തിരുവനന്തപുരം: പത്രങ്ങളിലും മറ്റും ദിനംപ്രതി വരുന്ന പരസ്യങ്ങളില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മുഖം കണ്ട് താന്‍ വശം കെട്ടിരിയ്ക്കുകയാണെന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ള. നടി കാവ്യ മാധവന്റെ മുഖമാണെങ്കില്‍ ഇത്രത്തോളം അലര്‍ജി തനിയ്ക്കുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച ഡോ, പിന്റോ അനുസ്മരണ ചടങ്ങിലായിരുന്നു പുനത്തില്‍ തന്റെ തനതായ ശൈലിയില്‍ സദ്ദസ്സിനെ പൊട്ടിച്ചിരിപ്പിച്ചത്. മമ്മൂട്ടിയുമായി ഇപ്പോഴും സൗഹൃദമുണ്ട്. അദ്ദേഹത്തിന്റെ ചെമ്പിലെ വീട്ടിലും മറ്റും പോയിട്ടുമുണ്ട്. പ്രാകൃതമായ രീതിയിലെ വീടും പരിസരവുമൊക്കെയാണ്. ഇപ്പോ ഭാവിയ്ക്കുന്ന പോലൊന്നും കാണിയ്‌ക്കേണ്ട ആവശ്യം മമ്മൂട്ടിയ്ക്കില്ല.
പക്ഷേ മകന് ദുല്‍ഖര്‍ സല്‍മാനെന്ന പേര് ഇടേണ്ട ആവശ്യം മമ്മൂട്ടിയ്ക്കുണ്ടോ ഒരു സാധാരണ പേര് ഇടേണ്ട ആവശ്യമല്ലേ ഉള്ളൂ. പക്ഷേ ഇടില്ല, നാട്ടിലെങ്ങും ഇല്ലാത്ത പേരേ ഇടൂ-മമ്മൂട്ടിയെക്കുറിച്ചുള്ള പുനത്തിലിന്റെ അഭിപ്രായങ്ങള്‍ ഇങ്ങനെ പോയി.
മോഹന്‍ലാലുമായി വലിയ അടുപ്പമൊന്നുമില്ല. ഒരു ചടങ്ങില്‍ വച്ച് കണ്ടിട്ടുണ്ട്. തൊട്ടടുത്ത് പ്രസംഗിക്കാന്‍ വരുന്ന ആളിന് ലാലിനെക്കാള്‍ പൊക്കക്കുറവ് ഉണ്ടായിരുന്നതിനാല്‍ മൈക്ക് താഴ്ത്തി വച്ചുകൊടുക്കുന്നത് കണ്ടു. അത് നല്ല കാര്യമാണ്. രണ്ടാളും നല്ല കഴിവുള്ളവര്‍ തന്നെയാണ്. എന്നാലും ചില പിഴവുകള്‍ ചൂണ്ടിക്കാണിച്ചുവെന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.





























