ദില്ലി: ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ നടത്തിയിട്ടുള്ള കള്ളപ്പണ നിക്ഷേപം തിരിച്ചു പിടിക്കണം എന്ന് ആവശ്യപ്പെട്ടും, ഭരണകേന്ദ്രങ്ങളില്‍ പടരുന്ന അഴിമതിക്കെതിരെയും ഗാന്ധിയന്‍ അണ്ണാ ഹസാരെയും യോഗാ ഗുരു ബാബ രാംദേവും ഞായറാഴ്‌ച ദില്ലിയിലെ ജന്തര്‍മന്ദിറില്‍ ഉപവസിക്കുന്നു.
കൂടെ ആണ്ണാ ഹസാരെ സംഘത്തിലെ പ്രമുഖരായ അരവിന്ദ് കെജ്രിവാള്‍, മനീഷ് ശിശോദിയ, ഗോപാല്‍ റായ് തുടങ്ങിയവരും ഉപവാസത്തില്‍ പങ്കെടുക്കും. അതുപോലെ കരസേനാ മേധാവിയായി വിരമിച്ച ജനറല്‍ വികെ സിങ്ങും ഉപവസിക്കും എന്നൊരു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും ഉണ്ട്.
രാംലീലാ മൈതാനത്തില്‍ രാംദേവ് നടത്തിയ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ വാര്‍ഷിക ദിനത്തിലാണ് ഈ ഉപവാസ സമരം. ഇരുവരും രാജ്‌ഘട്ടിലെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് ഉപവാസം തുടങ്ങിയത്.
ഉപവാസത്തോടനുബന്ധിച്ച് വന്‍ പൊലീസ് സന്നാഹത്തെ തന്നെ വിന്യസിച്ചിട്ടുണ്ട്. ഇതിനു പുറമെ 20 കമ്പനി അര്‍ദ്ധ സൈനികരെയും വിന്യസിക്കും എന്നും ദില്ലി പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുണ്ട്.





























