കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഹന്നാന്‍ മെത്രാപ്പോലീത്തയുടെ ആത്മീയ വേലകള്‍

  • By ഷിബു ടി ജോസഫ്
Google Oneindia Malayalam News

Gospel of Asia
ആത്മീയതയുടെ പേരുപറഞ്ഞ് നടക്കുന്നവരില്‍ തൊണ്ണൂറ്റഞ്ച് ശതമാനവും തട്ടിപ്പുകാരാണെന്ന വാദത്തിന് ബലമേകുകയാണ് തിരുവല്ലയില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍. തിരുവല്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബിലീവേഴ്‌സ് ചര്‍ച്ച് എന്ന സ്വന്തം സഭ സ്ഥാപിച്ച് മധ്യതിരുവിതാംകൂറില്‍ സ്വന്തമായൊരു സാമ്രാജ്യം തന്നെ സ്ഥാപിച്ച കെ പി യോഹന്നാന്‍ എന്ന സുവിശേഷക പ്രചാരകന്‍ അത്ര നല്ലതല്ലാത്ത വാര്‍ത്തകളില്‍ ഇടം നേടിയിട്ട് കാലം കുറെയായി.

ഇപ്പോള്‍ കെ പി യോഹന്നാന്റെ സാമ്പത്തിക ഇടപാടികളെക്കുറിച്ചും സ്വത്ത് വിവരങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.കെ പി യോഹന്നാന്‍ നിയമവിരുദ്ധമായി ആയിരക്കണക്കിന് കോടികള്‍ സമ്പാദിക്കുകയും സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുകയും ചെയ്യുകയാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പരാതികള്‍ ഉണ്ടായിരുന്നു. പേരിന് നടത്തിയ ചില അന്വേഷണങ്ങളില്‍ തന്നെ യോഹന്നാന്റെ സ്വത്തുവിവരങ്ങളെക്കുറിച്ചറിഞ്ഞ സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ഞെട്ടിപ്പോയിട്ടുണ്ട്. ഈ ഞെട്ടലില്‍ അന്വേഷണം വഴിമുട്ടുകയും ചെയ്തിരുന്നു.

ഇത്രകണ്ട സ്വത്തുക്കള്‍ കെ പി യോഹന്നാന്‍ സമ്പാദിച്ചുകൂട്ടിയത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ്. ഏതാണ്ട് 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് കവലകളില്‍ സുവിശേഷം പ്രസംഗിച്ച് നടന്ന യോഹന്നാന്‍ ഇന്ന് ഇന്ത്യയിലെ തന്നെ മുന്തിയ പണക്കാരുടെ പട്ടികയില്‍ പെടും. സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ പണത്തിന് മുന്നില്‍ ഇത്രയും കാലം നിരായുധരാക്കി നിര്‍ത്താന്‍ ഈ സുവിശേഷ വ്യാപാരിക്ക് കഴിഞ്ഞു എന്നതാണ് പ്രധാനം. കുട്ടനാട്ടില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച യോഹന്നാന്‍ സുവിശേഷവത്ക്കരണത്തിനിറങ്ങിയതോടെ സമയം തെളിയുകയായിരുന്നു. 30 വര്‍ഷം മുമ്പ് തിരുവല്ലയിലെ മഞ്ഞാടിയില്‍ ആറ് നിലകളിലായി വന്‍കെട്ടിടം (ഗോസ്പല്‍ ഫോര്‍ ഏഷ്യ)തന്റെ സ്വന്തം സഭയുടെ ആസ്ഥാനമന്ദിരമായി കെട്ടിയുയര്‍ത്തി. വിദേശ ബന്ധങ്ങള്‍ വഴി ഇന്ത്യയിലെ അവിശ്വാസികളെ െ്രെകസ്തവവിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കാന്‍ കോടികളാണ് യോഹന്നാന്‍ ഒഴുക്കിയെടുത്തത്.

