മുമ്പെല്ലാം സിപിഎമ്മിനു വേണ്ടി കൊലപാതകങ്ങള്‍ നടത്തിയിരുന്നത് വിശ്വസ്തരായ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. പക്ഷേ, കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കുനോക്കുകയാണെങ്കില്‍ സിപിഎം രാഷ്ട്രീയ എതിരാളികളെ നേരിട്ടത് ക്വട്ടേഷന്‍ സംഘങ്ങളിലൂടെയാണ്. അവരുടെ കൊലപാതക രീതികള്‍ മുമ്പത്തെ സിപിഎം പ്രവര്‍ത്തകരുടെ രീതികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ടിപിയ്‌ക്കെതിരേയുള്ള ആക്രമണവും സിപിഎം ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തിന്റെതാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. പാര്‍ട്ടി സെക്രട്ടറി പോലും ഇത് ക്വട്ടേഷന്‍ ആക്രമണമാണെന്ന് പറയുന്നുണ്ട്.
എന്തുകൊണ്ട് ഇപ്പോള്‍?
മറ്റേത് രാഷ്ട്രീയ സാഹചര്യത്തിലും ടിപിയ്‌ക്കെതിരേ ആക്രമണം നടത്തിയാല്‍ സിപിഎമ്മിന് സംശയത്തിന്റെ ആനുകൂല്യം ലഭിക്കില്ല. ഇപ്പോള്‍ സിപിഎം ഇതു ചെയ്യുമോ? നിഷ്പക്ഷമായ ചിലരെങ്കിലും ചോദിക്കുന്നതും അതുകൊണ്ടാണ്.
സിപിഎം വിട്ടവര്‍ക്കെല്ലാം ഒന്നുകില്‍ യുഡിഎഫ് അല്ലെങ്കില്‍ പെരുവഴി എന്ന അവസ്ഥയാണ് സാധാരണ ഉണ്ടാവാറുള്ളത്. ടിപിയും സംഘവും വേറിട്ട് നില്‍ക്കുന്നത് ഇവിടെയാണ്. ഈയിടെ ആര്‍എംപി യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ കണ്ടാല്‍ മാത്രം മതി പാര്‍ട്ടിയുടെ കരുത്ത് മനസ്സിലാവാന്‍.
ടിപിയ്‌ക്കെതിരേ ആദ്യമായി നടക്കുന്ന ആക്രമണമല്ല ഇത്. ഇതിനു മുമ്പും നിരവധി തവണ കൊലവിളിയുണ്ടായിട്ടുണ്ട്. ആര്‍എംപിയുടെ സമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്നും സമ്മേളനത്തിന് പോകുന്ന ആണ്‍കുട്ടികളെ ഇല്ലാതാക്കുമെന്നും സിപിഎം പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ടിപിയുടെ അനുയായികള്‍ ആരോപിക്കുന്നു.
തീര്‍ച്ചയായും എംആര്‍ മുരളിയുടെയോ ശെല്‍വരാജിന്റെയോ രാഷ്ട്രീയമല്ല ടിപിയുടെത്. സിപിഎമ്മില്‍ നിന്നു വേറിട്ട് ശരിയ്ക്കും സിപിഎമ്മുകാരനായി പ്രവര്‍ത്തിക്കുകയായിരുന്നു ഈ നേതാവ്. ടിപിയെ കൊന്നത് ആരാണെന്ന് ചോദിച്ചാല്‍ ഒഞ്ചിയത്തെ അനുയായികള്‍ക്ക് രണ്ടാമതൊരു ഉത്തരമില്ല.





























