാര്‍ട്ടി നിയമസഭാ പ്രതിനിധികളുടെ യോഗംവിളിച്ച് പുതിയ നേതാവിനെ തിരഞ്ഞെടുക്കണമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. ഈ സമ്മേളനത്തിനു മുമ്പ് മുഖ്യമന്ത്രി സദാനന്ദ ഗൗഡ രാജിവയ്ക്കുകയും വേണം. ഫെബ്രുവരി 17ന് അന്തരിച്ച വിദ്യാഭ്യാസ മന്ത്രി വി എസ് ആചാര്യയെ അനുസ്മരിച്ചതിനുശേഷം സഭ പിരിഞ്ഞിട്ടുണ്ട്.





















