തിരുവനന്തപുരം: ലീഗ് നേതാവ് ചെയര്‍മാനായ സംഘടനയ്ക്ക് പണം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. സി എച്ച് മുഹമ്മദ്‌കോയ ട്രസ്റ്റിന് പണം നല്‍കണമെന്ന നിര്‍ദേശത്തിന് പിന്നാലെ മന്ത്രി മുനീര്‍ തന്നെയാണ് പുതിയ ഉത്തരവും പുറപ്പെടുവിച്ചിരിക്കുന്നത്.
മുസ്ലീം ലീഗ് നേതാവും മുന്‍ രാജ്യസഭാംഗവുമായ അബ്ദുള്‍ വഹാബ് കേരളീയം എന്ന സംഘടനക്ക് ഗ്രാമ പഞ്ചായത്തുകള്‍ പണം നല്‍കണമെന്നാണ് ഉത്തരവ്.
സി എച്ച് മുഹമ്മദ്‌കോയ ട്രസ്റ്റിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവ് വിവാദമായി ദിവസങ്ങള്‍ക്കകം തന്നെയാണ് മുനീര്‍ വീണ്ടും വിവാദമായേക്കാവുന്ന നിര്‍ദേശത്തില്‍ ഒപ്പുവച്ചത്.
ഉത്തരവില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാത്രമേ പണം നല്‍കാവൂ എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പണം നല്‍കാന്‍ പഞ്ചായത്തുകളെ നിര്‍ബന്ധിച്ചിട്ടില്ല. ഭരണസമിതികളാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടു്‌ക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
എച്ച്‌ഐവി ബാധിതരായ കുട്ടികള്‍ക്ക് സാമ്പത്തികം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്ന സംഘടനയാണ് കേരളീയം. എന്നാല്‍ സാമൂഹികക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ബാധ്യതയുള്ള മറ്റ് പല സംഘടനകളേയും പിന്‍തള്ളിയാണ് ലീഗ് ബന്ധമുള്ള സംഘടനയ്ക്ക് പണം നല്‍കാന്‍ ഉത്തരവിട്ടതെന്നാണ് ആക്ഷേപം. പണം നല്‍കാന്‍ പഞ്ചായത്തുകളെ നിര്‍ബന്ധിക്കില്ലെന്ന് മന്ത്രി പറയുമ്പോഴും മന്ത്രിയുടെ ഉത്തരവ് പാലിക്കാന്‍ പഞ്ചായത്ത് ഭരണസമിതികളില്‍ സമ്മര്‍ദ്ദം ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.





























