കൊച്ചി: തലശ്ശേരിയില്‍ കൊല്ലപ്പെട്ട എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ വധത്തില്‍ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഫസലിന്റെ ഭാര്യ മറിയുവാണ് ഹര്‍ജി നല്‍കിയത്. കേസില്‍ കൂടുതല്‍ വിപുലമായ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ടുവെന്നാണ് ആരോപണം. ഫസല്‍ വധത്തിനു ശേഷം കോടിയേരി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കൊലപാതകം നടത്തിയത് ആര്‍എസ്എസുകാരാണെന്ന് ആരോപിച്ചിരുന്നു. കേസിലെ പ്രതി കാരായി ചന്ദ്രശേഖരനും കോടിയേരിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പൊലീസ് അന്വേഷണത്തില്‍ കോടിയേരി ഇടപെട്ടതിനു തെളിവുണ്ട്. അതിനാല്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കോടിയേരിക്കെതിരേ അന്വേഷണം വേണം. ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ടു സിപിഎം നടത്തുന്ന പ്രക്ഷോഭങ്ങള്‍ സിബിഐയെ സമ്മര്‍ദത്തിലാക്കുമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇതു പ്രാദേശിക നേതാക്കളില്‍ മാത്രം കേസ് ഒതുക്കി നില്‍ക്കാനും കേസിനെ ദുര്‍ബലപ്പെടുത്താനും സിബിഐയെ നിര്‍ബന്ധിതരാക്കുമെന്ന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണു കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷണം എന്ന ആവശ്യമുന്നയിക്കുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.
ഇതിനു പുറമെ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയില്‍ കേസിലെ പ്രതികളായ കാരായി ചന്ദ്രശേഖരന്‍, കാരായി രാജന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നും മറിയു ആവശ്യപ്പെട്ടു.





















