മുംബൈ: സെന്‍സെക്‌സിലും നിഫ്റ്റിയിലും കനത്ത തിരിച്ചടി. മുംബൈ ഓഹരി സൂചിക ഇന്‍ട്രാഡേയിലെ ഏറ്റവും വലിയ ഉയരത്തില്‍ നിന്നും 415 പോയിന്റോളം താഴേക്കിറങ്ങി 366.53 പോയിന്റ് നഷ്ടത്തില്‍ 16546.18 പോയിന്റിലും നിഫ്റ്റി ജനുവരി 18നുശേഷം ആദ്യമായി 5000നു താഴെ 4999.95 പോയിന്റിലും ക്ലോസ് ചെയ്തു.
ബാങ്കിങ്, സ്റ്റീല്‍, ടെക്‌നോളജി, ഓട്ടോ ഓഹരി മേഖലകിലുണ്ടായ വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിയെ തളര്‍ത്തിയത്. യൂറോപ്യന്‍ വിപണികളുടെ ഇറക്കവും ക്ലോസിങിനെ സ്വാധീനിച്ചു. സെന്‍ട്രല്‍ ബാങ്ക്, പാന്റലൂണ്‍ റീട്ടെയില്‍, ജയപ്രകാശ് അസോസിയേറ്റ്‌സ്, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് എന്നീ കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. മണപ്പുറം ഫിനാന്‍സ് 24.20ലാണ് ക്ലോസ് ചെയ്തത്. ഫെബ്രുവരിയില്‍ 59 രൂപയോളം വിലയുണ്ടായിരുന്ന ഓഹരിയാണിത്.
ടാറ്റാ സ്റ്റീല്‍ 3.23 ശതമാനം നഷ്ടത്തോടെ 427.35ലും(കഴിഞ്ഞ വര്‍ഷം ജൂലായില്‍ 606 രൂപയായിരുന്നു വില) റിലയന്‍സ് 6.65 പോയിന്റ് കുറഞ്ഞ് 708.65ലും (ഫെബ്രുവരിയില്‍ 852.65രൂപയായിരുന്നു വില) ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് 5.77 ശതമാനം നഷ്ടത്തോടെ 1200.35ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.
തകര്‍ച്ചക്കിടയിലും എംഎംടിസി, പെട്രോനെറ്റ് എല്‍എന്‍ജി, ടിടികെ പ്രസ്റ്റീജ്, മുത്തൂറ്റ് ഫിനാന്‍സ്, കൊറമണ്ടല്‍ ഇന്റര്‍നാഷണല്‍ കമ്പനികള്‍ ചെറിയ തോതില്‍ നേട്ടമുണ്ടാക്കി.





