പട്ടിണിയില്‍ കഴിഞ്ഞിരുന്ന ദലിത് വിഭാഗത്തില്‍ പെട്ട ആളുകളെ ആകര്‍ഷിച്ച് സഭയിലേക്ക് ആളെക്കൂട്ടി. അന്നന്നത്തെ അപ്പത്തിനുള്ള വക കിട്ടുമെന്നതിനാല്‍ യോഹന്നാന്റെ സുവിശേഷവത്ക്കരണത്തിലേക്ക് ഒരു കാലത്ത് ആളുകള്‍ ഇടിച്ചുകയറുകയായിരുന്നു. ലോകമെങ്ങും പോയി സുവിശേഷം പ്രചരിപ്പിക്കാന്‍ സഭയിലെ കുഞ്ഞാടുകള്‍ക്ക് സൈക്കിളും സ്‌കൂട്ടറും കാറും മറ്റഡോര്‍ വാനുമൊക്കെ നല്‍കി. പുതിയ പള്ളികള്‍ സ്ഥാപിച്ചു. വില്‍ക്കാന്‍ വച്ചിരുന്ന ഭൂമിയൊക്കെ പറഞ്ഞ വിലകൊടുത്ത് വാങ്ങി. സ്‌കൂളുകളും കോളെജുകളും ദൈവശാസ്ത്രപഠന കേന്ദ്രങ്ങളും മുക്കിന് മുക്കിന് സ്ഥാപിച്ചു. സ്വന്തം ചാനലുണ്ടാക്കി. മറ്റ് ചാനലുകളിലും സുവിശേഷം പറഞ്ഞു.

തിരുവല്ല ദേശം സുറിയാനി മാര്‍ത്തോമ സഭയുടെ റോമാണ്. കൂടാതെ പുരാതന സുറിയാനി െ്രെകസ്തവരായ യാക്കോബായ, ഓര്‍ത്തഡോക്‌സ്, മലങ്കര കത്തോലിക്കരും തിരുവല്ലയിലെ പ്രമാണികളാണ്. ഇവര്‍ നൂറ്റാണ്ടുകളായി ഇവിടെ സുവിശേഷവേല ചെയ്യുകയാണ്. കൂടാതെ അധഃകൃതരെ അണിനിരത്തി ഒട്ടേറെ പെന്തക്കോസ്ത് സഭകളും തിരുവല്ലയിലും പരിസരത്തും വേല ചെയ്യുന്നുണ്ട്. എന്നാല്‍ കെ പി യോഹന്നാന്‍ വളര്‍ന്നതും പന്തലിച്ചതുമൊന്നും ഇവരെയാരെയും പ്രകോപിതരാക്കിയില്ല. കാരണം യോഹന്നാന്റെ മേച്ചില്‍പ്പുറം ദളിതുകള്‍ക്കിടയിലായിരുന്നു എന്നതാണ്. യോഹന്നാനും പുരാതന പാരമ്പര്യസുറിയാനിക്കാരെ തൊട്ടുകളിക്കാന്‍ പോയില്ല.

കേരളത്തിലെ സുവിശേഷവത്ക്കരണത്തില്‍ പരമാവധി ആളെക്കിട്ടിയപ്പോള്‍ അന്യസംസ്ഥാനങ്ങളിലും സുവിശേഷം വ്യാപിപ്പിച്ചു. ആക്രമണങ്ങളും അരാജകത്വവും നിലനിന്നിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കായി യോഹന്നാന്റെ വലവീശല്‍. നേപ്പാളും യോഹന്നാന്റെ സുവിശേഷപ്രഘോഷണത്തിന്റെ വേദിയായി. ഇന്നാടുകളില്‍ നിന്നെല്ലാം തിരുവല്ലയിലേക്ക് വിശ്വാസികളെ ഇറക്കുമതി ചെയ്തു. പഴയ ദലിതുകളെ സുപ്രധാന തസ്തികകളില്‍ നിന്ന് മാറ്റി ആപ്പിളും ഓറഞ്ചും പോലുള്ള നേപ്പാളികളെയും മണിപ്പൂരികളെയും ആസ്ഥാനത്തെ ചുമതല ഏല്‍പ്പിച്ചു. അങ്ങനെ രാജാവിനെപ്പോലെ വാണരുളി.

സുവിശേഷ പ്രഘോഷകനും മൂത്ത പാസ്റ്ററുമായിരുന്ന യോഹന്നാന്‍ തന്റെ സഭ താന്‍ ഉദ്ദേശിച്ചതിനേക്കാള്‍ വലുതായെന്ന് കണ്ടപ്പോള്‍ കളം മാറ്റിച്ചവിട്ടാന്‍ തീരുമാനിച്ചു. സുവിശേഷകന്‍ എന്നതിന് ഗുമുക്ക് വരണമെങ്കില്‍ കുറഞ്ഞത് ഒരു മെത്രാനെങ്കിലും(ബിഷപ്പ്) ആകണം. കയ്യില്‍ കാശുണ്ടായാല്‍ മെത്രാനാകില്ല. സ്വന്തമായി മെത്രാനായി പ്രഖ്യാപനം നടത്തിയാല്‍ വിശ്വാസികള്‍ അംഗീകരിക്കാന്‍ മടിക്കും. ഒരു മെത്രാന് മാത്രമേ മറ്റൊരാളെ മെത്രാനായി വാഴിക്കാന്‍ അധികാരമുള്ളൂ. അങ്ങനെയാണ് ക്രിസ്തുവിന്റെ കാലം മുതല്‍ക്കുള്ള ഏര്‍പ്പാട്. യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചിന് മെത്രാനില്ല. മറ്റ് ചര്‍ച്ചുകള്‍ യോഹന്നാന്റെ ചര്‍ച്ചിനെ മുന്തിയ ചര്‍ച്ചായി കാണുന്നുമില്ല. അപ്പോള്‍ പിന്നെ സാധാരണരീതിയില്‍ യോഹന്നാന്‍ പ്രയോഗിക്കുന്ന മാര്‍ഗം മെത്രാന്‍ സ്ഥാനം നേടുന്നതിനും അങ്ങ് പ്രയോഗിച്ചു.

