ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ വീടിന് മുന്നില്‍ അദ്ദേഹത്തിനെതിരായി പോസ്റ്ററുകള്‍. പുന്നപ്രയിലെ വിഎസിന്റെ വീടിന് മുന്നിലെ മതിലിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ ചുവടു പിടിച്ചാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
കുലംകുത്തി വിഎസിനെ പുറത്താക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററില്‍ കേന്ദ്രനേതൃത്വത്തിനേയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഇടതുപക്ഷ സംരക്ഷണ സമിതിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്.
ടിപി വധക്കേസില്‍ വിഎസ് സ്വീകരിച്ച നിലപാട് യുഡിഎഫിന് ഗുണമായെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. അതേസമയം സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണിയുടെ അപലപനീയമായ പ്രസംഗം നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടത്. പരാജയ കാരണം തിരുത്തി മുന്നോട്ട് പോകുമെന്നും വിഎസ് പറഞ്ഞു.
നെയ്യാറ്റിന്‍കരയില്‍ വോട്ടെടുപ്പ് നടന്ന ദിവസം അച്യുതാനന്ദന്‍ ടിപിയുടെ വീട് സന്ദര്‍ശിച്ചത് വിവാദമായിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയായിരുന്നില്ല വിഎസിന്റെ സന്ദര്‍ശനം.





























