തിരുവനന്തപുരം: പാര്‍ട്ടി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്ന് അംഗങ്ങളെ പുറത്താക്കിയേക്കുമെന്ന് സൂചന. വി.എസ്സിന്റെ പ്രസ് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എ.സുരേഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ട്ടിയെ മോശമാക്കാന്‍ ശ്രമിച്ചു. പാര്‍ട്ടിക്കുള്ളില്‍ നന്മയുടെയും തിന്മയുടെയും രണ്ട് പക്ഷമുണ്ടെന്ന് പ്രചരിപ്പിച്ച ഇവര്‍ ഒരുപക്ഷം മുതലാളിത്തവുമായി ചങ്ങാത്തത്തിലാണെന്ന് വരുത്തിതീര്‍ക്കുകയും ചെയ്‌തെന്ന് സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
വിഎസ് മുഖ്യമന്ത്രിയായിരിക്കവേ നടന്ന കോട്ടയം സമ്മേളനത്തിന് ശേഷം പാര്‍ട്ടിയുടെ ഇടക്കാല റിവ്യൂ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നതാണ് വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയുള്ള ആരോപണം.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വൈക്കം വിശ്വന്‍, എ. വിജയരാഘവന്‍ എന്നിവരെ ഉള്‍പ്പെടുത്തി സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷമായിരുന്നു ഈ കമ്മീഷനെ നിയമിച്ചത്. വാര്‍ത്ത ചോര്‍ച്ച അന്വേഷിച്ച കമ്മീഷന്‍ ഇവര്‍ കുറ്റം ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കുന്നതിന് കാരണമുണ്ടെങ്കില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു കൊണ്ട് മൂവര്‍ക്കും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.




























