തിരുവനന്തപുരം: ടിഎന്‍ പ്രതാപന്‍ എംഎല്‍എയ്‌ക്കെതിരെ പിസി ജോര്‍ജ് നടത്തിയ സമുദായ പരാമര്‍ശം വിവാദമാവുന്നു. ജോര്‍ജിന്റെ പരാമര്‍ശം തെറ്റായിപ്പോയെന്ന് കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയും ശാസ്ത്ര സാഹിത്യകാരന്‍ ആര്‍ വി ജി മേനോനും അഭിപ്രായപ്പെട്ടു. അധികാരക്കസേരയിലിരുന്ന് എന്തും പറയാമെന്ന് പിസി ജോര്‍ജ് കരുതരുത്. ജോര്‍ജിന്റെ വാക്കുകള്‍ മൂര്‍ച്ചയേറിയതും അസ്വാസ്ഥ്യമുണ്ടാക്കുന്നതുമാണെന്നും സുഗതകുമാരി പറഞ്ഞു.
ജോര്‍ജിന്റെ സമുദായ പരാമര്‍ശം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് ടിഎന്‍ പ്രതാപന്‍ എംഎല്‍എ പ്രതികരിച്ചു
നെല്ലിയാമ്പതി എസ്‌റ്റേറ്റ് വിവാദത്തില്‍ ടിഎന്‍ പ്രതാപന്‍ എംഎല്‍എ ഇടപെടേണ്ടെന്നാണ് പിസിജോര്‍ജ് പറഞ്ഞത്. ധീവര സമുദായാംഗമായ ടി എന്‍ പ്രതാപന്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിന് മുന്‍ഗണന നല്‍കിയാല്‍ മതി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങളെപ്പോലുള്ളവരുണ്ടെന്നും ജോര്‍ജ്ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ടിഎന്‍ പ്രതാപന്റെ ലേഖനം വനംവകുപ്പുദ്യോഗസ്ഥര്‍ക്ക് ചുമരെഴുതിയ പോലെയുണ്ട്. താന്‍ കര്‍ഷകന്റെ മകനാണ്. അതുകൊണ്ടാണ് കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നത്. കെപിസിസി പ്രസിഡന്റിനേക്കാള്‍ വലിയ ചുമതലയുള്ള ആളെന്ന നിലയില്‍ പ്രതാപന്‍ കൂടുതല്‍ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നീണ്ടകരയിലടക്കം കഴിഞ്ഞ 25 വര്‍ഷമായി മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ധീവരനായ ടിഎന്‍ പ്രതാപന്‍ തയ്യാറാവണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കേരളത്തിന്റെ പൊതുമുതല്‍ കൊള്ളയടിക്കാന്‍ ആര് കൂട്ടുനിന്നാലും അവര്‍ക്കെതിരെ താന്‍ പ്രതികരിക്കുമെന്നായിരുന്നു ഇതിനോട് ടിഎന്‍ പ്രതാപന്റെ പ്രതികരണം. ജനങ്ങളെ സാമുദായികവല്‍ക്കരിക്കാനുള്ള ശ്രമം നടത്തുന്നവര്‍ക്ക് ജനങ്ങള്‍ തന്നെ മറുപടി പറയും. അവസാനശ്വാസവരേയും മണ്ണിനും മനുഷ്യനും മരങ്ങള്‍ക്കും തണ്ണീര്‍ത്തടത്തിനും വേണ്ടി നിലകൊള്ളുമെന്നും പ്രതാപന്‍ പ്രതികരിച്ചു.





























