കോഴിക്കോട്: കേരളത്തെ ഇളക്കിമറിച്ച ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം അവസാനിപ്പിയ്ക്കാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കേസില്‍ പുതിയ തെളിവുകള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കുറ്റപത്രം തയ്യാറാക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
അടുത്ത മാസം 15നകം പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കും. കുറ്റപത്രം തയാറാക്കാനുള്ള നടപടികള്‍ അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. ടി.പി.ചന്ദ്രശേഖരനെ വധിച്ച കൊലയാളി സംഘത്തിലെ ഏഴുപേരാണ് പ്രതിപ്പട്ടികയിലെ ആദ്യപേരുകാരെന്നാണ് അറിയുന്നത്.
പുതിയ തെളിവുകള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകില്ലെന്നും അന്വേഷണസംഘം സൂചന നല്‍കിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനനില്‍ നിന്ന് കേസിലെ ഉന്നത ബന്ധം പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്ന കൂടുതല്‍ തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ലഭ്യമായ വിവരങ്ങള്‍ വെച്ച് അന്വേഷണസംഘം കുറ്റപത്രം തയാറാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
2012 മെയ് നാലിനാണ് ചന്ദ്രശേഖരന്‍ അക്രമികളുടെ വെട്ടേറ്റ് മരിച്ചത്. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കൊല നടന്നതെന്ന് ആരോപണമുയര്‍ന്നതോടെ കേസ് വന്‍വിവാദമായി മാറിയത്. ടിപിയെ വധിയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം നേരിട്ട സിഎച്ച് അശോകന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചതും പ്രത്യേക അന്വേഷണസംഘത്തിനേറ്റ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. കുറ്റപത്രം നല്‍കാന്‍ വൈകിയാല്‍ കേസിലെ മറ്റുപ്രതികള്‍ക്കും ജാമ്യം ലഭിയ്ക്കാന്‍ സാധ്യതകള്‍ ഏറെയാണ്.





















