മുംബൈ: മഹാരാഷ്ട്ര സെക്രട്ടേറിയറ്റ് തീപിടിത്തം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ അറിയിച്ചു. സംഭവത്തിന് പിന്നിലെ അട്ടിമറി സാധ്യത സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല. ഭീകരാക്രമണ പദ്ധതിയുടെ ഭാഗമാണോ എന്നും സംശയിക്കുന്നുണ്ട്.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട രണ്ടുലക്ഷം നിര്‍ണായക ഫയലുകള്‍ കത്തിനശിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. വിവാദമായ ആദര്‍ശ് ഫ്‌ളാറ്റിനെ സംബന്ധിച്ച രേഖകള്‍ സൂക്ഷിച്ചിരുന്ന ഓഫീസും കത്തി നശിച്ചവയില്‍ ഉള്‍്‌പ്പെടുന്നു. മുഖ്യമന്ത്രി വെള്ളിയാഴ്ച രാവിലെ സംഭവസ്ഥലം സന്ദര്‍ശിച്ചു.
തെക്കന്‍ മുംബയില്‍ സ്ഥിതി ചെയ്യുന്ന മന്ത്രാലയ കെട്ടിടത്തിന്റെ നാലാം നിലയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തെ തുടര്‍ന്ന് അഞ്ചു പേര്‍ മരിച്ചിരുന്നു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. തീയണയ്ക്കാനായി 50 ഫയര്‍ എന്‍ജിനുകളും നാലു ഹെലികോപ്റ്ററുകളും സംഭവ സ്ഥലത്തെത്തിയിരുന്നു.
എന്‍.സി.പി മന്ത്രി ബബന്‍ റാവു പച്ച്പുതെയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നാണ് തീ പടര്‍ന്നത്. എട്ടു നിലയുള്ള കെട്ടിട സമുച്ചയത്തിന്റെ നാലാം നില മുതല്‍ മുകളിലോട്ടുള്ള എല്ലാ നിലകളും പൂര്‍ണമായും കത്തി നശിച്ചു. മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ ഓഫീസും അഗ്നിക്കിരയായി.





