യോഹന്നാനും മെത്രാനായി. യോഹന്നാന്‍ മെത്രാന്‍ തന്റെ സഭയിലേക്ക് ആവശ്യമായ കുട്ടിമെത്രാന്മാരെ പിന്നീട് സ്വന്തമായി കൈവെപ്പ് നല്‍കി വാഴിച്ച് വലിയമെത്രാപ്പോലീത്തയായി വിലസി. ഇതിനിടെയാണ് സ്ഥലത്തെ ചില സാമദ്രോഹികള്‍ യോഹന്നാന്‍ മെത്രാന്റെ വിലസല്‍ കണ്ട് അസൂയമൂത്ത് സര്‍ക്കാരിന് പരാതി നല്‍കിയത്. സര്‍ക്കാര്‍ ഒരന്വേഷണമങ്ങ് പ്രഖ്യാപിച്ചു. അന്വേഷണം ഊര്‍ജ്ജിതമായപ്പോഴാണ് പതിനായിരക്കണക്കിന് കോടികളുടെ സ്വത്തിനുടമയാണ് യോഹന്നാനെന്ന് മനസിലായത്. കളി തീക്കളിയാകുമെന്ന് കണ്ടപ്പോള്‍ അന്വേഷണം സഡന്‍ ബ്രേക്കിട്ട് നിന്നു. അപ്പോഴാണ് പരാതിക്കാര്‍ പൊതുതാല്‍പര്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചതും ഇപ്പോള്‍ കോടതി നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ അന്വേഷണം വീണ്ടും ഊര്‍ജ്ജിതമാക്കാമെന്ന് സമ്മതിച്ചതും.

പൊതുവേ രാഷ്ട്രീയക്കാര്‍ക്കും മറ്റ് സംഘടനക്കാര്‍ക്കും യോഹന്നാന്‍ മെത്രാനെ കണ്ണെടുത്ത് കണ്ടുകൂടാ. കാരണം പത്തുപൈസ പിരിവ് കൊടുക്കാത്ത അറുംപിശുക്കനാണ് യോഹന്നാന്‍ വലിയമെത്രാപ്പോലീത്ത. താന്‍ പാടുപെട്ട് സുവിശേഷവേല ചെയ്തുണ്ടാക്കിയ കാശ് കണ്ട് എരപ്പകള്‍ക്ക് വെറുതെകൊടുക്കാന്‍ മനസില്ലെന്നാണ് യോഹന്നാന്‍ മെത്രാന്റെ വാദം. മാത്രമല്ല കാന്തപുരം മുസല്യാരെപ്പോലെ വോട്ടുബാങ്കുണ്ടാക്കാനോ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളെ പറയാനോ ഒന്നും യോഹന്നാന്‍ മെത്രാന് നേരമില്ല. അതിനാല്‍ രാഷ്ട്രീയക്കാര്‍ക്കൊട്ട് പേടിയുമില്ല. ഉള്ളസമയത്ത് നാല് സുവിശേഷം പറഞ്ഞ് പത്തുകാശു കൂടിയുണ്ടാക്കാനാണ് പുള്ളിയുടെ നോട്ടം. അതിനാല്‍ യോഹന്നാനെതിരെ അന്വേഷണം വരുന്നതില്‍ ആര്‍ക്കും വലിയ പരാതിയൊന്നുമില്ല എന്നുവേണം ഇപ്പോള്‍ കരുതാന്‍. എന്നാല്‍ പണത്തിന് മീതം പരുന്തുപോലും പറക്കില്ലെന്ന് പണ്ടുള്ളവര്‍ പറഞ്ഞത് മറക്കാന്‍ പറ്റില്ലല്ലോ!

English summary
Dr. K.P. Yohannan is the founder and president of Gospel for Asia,[1] a Christian organization based in Carrollton, Texas, and the Metropolitan of Believers Church,[2] a network of Pentecostal churches in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X