തിരുവനന്തപുരം: ടി.വി. രാജേഷ് എംഎല്‍എയുടെ ഫോണ്‍ ചോര്‍ത്തിയ ആരോപണത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ അവകാശ ലംഘന നോട്ടീസ്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്.
ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെടുത്തി പി. ജയരാജന്റെയും ടി.വി. രാജേഷിന്റെ ഫോണ്‍കോളുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോര്‍ത്തിയതായാണ് ആരോപണം. ഫോണ്‍ സംഭാഷണത്തിന്റെ ഭാഗങ്ങള്‍ ചോദ്യം ചെയ്യലിനിടെ പോലീസ് കേള്‍പ്പിച്ചതായി ടി.വി. രാജേഷ് പറഞ്ഞിരുന്നു. തന്റെ മണ്ഡലത്തിലെ സിപിഐ എം കണ്ണപുരം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ടി വി ലക്ഷ്മണനുമായി ഫോണില്‍ സംസാരിച്ചത് പൊലീസ് ടേപ്പ് ചെയ്തത് നേരിട്ടു കേള്‍പ്പിച്ചെതന്നാണ് രാജേഷ് വെളിപ്പെടുത്തിയത്.
പ്രതിപക്ഷ എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് രേഖാമൂലം നല്‍കിയ മറുപടിയില്‍ ഫോണ്‍ ചോര്‍ത്തല്‍ അതീവ രഹസ്യമായ നടപടിയാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കഴിയില്ലെന്നുമാണ് ആഭ്യന്തരമന്ത്രി സഭയില്‍ അറിയിച്ചത്. സഭയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ മന്ത്രി മറുപടി നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.
ടി.വി രാജേഷ് എംഎല്‍എയുടെ ഫോണ്‍ ചോര്‍ത്തല്‍ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. ഫോണ്‍ ചോര്‍ത്തലിനെതിരെ എളമരം കരീം സ്പീക്കര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്. എംഎല്‍എമാരുടെയും പ്രതിപക്ഷ രാഷ്ട്രീയനേതാക്കളുടെയും ടെലിഫോണ്‍ ചോര്‍ത്തുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയമസഭാ സമിതിയെ നിയോഗിക്കണമെന്ന്് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.





















