ഗുഡ്‌ഗാവ്: കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരി മഹി ഉപദ്ധ്യായ മരിച്ചു. 80 മണിക്കൂറിനു ശേഷം കുട്ടിയെ പുറത്തെടുത്തു എങ്കിലും ജീവന്‍ ര്‌കഷിക്കാനായില്ല. പുറത്തെടുത്ത ഉടനെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയാണ് ചെയ്‌തിരുന്നത്. മൂന്നു ദിവസം മുമ്പാണ് 70 അടി താഴ്‌ചയുള്ള കുഴല്‍ക്കിണറിലേക്ക് മഹി വീണത്.
രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുമ്പോള്‍ 86 നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ആണ് കുട്ടിയെ പുറത്തെടുക്കാനായത്. സൈന്യവും എന്‍എസ്‌ജിയും സംയുക്തമായി ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കുട്ടിയുടെ പുറത്തെടുത്ത ഉടനെ ആശുപത്രിയിലേക്ക് കൊണ്ടു പോയി എങ്കിലും കുട്ടിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഒരു സൂചനയും പുറത്തു വിട്ടിരുന്നില്ല. ഗുഡ്‌ഗാവിലെ സൈനിക ആശുപത്രിയിലേക്കാണ് പുറത്തെടുത്ത ഉടനെ കുട്ടിയെ കൊണ്ടു പോയത്.
കുട്ടിയുടെ പിറന്നാള്‍ ദിനത്തിന്റെ തലേ ദിവസമാണ് കുഴല്‍ക്കിണറിലേക്ക് വീണത്. കുട്ടി വീണ കിണറിന് സമാന്തരമായി മറ്റൊരു കുഴി തീര്‍ത്താണ് കുട്ടിയെ അശ്രാന്ത പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തത്.
കുഴിയില്‍ വീണ് ആദ്യ രണ്ട് മണിക്കൂര്‍ മാത്രമാണ് കുട്ടിയില്‍ നിന്നും പ്രതികരണം ഉണ്ടായിരുന്നത്. എന്നാല്‍ കുട്ടിയെ പുറത്തെടുക്കും വരെ കുട്ടിക്ക് ശ്വസിക്കാന്‍ ആവശ്യമായ ഓക്‌സിജന്‍ എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിരുന്നു.





















