കോഴിക്കോട്: കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ മൂന്നു പേരെ കൂടി റിമാന്‍ഡ് ചെയ്‌തു. ദില്‍ഷാദ് മുഹമ്മദ് ഫസല്‍, സനീഷ് എന്നിവരെയാണ് കുന്ദമംഗലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്‌തത്.
മെയ് 16നായിരുന്നു ഈ പ്രതികള്‍ പൊലീസ് പിടിയിലായത്. ഇതിനിടയില്‍ ടിപി വധവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. മൂഴിക്കര സ്വദേശി അബിയെയാണ് അന്വേഷണ സഘത്തിന്റെ പിടിയിലായത്.
നിലവില്‍ മറ്റ് രണ്ട് കൊലപാതക കേസുകളില്‍ പ്രതിയാണ് അബി. പ്രതികളെ രക്ഷപ്പെടുവാന്‍ സഹായിച്ചു എന്ന സംശയത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇയാരലെ വടകരയില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തു വരികയാണ്.
അതേസമയം കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌ത രാഘവന്‍ എന്നയാളം ചോദ്യം ചെയ്‌തതിനു ശേഷം വിട്ടയച്ചു. അന്വേഷണം അതിന്റെ വഴിക്ക് കാര്യമായി തന്നെ പുരോഗമിക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രസ്‌താവനകളും, ആരോപണങ്ങളും, മറുപടി പ്രസ്‌താവനകളും എല്ലാം ഇറക്കി സജീവമാണ്.
ചന്ദ്രശേഖര വധക്കേസിന്റെ അന്വേഷണം വവിമുട്ടിക്കാന്‍ സിപിഎമ്മിന്റെ കണ്ണൂര്‍ ലോബി ശ്രമിക്കുകയാണെന്നാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ആരോപിച്ചത്. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തേണ്ട ആവശ്യം സിപിഎമ്മിന് ഉണ്ടായിരുന്നില്ല എന്നു പറഞ്ഞ പിണറായി കേസില്‍ സിപിഎമ്മിനെ കുടുക്കാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി തീപന്തമാകും എന്ന മുന്നറിയിപ്പും നല്‍കി.





















