തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘത്തലവന്‍ എഡിജിപി വിന്‍സന്‍ എം പോള്‍ അവധിയില്‍ പോകുന്നത് കേസ് അന്വേഷണത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
എഡിജിപിയുടെ അവധി അപേക്ഷയില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കും. പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കെടി ജയകൃഷ്ണന്‍ വധം അടക്കമുള്ള കേസുകളില്‍ പുതിയ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ തുടര്‍നടപടികളെ കുറിച്ച് ആലോചിക്കും. പുനരന്വേഷണം വേണമോ എന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘത്തലവന്‍ എഡിജിപി വിന്‍സന്‍ എം പോള്‍ അവധിക്ക് അപേക്ഷിച്ചിരുന്നു. സ്വകാര്യ ആവശ്യത്തിനായാണ് അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് വിന്‍സന്‍ എം പോള്‍ അവധിയ്ക്ക് അപേക്ഷിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ അവധി അനുവദിക്കണമോ എന്ന കാര്യത്തെ കുറിച്ച് ആഭ്യന്തര വകുപ്പ് തീരുമാനമെടുത്തിട്ടില്ല.





























