ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബര്‍ മേഖലയില്‍ താലിബാന്‍ തീവ്രവാദികള്‍ ജയില്‍ തകര്‍ത്ത് 400 ഓളം പേരെ മോചിപ്പിച്ചു. ബന്നു സെന്‍ട്രല്‍ ജയിലില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റോക്കറ്റുകളും ഗ്രനേഡുകളും ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ത്തതിനുശേഷം ഇരച്ചുകയറിയ സംഘത്തെ തടഞ്ഞുനിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല.
ആക്രമണത്തെ തുടര്‍ന്ന് സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളും പ്രദേശം വളഞ്ഞിരിക്കുകയാണ്. രക്ഷപ്പെട്ടവരില്‍ 12 ഓളം പേരെ പിടിയ്ക്കാന്‍ പോലിസിനു സാധിച്ചു. 150ഓളം വരുന്ന താലിബാന്‍ സംഘം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ജയിലിനുനേരെ ആക്രമണം അഴിച്ചുവിട്ടത്.
തകര്‍ത്ത ജയിലില്‍ നിന്നും പുറത്തുകടക്കുന്നവര്‍ക്ക് രക്ഷപ്പെടുന്നതിനായി വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. 944 തടവുപുള്ളികളുള്ള ജയിലിലെ ആറുബ്ലോക്കുകളാണ് ആക്രമികള്‍ ലക്ഷ്യം വെച്ചത്. പ്രധാനമായും തീവ്രവാദസ്വഭാവമുള്ള കേസുകളില്‍ പിടിയിലായവരാണ് രക്ഷപ്പെട്ടത്.
അല്‍ക്വയ്ദയും അഫ്ഗാനിസ്താന്‍ താലിബാനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന തെഹ്‌റീക് ഇ താലിബാന്‍ പാകിസ്താന്‍(ടിടിപി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.





























