ഗുവാഹട്ടി: രാത്രി സുഹൃത്തിനൊപ്പം പുറത്തിറങ്ങിയ ഇരുപതുകാരിയെ ജനക്കൂട്ടം മര്‍ദിച്ച സംഭവത്തില്‍ പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ക്കു പങ്കുണ്ടെന്ന് ആരോപണം. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അമ്പതോളം വരുന്ന ജനക്കൂട്ടം പെണ്‍കുട്ടിയെ നടുറോഡില്‍ ആക്രമിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട ന്യൂസ്‌ലൈവ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഗൗരവ് ജ്യോതി നിയോഗ് ആക്രമണം നടത്തിയ ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാതെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്തതെന്നു വിവരാവകാശ പ്രവര്‍ത്തകനും അണ്ണാ ഹസാരെ സംഘാംഗവുമായ അഖില്‍ ഗോഗോയ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
സംഭവസ്ഥലത്തു റിപ്പോര്‍ട്ടര്‍ ഉണ്ടായിരുന്നെന്നും ആക്രമിസംഘത്തോടു വെളിച്ചമുള്ളിടത്തേക്കു പെണ്‍കുട്ടിയെ മാറ്റി നിര്‍ത്തി ആക്രമിക്കാനും ആവശ്യപ്പെട്ടതായാണു ഗോഗോയുടെ ആരോപണം. പിന്തിരിയാന്‍ ശ്രമിച്ച അക്രമികളോട് ആക്രമണം നടത്താന്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെട്ടതായും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആരോപണങ്ങളെ തുടര്‍ന്ന് ചാനല്‍ റിപ്പോര്‍ട്ട് നിയോഗ് ഞായറാഴ്ച രാജി സമര്‍പ്പിച്ചു. ആരോപണങ്ങള്‍ തെറ്റെന്ന് തെളിയുന്നത് വരെ മാറിനില്‍ക്കാനാണ് രാജിവച്ചതെന്നും കേസിന്റെ വിചാരണയ്ക്ക് ഇത് സഹായകമാവുമെന്നും നിയോഗ് വ്യക്തമാക്കി.
എന്നാല്‍, ന്യൂസ് ലൈവ് അഖില്‍ ഗോഗോയിയുടെ പ്രവര്‍ത്തനങ്ങളെ നേരത്തെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് ആരോപണത്തിനു പിന്നിലെന്നു ചാനല്‍ എഡിറ്റര്‍ സരീര്‍ ഹുസൈന്‍ വ്യക്തമാക്കി. ചാനല്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിയോഗ് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന രംഗങ്ങളുണെ്ടന്നും ഇവ കൃത്യമായി എഡിറ്റു ചെയ്ത ശേഷമാണു സംപ്രേക്ഷണം ചെയ്തതെന്നും ചാനല്‍ അധികൃതര്‍ അവകാശപ്പെട്ടു.
സംഭവുമായി ബന്ധപ്പെട്ടു പോലീസ് ഏഴു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 11 പേരെ കൂടി പോലീസ് പ്രതിചേര്‍ത്തു.





























