ആനകള്‍ക്കും ഇനിമുതല്‍ 'ആര്‍ സി ബുക്ക്'. നാട്ടാനകളുടെ ഉടമസ്ഥാവകാശ തര്‍ക്ക പരിഹാരത്തിനും മറ്റുമായി സംസ്ഥാനത്തെ നാട്ടാനകള്‍ക്ക് ഡാറ്റാബുക്ക് നല്‍കിത്തുടങ്ങി.നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനില്‍ വെച്ച് ഇക്കോ ഡെവലപ്‌മെന്റ് അഡീഷണല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ എന്‍ വി ത്രിവേദിയാണ് എലിഫന്റ് ഡാറ്റാബുക്ക് വിതരണം ചെയ്തുതുടങ്ങിയത്. മലപ്പുറം ജില്ലയിലെ ആനകള്‍ക്കാണ് ആദ്യഘട്ടം ഡാറ്റാബുക്ക് നല്‍കിയത്.
മലപ്പുറം ജില്ലയില്‍ 18 നാട്ടാനകളാണുള്ളത്. ഇതില്‍ 15 എണ്ണത്തിനാണ് ഡാറ്റാബുക്ക് നല്‍കിയത്. രണ്ടുമാസം മുമ്പ് ബാലുശ്ശേരിയില്‍ നടന്ന ക്യാമ്പില്‍ ആനകളെ എത്തിച്ച് അളവ് എടുപ്പിച്ച ഉടമസ്ഥര്‍ക്കാണ് ഡാറ്റാബുക്ക് കൈമാറിയത്. സ്ഥലത്ത് എത്തിക്കാന്‍ കഴിയാതെ വന്നതും, ക്യാമ്പ് സമയത്ത് മദപ്പാട് ഉണ്ടായതുമായ ആനകള്‍ക്ക് ഡാറ്റാബുക്ക് നല്‍കിയിട്ടില്ല.
വനം വകുപ്പാണ് ആനകളുടെ വിവരങ്ങള്‍ അടങ്ങുന്ന എലിഫന്റ് ഡാറ്റാബുക്ക് തയ്യാറാക്കിയത്. സംസ്ഥാനത്ത് എഴുനൂറോളം നാട്ടാനകളുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. ആനയുടെ വലിപ്പം, കൊമ്പിന്റെ നീളം, യഥാര്‍ഥ ഉടമ, ആനയുടെ ഫോട്ടോ തുടങ്ങി ആനയുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും ഉള്‍പ്പെട്ട ഡാറ്റാബുക്കാണ് തയ്യാറാക്കിയിരിക്കുന്നത്.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഒപ്പോടുകൂടിയതാണ് ബുക്ക്. സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ ആനയുടമസ്ഥര്‍ക്ക് ബുക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഒരു ജില്ലയില്‍ നിന്നും മറ്റൊരു ജില്ലയിലേക്ക് ആനകളെ കൊണ്ടു പോകുമ്പോള്‍ അതാത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ അനുമതി വാങ്ങണം. എന്നാല്‍ ഡാറ്റാബുക്ക് കൈവശമുണ്ടെങ്കില്‍ ഈ നിയമത്തില്‍ ഇളവുണ്ടാകും.





























