ദേശാഭിമാനിയുടെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി പങ്കെടുക്കുന്ന മാധ്യമസെമിനാറിനെതിരേ പരസ്യപ്രതിഷേധവുമായി ഒരു വിഭാഗം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരിക്കുന്നു. ഇതിനു പിന്നിലെ അടിയൊഴുക്കുകള്‍ എന്തൊക്കെയാണ്? സിപിഎമ്മിന്റെ ഔദ്യോഗിക വക്താവായി ചാനലുകളിലും പ്രഭാഷണവേദികളിലും നിരന്തരം എത്തികൊണ്ടിരിക്കുന്ന മാധവന്‍കുട്ടിക്കെതിരേ കാസര്‍ക്കോട് ജില്ലയിലെ നീലേശ്വരത്തെ സ്വന്തം പാര്‍ട്ടി അണികള്‍ തന്നെയാണ് ഇപ്പോള്‍ കലാപക്കൊടി ഉയര്‍ത്തുന്നത്.

ജൂണ്‍ 20ന് 'വലതുപക്ഷ മാധ്യമ ഗൂഡാലോചനയ്‌ക്കെതിരേ രക്തസാക്ഷ്യം' സെമിനാറില്‍ മാധവന്‍കുട്ടിയെ പങ്കെടുപ്പിക്കാന്‍ ശ്രമം ആരംഭിച്ചപ്പോള്‍ തന്നെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സിപിഎം വേദികളിലെല്ലാം വിഎസ് അച്യുതാനന്ദനെ ആസൂത്രിതമായി ആക്രമിക്കുന്ന മാധവന്‍കുട്ടിയുടെ പ്രസംഗശൈലിയില്‍ വലിയ വിഭാഗം പ്രവര്‍ത്തകര്‍ക്ക് കടുത്ത അമര്‍ഷം തന്നെയാണുള്ളത്.
അതുകൊണ്ടു തന്നെയാണ് കാസര്‍ക്കോട് ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികളില്‍ നിന്ന് അവസാന നിമിഷം ഇദ്ദേഹത്തിനു മാറി നില്‍ക്കേണ്ടി വന്നത്. കാസര്‍ക്കോട്ടെ നീലേശ്വരം മടിക്കൈ, കയ്യൂര്‍ ഭാഗങ്ങള്‍ക്ക് കമ്യൂണിസ്റ്റ് ചരിത്രത്തില്‍ സവിശേഷമായ പ്രാധാന്യമാണുള്ളത്. അധ്വാനവര്‍ഗ്ഗത്തിന്റെ പശിമയാര്‍ന്ന കാസര്‍ക്കോടന്‍ മണ്ണിനെ ചുവപ്പിന്റെ ഐക്യജാഥയായി വളര്‍ത്തിയതില്‍ ഈ ഗ്രാമങ്ങള്‍ വഹിച്ച അത്ര വലിയതാണ്. അതു പഴയ കഥ. ഇന്ന് വിഎസ് അച്യുതാനന്ദനെതിരേ ഔദ്യോഗിക പക്ഷം കൈകൊള്ളുന്ന നിലപാടുകള്‍ക്കെതിരേ ആദ്യ പ്രതിഷേധമുയരുന്ന സ്ഥലങ്ങള്‍ നീലേശ്വരം മേഖലകള്‍ തന്നെ. അങ്ങനെ ഉയര്‍ന്നതാണല്ലോ നീലേശ്വരത്തെ' വിഎസ് ഓട്ടോ സ്റ്റാന്റും'.
സിപിഎം മുഖപത്രത്തിന്റെ നേതൃസ്ഥാനീയനും ഔദ്യോഗിക വക്താവുമൊക്കെയായിട്ടാണ് എന്‍ മാധവന്‍കുട്ടി അറിയപ്പെടുന്നതെങ്കിലും കൂറുമാറി പാര്‍ട്ടിയില്‍ എത്തുന്നതുവരെ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു മാധവന്‍കുട്ടി എന്ന പ്രചരണമാണ് നിലേശ്വരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മാധവന്‍കുട്ടി എഴുതിയ കമ്യൂണിസ്റ്റ് വിരുദ്ധ ലേഖനങ്ങള്‍ അതിനുള്ള തെളിവായി അവര്‍ എടുത്തുകാണിക്കുകയും ചെയ്യുന്നു.
മുഖ്യമന്ത്രി ഇകെ നായനാരെ കോമാളിയെന്ന് വിളിച്ച് എഴുതിയ ലേഖനങ്ങളും ഡോ കെ എന്‍ പണിക്കര്‍ക്ക് കമ്യൂണിസ്റ്റ് തിമിരമാണെന്ന മട്ടില്‍ വിമര്‍ശിച്ചുകൊണ്ട് മാധവന്‍കുട്ടി എഴുതിയ ലേഖനങ്ങളും വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടാണ് നിലേശ്വരത്തെ ഒരു വിഭാഗം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം കൊഴുപ്പിക്കുന്നത്.
അടുത്തിടെ നായനാര്‍ അനുസ്മരണ സെമിനാറില്‍ പുരോഗന കലാസാഹിത്യസംഘത്തിന്റെ മുന്‍ സെക്രട്ടറി കരിവള്ളൂര്‍ മുരളി മാധവന്‍കുട്ടിയുടെ നിലപാടുകളെ തുറന്ന് വിമര്‍ശിച്ചിരുന്നു. അതിനു മറുപടി നല്‍കാനുള്ള വേദിയായി ഈ സെമിനാറിനെ മാധവന്‍കുട്ടി മാറ്റുമോ എന്ന ആശങ്കയും ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ കാസര്‍ക്കോട് ജില്ലാ നേതൃത്വം ഇടപെട്ട് സമവായ ചര്‍ച്ച നടത്തിയത്.
ഇതിനെ തുടര്‍ന്ന് നേരത്തെ പ്രഖ്യാപിച്ച് വിഎസ് ഓട്ടോ സ്റ്റാന്റ് പരിസരത്തുനിന്നും വേദിമാറ്റാന്‍ തീരുമാനിച്ചു. എന്നാല്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചതിനാല്‍ മാധവന്‍കുട്ടിയെ പിന്‍വലിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. പാര്‍ട്ടി നിലപാട് അംഗീകരിക്കുന്നുവെന്നും എന്നാല്‍ പാര്‍ട്ടി ലൈനിനു വിരുദ്ധമായി മാധവന്‍കുട്ടി പ്രസംഗിച്ചാല്‍ നോക്കി നില്‍ക്കില്ല എന്നു തന്നെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നേതാക്കളെ അറിയിച്ചിരിക്കുന്നത്. സിപിഎമ്മിനുള്ളിലും പോഷകസംഘടനകള്‍ക്കുള്ളിലും രൂപംകൊണ്ടിട്ടുള്ള ആശയസംഘടനങ്ങളിലേക്കും ആഭ്യന്തരസംഘര്‍ഷങ്ങളിലേക്കും വിരല്‍ചൂണ്ടുന്നതാണ് നിലേശ്വരത്തെ ഈ സംഭവവികാസങ്ങള്‍.



















