കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ വിബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുള്‍ റഷീദ് അറസ്റ്റില്‍. കേസ് സിബിഐ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ അറസ്റ്റാണിത്.
ചോദ്യം ചെയ്യലിനായി റഷീദിനെ സിബിഐ ഓഫീസില്‍ വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. ഉണ്ണിത്താന്‍ വധശ്രമ കേസില്‍ മറ്റൊരു ഡിവൈഎസ്പിയായ സന്തോഷ് നായര്‍, കണ്ടെയ്‌നര്‍ സന്തോഷ് എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റു കൂടിയാണ് പിടിയിലായ അബ്ദുള്‍ റഷീദ്.
2011 ഏപ്രില്‍ 16 ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതരയോടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മാതൃഭൂമി കൊല്ലം ബ്യുറോ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ആയ ഉണ്ണിത്താനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. ജില്ലയിലെ പോലീസ് ഉന്നതരും ക്വട്ടേഷന്‍ ഗുണ്ടകളും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് എഴുതിയതായിരുന്നു ഇവരെ പ്രകോപിപ്പിച്ചത്.




























