തിരുവനന്തപുരം: വിഎം സുധീരനെ തൊണ്ണന്‍ മാക്രിയെന്ന് വിശേഷിപ്പിച്ച എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. വെള്ളാപ്പള്ളിയുടെ പ്രസ്താവന മാന്യതയില്ലാത്തതാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാരുമായ പിസി വിഷ്ണുനാഥ്, വിടിബല്‍റാം എന്നിവര്‍ പറഞ്ഞു.
വെള്ളാപ്പള്ളി അദ്ദേഹത്തിന്റെ പദവിയ്ക്ക് നിരക്കുന്ന രീതിയില്‍ സംസാരിക്കണം. കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ജാതിമത നേതാക്കള്‍ ഇടപെടേണ്ട ആവശ്യമില്ല. സുധീരന്റെ പ്രസംഗത്തിന് ലഭിച്ച കയ്യടി തന്നെ അദ്ദേഹത്തിന്റെ നിലപാടിനുള്ള അംഗീകാരമാണെന്നും വിടി ബല്‍റാം പറഞ്ഞു.
വിഎം സുധീരന്‍ തൊണ്ണന്‍ മാക്രിയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നു. താനാണ് ആരെക്കാളും വലുതെന്ന് സ്വയം പറഞ്ഞ് വീര്‍ക്കുന്ന മാക്രിയാണ് സുധീരന്‍. ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കാനാണ് സുധീരന്റെ ശ്രമം. പുതിയ തലമുറയിലെ മന്ത്രിമാരോടും നേതാക്കളോടും സുധീരന് അസൂയയാണ്. പട്ടിയെ കടിച്ചും വാര്‍ത്ത സൃഷ്ടിക്കാനാണ് ശ്രമം. സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പോലും സുധീരന്‍ വിമര്‍ശിക്കും. ആരെയും അംഗീകരിക്കില്ലെന്ന സംസ്‌കാരക്കുറവ് സുധീരനെ നശിപ്പിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.





























