കീവ്: യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ സ്‌പെയിന്‍ പോര്‍ച്ചുഗലുമായും വ്യാഴാഴ്ചത്തെ രണ്ടാമത്തെ സെമിയില്‍ മുന്‍ ലോകചാംപ്യന്മാരായ ജര്‍മനിയും ഇറ്റലിയും ഏറ്റുമുട്ടുമ്പോള്‍ പുല്‍ മൈതാനങ്ങള്‍ക്ക് തീപിടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഇറ്റലിയാണ് അവസാനമായി സെമിയില്‍ ഇടം പിടിച്ചത്. നിശ്ചിതസമയത്തും അധികസമയത്തും ഇംഗ്ലണ്ടുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനെതുടര്‍ന്ന് നടന്ന പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് ജയിച്ചുകയറുകയായിരുന്നു. പ്രതിരോധത്തിന്റെ ആശാന്മാരായ ഇറ്റലി ഇംഗ്ലണ്ടിനെതിരേ ആക്രമിച്ചു കളിച്ചു നേടിയ വിജയം കൂടിയായിരുന്നു ഇത്.
2008ലെ ഫൈനല്‍ ആവര്‍ത്തിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ഫൈനലില്‍ ജര്‍മനിയും സ്‌പെയിനുമാണ് ഏറ്റുമുട്ടിയത്. ഗ്രീസിനെ 4-2നു തോല്‍പ്പിച്ചാണ് ജര്‍മനി സെമിയിലെത്തിയത്. അതേ സമയം ഫ്രാന്‍സിനെ ഏകപക്ഷീയമായ രണ്ടു ഗോളിനു മുട്ടുകുത്തിച്ചാണ് സ്‌പെയിനിന്റെ വരവ്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇരുടീമുകളും വീണ്ടും മുഖാമുഖമെത്തും.
പരാജയമറിയാതെ യൂറോ കപ്പിലേക്ക് യോഗ്യത നേടിയ സ്‌പെയിന്‍ തന്നെ കിരീടം നേടണമെന്നതാണ് അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ആഗ്രഹം. സൂപ്പര്‍താരം ക്രിസ്റ്റാനോ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗലാണ് സ്‌പെയിനിന്റെ എതിരാളിയെന്നതുകൊണ്ട് എല്ലാം കാത്തിരുന്നു കാണാം.





























