തൃശൂര്‍: പ്രശസ്ത ഗായകന്‍ കെജെ യേശുദാസിനെ ഗുരുവായൂര്‍ അമ്പലത്തില്‍ കയറ്റണമെന്നാവശ്യപ്പെട്ട് നിരാഹാരം.
ജനസേവ മുന്നണി എന്ന സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തിലാണ് നിരാഹാര സമരം നടത്തുന്നത്. മെയ് ഒന്നിന് രാവിലെ മഞ്ജുളാല്‍ പരിസരത്ത് ജനസേവമുന്നണി പ്രവര്‍ത്തകര്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് സംഘടനാ പ്രസിഡന്റ് സോമന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തങ്ങളുടെ ആവശ്യം പരിഗണിക്കാന്‍ ക്ഷേത്രാധികൃതര്‍ തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം നടത്തുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.
ഗുരുവായൂര്‍ അമ്പലത്തില്‍ കയറാനുള്ള ആഗ്രഹം യേശുദാസ് ഏറെ കാലമായി പങ്കുവയ്ക്കുന്നതാണെങ്കിലും ഹിന്ദു മത വിശ്വാസിയല്ലാത്തതിനാല്‍ അദ്ദേഹത്തെ അമ്പലത്തില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന നിലപാടിലാണ് ക്ഷേത്രാധികൃതര്‍.
ഗുരുവായൂരപ്പനില്‍ വിശ്വസിക്കുന്ന ആര്‍ക്കും ക്ഷേത്രത്തില്‍ കയറി തൊഴുന്നതിനുള്ള അവസരമുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘടന അറിയിച്ചു.





























