കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി പൊലീസിന്റെ വലയിലായതായി സൂചന. കൊലപാതകം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. കൊലപാതം നടത്തിയ ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്ന തലശേരി ടെമ്പിള്‍ഗേറ്റ് സ്വദേശിയായ സുനില്‍കുമാര്‍ എന്ന കൊടി സുനിയാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായിരിക്കുന്നത്.
കര്‍ണ്ണാടകയിലേയ്ക്ക് കടന്ന് സുനിലിനെ കര്‍ണാടക പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മറ്റൊരു പ്രതിയായ റഫീഖിനെ പിടികൂടാന്‍ പൊലീസിന് ഇതു വരെ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്.
ബാംഗ്ലൂരിലേയ്ക്ക് കടന്ന റഫീഖിനായി തിരച്ചില്‍ നടത്തിയെങ്കിലും ഇയാള്‍ ഇവിടെ നിന്നും കടന്നു കളഞ്ഞതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കൊലപാതകത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ കുറിച്ചും അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
ടിപി വധക്കേസ് അന്വേഷിക്കുന്ന സംഘം തിങ്കളാഴ്ച സുനിലിന്റെ ചൊക്ലിയിലെ വീട്ടിലും റഫീഖിന്റെ പള്ളൂരിലെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ചൊക്ലി, വളയം, നാദാപുരം ഭാഗങ്ങളിലെ സിപിഎം പ്രവര്‍ത്തകരുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയതായാണ് വിവരം. അതേസമയം കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കേന്ദ്രീകരിച്ചാണെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ആ വഴിയ്ക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്.





























